കാസര്‍കോട്:(www.evisionenws.in) കൂഡ്‌ലു ബാങ്ക് കൊള്ളയടിച്ച കേസിലെ പ്രതികളായ ചൗക്കി കല്ലങ്കൈ സ്വദേശിയും പച്ചമ്പള കല്‍പാറയില്‍ താമസക്കാരനുമായ ഷരീഫ്(38), ചൗക്കിയിലെ കരീം (32) എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇവരെ തെളിവെടുപ്പിനായി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോകും. ഷരീഫിന്റെയും കരീമിന്റെയും നേതൃത്വത്തില്‍ മുഖ്യപ്രതികളായ അഞ്ചുപേര്‍ ചേര്‍ന്ന് ബാങ്ക് കൊള്ളക്ക് ഏതാനും ദിവസം മുമ്പ് സി.പി.സി.ആര്‍.ഐക്ക് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തില്‍ ഗൂഢാലോചന നടത്തിയതായി പ്രതികളെ നേരത്തെ ചോദ്യം ചെയ്തപ്പോള്‍ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഷരീഫിനേയും കരീമിനേയും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.
കേസ് അന്വേഷിക്കുന്ന കാസര്‍കോട് സി.ഐ പി.കെ സുധാകരന്റെ നേതൃത്വത്തില്‍ പ്രതികള്‍ ഗുഢാലോചന നടത്തിയെന്ന് പറയുന്ന സ്ഥലങ്ങളിലുള്‍പ്പെടെ തെളിവെടുപ്പ് നടത്തും. കേസിലെ മുഖ്യപ്രതികളായ ചൗക്കിയിലെ മുജീബി(27)നേയും കൊച്ചി സ്വദേശി ഫെനിക്‌സ് നെറ്റോ എന്ന ജോമോനേയും ഒരാഴ്ച മുമ്പ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഗൂഢാലോചന അടക്കമുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ഇവരില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. മൊഗ്രാല്‍പുത്തൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമീണ ബാങ്ക് കൊള്ളയടിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ സംഘത്തിനെതിരെ കേസെടുത്തിരുന്നു.
Post a Comment
0 Comments