Type Here to Get Search Results !

Bottom Ad

നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തത് അന്വേഷിക്കണം :എ അബ്ദുല്‍ റഹ്മാന്‍

കാസര്‍കോട്: (www.evisonnews.in) ജില്ലയിലെ കുറ്റകൃത്യങ്ങള്‍ മനസിലാക്കുന്നതിനും നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന സാമൂഹ്യ ദ്രോഹികളെ തിരിച്ചറിയുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാറും ജനപ്രതിധികളും മുന്‍ കൈയെടുത്ത് രണ്ടു കോടി രൂപയിലേറെ ചെലവില്‍ ഒരു വര്‍ഷം മുമ്പ് സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കാത്തതിനെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

കാസര്‍കോടിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലാ ഭരണകൂടത്തിന്റെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന ജില്ലാതല സമാധാന കമ്മിറ്റിയുടെയും തീരുമാനപ്രകാരം മഞ്ചേശ്വരം, കാസര്‍കോട്, കാഞ്ഞങ്ങാട് എം.എല്‍.എമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 10ലക്ഷം രൂപ വീതവും സംസ്ഥാന സര്‍ക്കാറിന്റെ രണ്ടു കോടി രൂപയും സംയോജിപ്പിച്ചാണ് കെല്‍ട്രോണ്‍ കമ്പനിക്ക് മൂന്നു വര്‍ഷത്തെ അറ്റകുറ്റ പണി കരാറടക്കം കാമറകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയത്. കാസര്‍കോടും പരിസര പ്രദേശങ്ങളിലും അനിഷ്ട സംഭവങ്ങള്‍ അരങ്ങേറുമ്പോഴും കുറ്റ കൃത്യങ്ങള്‍ പെരുകുമ്പോഴും കുറ്റവാളികളെ കണ്ടെത്താന്‍ സഹായകരമാകുമെന്ന് പൊലീസും ജനങ്ങളും വിശ്വസിച്ചിരുന്ന സി.സി.ടി.വി ക്യാമറകള്‍ പലപ്പോഴും പ്രവര്‍ത്തന രഹിതമാണെന്നുളള വിവരമാണ് ലഭിക്കുന്നത്.

കാസര്‍കോട് നഗരത്തില്‍ പത്ത് മാസം മുമ്പ് കടയിലിരിക്കുകയായിരുന്ന ചെറുപ്പക്കാരനെ സ്വന്തം പിതാവിന്റെ മുമ്പില്‍ വെച്ച് അതിദാരുണമായി കൊലപ്പെടുത്തിയപ്പോഴും അടുത്ത ദിവസങ്ങളില്‍ നഗരഹൃദയഭാഗത്ത് രണ്ടു ഓട്ടോ ഡ്രൈവര്‍മാരെ ഇരുട്ടിന്റെ മറവില്‍ അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചപ്പോഴും കോടികള്‍ ചെലവഴിച്ച് സ്ഥാപിച്ച ക്യാമറകള്‍ കണ്ണ് തുറന്നിരുന്നില്ല. കാസര്‍കോടിന്റെ സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനു വളരെ പ്രാധാന്യത്തോടെ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതില്‍ ജനങ്ങള്‍ക്കുള്ള സംശയവും ആശങ്കയും ദൂരീകരിക്കുന്നതിനും കെല്‍ട്രോണ്‍ ഇക്കാര്യത്തില്‍ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അബ്ദുല്‍ റഹ്്മാന്‍ കേരള മുഖ്യമന്ത്രി, വ്യവസായ വകുപ്പ്മന്ത്രി, ആഭ്യന്തര വകുപ്പ് മന്ത്രി എന്നിവര്‍ക്കയച്ച ഫാക്‌സ് സന്ദേശത്തില്‍ ആവശ്യപ്പെട്ടു


Keywords: Kasaragod-stu-abdul-rahman-news-police-cctv-camara

Post a Comment

0 Comments

Top Post Ad

Below Post Ad