Type Here to Get Search Results !

Bottom Ad

സിംഗാളിന്റെ വിലാപയാത്രയ്ക്കിടെ ‘ഗോമാത’യ്ക്ക് വിഎച്ച്പിയുടെ ചവിട്ടും തൊഴിയും


ലക്‌നൗ: (www.evisionnews.in) വി.എച്ച്.പി നേതാവ് അശോക് സിംഗാളിന്റെ ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള യാത്രയ്ക്കിടെ വഴിയില്‍ തടസം സൃഷ്ടിച്ച പശുക്കളെ വി.എച്ച്.പി പ്രവര്‍ത്തകര്‍ ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചിതാഭസ്മവുമായി പോകുന്ന വി.എച്ച്.പി പ്രവര്‍ത്തകര്‍ ‘ഗോമാത’യെ ചവിട്ടിയോടിക്കുന്ന ദൃശ്യങ്ങളുള്‍പ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. ചിതാഭസ്മവും വഹിച്ചുള്ള യാത്ര ആരംഭിച്ച ഹുസൈന്‍ഖഞ്ചിലെ റാം ഭവനു സമീപത്താണ് സംഭവം നടന്നത്. മിനിബസ് കൊണ്ട് തയ്യാറാക്കിയ രഥത്തിലായിരുന്നു ചിതാഭസ്മവും വഹിച്ചുള്ള യാത്ര. രഥം ചെറിയൊരു വളവിലെത്തിയപ്പോള്‍ അതിനരികിലായി പശുക്കളുണ്ടായിരുന്നതിനാല്‍ മിനി ബസിനു ടേണ്‍ ചെയ്യാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നാണ് പശുക്കളെ ഓടിക്കുന്നതിനായി ചില വി.എച്ച്.പി പ്രവര്‍ത്തകര്‍ ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തത്. 

പശുക്കളെ സംരക്ഷിക്കാനും അവയുടെ എണ്ണം വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തുമെന്നും പശു ‘മാതാവ്’ ആണെന്നും പൊങ്ങച്ചം പറയുന്നവര്‍ തന്നെ അതിനെ ആക്രമിക്കുന്ന കാഴ്ചയാണ് റാലിക്കിടെ കണ്ടത്. പശുക്കള്‍ക്കെതിരെയുള്ള ക്രൂരത ആരോപിച്ച് ഹിന്ദു വര്‍ഗീയ വാദികള്‍ കൊലപാതകവും ആക്രമണവും നടത്തുന്ന സംഭവങ്ങള്‍ അടുത്തിടെ ഏറെയുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗോസംരക്ഷണത്തിനുവേണ്ടി പ്രസംഗിക്കുന്ന വി.എച്ച്.പി തന്നെ അവയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ചര്‍ച്ചയായിരിക്കുന്നത്.

സംഭവം വിവാദമായതോടെ ഖേദപ്രകടനവുമായി വി.എച്ച്.പി രംഗത്തെത്തിയിട്ടുണ്ട്. വി.എച്ച്.പിയുടെ ലക്‌നൗ സെക്രട്ടറി രാസ് ബിഹാരി സംഭവത്തില്‍ ഖേദം അറിയിച്ചു. വി.എച്ച്.പി പ്രവര്‍ത്തകര്‍ക്കു സംഭവിച്ച കയ്യബദ്ധമായാലും ഇത് അപലപനീയമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഏതെങ്കിലും വി.എച്ച്.പി അംഗത്തിനു ഇതില്‍ പങ്കുണ്ടെന്നു വ്യക്തമായാല്‍ അയാള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഹിന്ദുത്വ സംഘടനകള്‍ അറിയിച്ചു. തങ്ങളെ സംബന്ധിച്ച് പശു എല്ലായ്‌പ്പോഴും പാവനമായ ജീവിയാണെന്ന് വി.എച്ച്.പി വക്താവ് ശരദ് ശര്‍മ്മ വ്യക്തമാക്കി. തങ്ങളൊരിക്കലും പശുവിനോട് അനാദരവ് കാണിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. രാം ഭവനില്‍ നിന്നും ഐഷ്ഭായിലെ പീലി കോളനിയിലേക്കായിരുന്നു രഥയാത്ര. വഴിയില്‍ നിരവധി സംഘപരിവാര്‍ നേതാക്കള്‍ ചിതാഭസ്മത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ബി.ജെ.പി നേതാവ് ശിവ് പ്രകാശും പാര്‍ട്ടി വക്താവ് ഹാരിഷ് ശ്രീവാസ്തവ ഉള്‍പ്പെടെയുള്ളവരും റാലിയെ സ്വാഗതം ചെയ്തിരുന്നു.

Keywords: lucknow-singal-death-march-gomatha-disrespected-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad