കാസര്‍കോട് (www.evisionnews.in): കെ.എസ്.ആര്‍.ടി.സി പരിസരത്ത് ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റ സംഭവത്തെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങളുടെ പേരില്‍ പോലീസ് ഏര്‍പ്പെടുത്തുന്ന നിയന്ത്രണം ജനങ്ങളില്‍ ആശങ്ക പടര്‍ത്തുന്നു. ഓട്ടോ ഡ്രൈവര്‍ സന്ദീപിനെ കുത്തിയ അക്രമികളെ ഇതവരെ പിടികൂടാനോ പ്രതികളാരാണെന്ന് തിരിച്ചറിയാനോ സാധിക്കാത്തപ്പോഴാണ് പോലീസ് ജനങ്ങളുടെ വലയ്ക്കുന്ന നടപടികള്‍ ഏകപക്ഷീയമായി നടപ്പാക്കുന്നതായി പൊതു സമൂഹത്തില്‍ അഭിപ്രായമുയരുന്നത്.
പോലീസ് സ്‌റ്റേഷന്റെ മൂക്കിന് താഴെയാണ് സന്ദീപിന് കുത്തേറ്റത്. പോലീസ് തന്നെയാണ് കുത്തേറ്റ് ഗുരുതരനിലയിലായിരുന്ന സന്ദീപിനെ ആശുപത്രിയിലെത്തിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ സംഭവത്തെ തുടര്‍ന്ന് നഗരത്തിലെയും പരിസരങ്ങളിലെയും ഓട്ടോ ഡ്രൈവര്‍മാര്‍ ഭീതിയിലാണ്. അത് കൊണ്ട് തന്നെയാണ് യൂണിയന്‍ വ്യത്യാസം മറന്ന് തങ്ങള്‍ക്ക് സുരക്ഷിതരായി തൊഴിലെടുക്കാനുള്ള അവസരമൊരുക്കാന്‍ റിക്ഷാ തൊഴിലാളികളുടെ കൂട്ടായ്മ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത്.
ഇതിന്റെ മറവിലാണ് നഗരത്തില്‍ ഏതോ ഭയങ്കര സംഭവം നടന്ന തരത്തില്‍ പോലീസ് കടുത്ത നടപടികളുമായി പോലീസ് ജനങ്ങളില്‍ ഭീതി പരത്തുന്നത്. വ്യാഴാഴ്ച വൈകിട്ട് മുതല്‍ പോലീസിന്റെ വാഹനപരിശോധനയാണെങ്ങും. മുന്നറിയിപ്പില്ലാതെ ഉണ്ടായ ഈ നടപടി ജനത്തെ ശരിക്കും വലച്ചുകളഞ്ഞു.
അക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ അതിന്റെ മൂല കാരണം കണ്ടെത്തി ശക്തമായ നടപടി പോലീസ് സ്വീകരിക്കാത്തത് മൂലമാണ് നഗരത്തില്‍ അക്രമം കാലങ്ങളായി ആവര്‍ത്തിക്കുന്നത്. ഏറ്റവുമൊടുവില്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ കയറി മദ്യപസംഘം അഴിഞ്ഞാടിയപ്പോള്‍ തകര്‍ന്നുവീണത് നഗരത്തിലെ ക്രമസമാധാനവും പോലീസിലുള്ള വിശ്വാസവുമാണ്. അനധികൃത മദ്യവ്യാപാരവും കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ വില്‍പ്പനയും കാസര്‍കോട്, വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ തഴച്ചു വളര്‍ന്നിട്ടും ഇതിന് കൂച്ചുവിലങ്ങിടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അതിനിടെയാണ് കത്തിക്കുത്തും വധശ്രമങ്ങളും ആവര്‍ത്തിച്ച് ജനങ്ങള്‍ ഒന്നടങ്കം ഭീതിയുടെ മുള്‍മുനയില്‍ തളച്ചിടപ്പെടുന്നത്.
നഗരത്തില്‍ കുഴപ്പമുണ്ടാക്കുന്നവരെ ഒറ്റപ്പെടുത്താന്‍ പോലീസിന്റെയും രാഷ്ട്രീയ കക്ഷികളുടെയും മതസംഘടനകളുടെയും നേതൃത്വത്തില്‍ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം. അക്രമികളെ കൂട്ടുനില്‍ക്കുന്ന നേതാക്കളെ സമൂഹ മധ്യത്തില്‍ തുറന്നുകാട്ടുകയും വേണം. അതിനിടെ വധശ്രമത്തിനിരയായ സന്ദീപിന്റെ ആരോഗ്യ നില തൃപ്തികരമായി പുരോഗമിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
Post a Comment
0 Comments