Type Here to Get Search Results !

Bottom Ad

മുനിസിപ്പല്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ബുധനാഴ്ച; ഗ്രാമ,ബ്ലോക്ക് , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് 19നും

evisionnews

കാസര്‍കോട്:(www.evisionnews.in)മുനിസിപ്പല്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് 18 രാവിലെ 11 മണിക്കും വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് രണ്ടിനും നടക്കും. ഗ്രാമ,ബ്ലോക്ക് , ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് 19ന് രാവിലെ 11മണിക്കും വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് രണ്ടുമണിക്കുമാണ് നടക്കുക. 
ഓപ്പണ്‍ബാലറ്റ് മുഖേനയായിരിക്കും തെരഞ്ഞെടുപ്പ്. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പിറക് വശത്ത് പേരും ഒപ്പും രേഖപ്പെടുത്തണം. ഏതെങ്കിലും സ്ഥാനത്തേക്ക് ഒരാള്‍ മാത്രമേ മത്സരിക്കുന്നുവെങ്കില്‍ വോട്ടെടുപ്പ് നടത്താതെ അയാള്‍ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും. 
തെരഞ്ഞെടുപ്പിനായുളള യോഗത്തിന്റെ ക്വാറം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ അംഗങ്ങളുടെ പകുതിയെണ്ണം ആയിരിക്കും. ക്വാറം തികയാത്ത പക്ഷം യോഗം അടുത്ത പ്രവൃത്തി ദിവസത്തിലേക്ക് മാറ്റിവെക്കും. മാറ്റിവെച്ച ദിവസം അതേ സ്ഥലത്തും സമയത്തും കൂടുന്ന യോഗത്തില്‍ ക്വാറം നോക്കാതെ തന്നെ തെരഞ്ഞെടുപ്പ് നടത്തും.
സ്ഥാനാര്‍ത്ഥിയെ ഒരാള്‍ നാമനിര്‍ദ്ദേശം ചെയ്ത് മറ്റൊരാള്‍ പിന്താങ്ങണം. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടയാള്‍ യോഗത്തില്‍ ഹാജരാകാത്ത പക്ഷം അയാള്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനുളള സമ്മതപത്രം ഹാജരാക്കണം. ഒന്നില്‍കൂടുതല്‍ പേരുകള്‍ നിര്‍ദ്ദേശിക്കുവാനോ ഒന്നിലധികം ആളുകളെ പിന്താങ്ങുവാനോ പാടില്ല. സ്ത്രീകള്‍ക്കും പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും ആ വിഭാഗത്തിലെ സ്ത്രീകള്‍ക്കും സംവരണം ചെയ്തിട്ടുളള സ്ഥാനങ്ങളില്‍ മത്സരിക്കുന്ന ഒരംഗത്തെ മറ്റൊരു അംഗം സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്യുകയോ പിന്താങ്ങുകയോ ചെയ്യേണ്ടതില്ല. രണ്ടു സ്ഥാനാര്‍ത്ഥികള്‍ മാത്രം മത്സരിക്കുമ്പോള്‍ കൂടുതല്‍ സാധുവായ വോട്ടുകള്‍ നേടിയ ആള്‍ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും. തുല്യവോട്ടുകള്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍ നേടുകയാണെങ്കില്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുപ്പ് നടത്തും. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ രണ്ടിലധികം ഉണ്ടായിരിക്കുകയും ആദ്യത്തെ വോട്ടെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും മറ്റെല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും കൂടി കിട്ടിയ മൊത്തം വോട്ടിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ലഭിക്കാതിരിക്കുകയും ചെയ്യുന്ന പക്ഷം ഏറ്റവും കുറച്ച് വോട്ടുകള്‍ ലഭിച്ച സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുപ്പില്‍ നിന്നും ഒഴിവാക്കും. ഒരു സ്ഥാനാര്‍ത്ഥിക്ക് മറ്റെല്ലാ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന മൊത്തം വോട്ടിനേക്കാള്‍ അധികം വോട്ട് ലഭിക്കുന്നതുവരെ ഈ പ്രക്രിയ തുടരും.
മൂന്നോ അതിലധികമോ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുകയും അതില്‍ രണ്ടോ അതിലധികമോ സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യവോട്ട് ലഭിക്കുന്ന പക്ഷം നറുക്കെടുപ്പ് നടത്തി ലഭിക്കുന്ന പേര് ഒഴിവാക്കേണ്ടതാണ്. അതുപോലെ മൂന്നോ അതിലധികമോ സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യവോട്ട് ലഭിക്കുന്ന പക്ഷം ഇതേ രീതിയില്‍ ഒരാളെ നറുക്കെടുപ്പിലൂടെ ഒഴിവാക്കി വോട്ടെടുപ്പ് തുടരും. ഒന്നിലധികം ഘട്ടങ്ങളിലായി വോട്ടെടുപ്പ് വേണ്ടിവരുമ്പോള്‍ ഓരോ ഘട്ടവോട്ടെടുപ്പിലും വ്യത്യസ്ത തരത്തിലുളള ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കും. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ ചെയര്‍മാന്‍, പ്രസിഡണ്ട് എന്നിവര്‍ വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. വൈസ് ചെയര്‍മാന്‍ ചെയര്‍മാന് മുമ്പാകെയും വൈസ് പ്രസിഡണ്ട് പ്രസിഡണ്ട് മുമ്പാകെയുമാണ് സത്യപ്രതിജ്ഞ ചെയ്യുക. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ഉടന്‍ വരണാധികാരി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാറിനും ബന്ധപ്പെട്ട സ്ഥാപന സെക്രട്ടറിമാര്‍ക്കും നല്‍കും. 


Post a Comment

0 Comments

Top Post Ad

Below Post Ad