Type Here to Get Search Results !

Bottom Ad

നിലവിളക്ക് കൊളുത്താം; ബിസ്മി ചൊല്ലിയിട്ടുമതിയെന്ന് ഇ.കെ വിഭാഗം നേതാവ്


കോഴിക്കോട് (www.evisionnews.in): മുസ്ലിം ലീഗില്‍ വന്‍ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ട നിലവിളക്ക് വിവാദം പുതിയ തലത്തിലേക്ക് മാറുന്നു. നിലവിളക്ക് കൊളുത്തുന്നത് അനിസ്ലാമികമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ തങ്ങള്‍ ഉപാധ്യക്ഷനായ ഇകെ വിഭാഗം സമസ്തയുടെ യുവജനസംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് എംപി മുസ്തഫല്‍ ഫൈസി നല്ല കാര്യങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് ബിസ്മി ചൊല്ലി നിലവിളക്ക് കൊളുത്തിയാല്‍ ഇസ്‌ലാമിക വിരുദ്ധമാവുകയില്ലെന്ന നിലപാടുമായി രംഗത്ത് വന്നു. ഫേസ്ബുക്കിലൂടെയാണ് മുസ്തഫല്‍ ഫൈസി തന്റെ നിലപാട് വ്യക്തമാക്കിയത്.

നിലവിളക്ക് വിവാദത്തില്‍ ലീഗ് നേതാക്കളെ ഉപദേശിക്കുകയും വിരുദ്ധാഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്ത മന്ത്രി എംകെ മുനീര്‍, എംഎല്‍എമാരായ കെഎം ഷാജി, മുനീര്‍, കെ.എന്‍.എ ഖാദര്‍ എന്നിവരെ സമസ്തയുടെ നിയന്ത്രണത്തിലുള്ള സുപ്രഭാതം ദിനപത്രത്തില്‍ ലേഖനമെഴുതി വിമര്‍ശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സംഘടനയിലെ പണ്ഡിത നിരയിലെ പ്രമുഖനായ മുസ്തഫല്‍ ഫൈസി തന്റെ അഭിപ്രായം ഫേസ്ബുക്കില്‍ കുറിച്ചിട്ടത്.

നിലവിളക്ക് കൊളുത്തല്‍ പ്രത്യേക ആചാരമായി കാണുന്ന മതങ്ങളും സംസ്‌കാരങ്ങളുമുണ്ടാകാം. എന്നാല്‍, ഇതര മതങ്ങളെയോ സംസ്‌കാരങ്ങളേയോ ബഹുമാനിച്ചോ അനുകരിച്ചോ അവയോട് തുല്യഭാവം വിചാരിച്ചോ കത്തിക്കുന്നതും കത്തുന്ന വെളിച്ചത്തിലും തീയിലും അനുഗ്രഹം ആഗ്രഹിക്കുന്നതും ഇസ്‌ലാമികമായി തെറ്റാണ്. എന്നാല്‍ ഈ രൂപത്തിലല്ലാതെ നല്ല കാര്യങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി നാട മുറിക്കുക, ബട്ടണമര്‍ത്തി ബോര്‍ഡ് പ്രകാശിപ്പിക്കുക, ബോര്‍ഡിനു മുകളിലെ കവര്‍ശീല മാറ്റുക എന്നിവയോ ഇവയ്ക്കു പകരം ഇതേ ലക്ഷ്യത്തിനു മാത്രം നിലവിളക്കോ മറ്റോ കത്തിക്കുന്നതോ തെറ്റല്ല. പക്ഷെ മുസ്‌ലിം ഇതൊക്കെ ചെയ്യുന്നത് 'ബിസ്മി' ചൊല്ലിയായാല്‍ മതിയെന്നും ഫൈസി തന്റെ പോസ്റ്റില്‍ പറയുന്നു.

ജാറങ്ങളില്‍ വിളക്കുകള്‍ രാത്രി മാത്രമാണ് കത്തിച്ചിരുന്നത്. കൂടുതല്‍ വെളിച്ചത്തിനാണ് അധികം തിരികളും തട്ടുകളുമെന്നും പകല്‍ കത്തിക്കാറില്ലെന്നും ചിലര്‍ പറയുന്നുണ്ട്. മുജ,ജമാദികള്‍ക്ക് ഏണി വെയ്ക്കലാണിത്. ഇരുട്ടത്ത് കണ്ണു കാണാന്‍ മാത്രമാണ് വിളക്കെന്ന ധാരണ ഇവരെ പിടികൂടിയിട്ടുണ്ടെന്നും അത് തിരുത്തിയേ തീരൂ എന്നും മുസ്തഫല്‍ ഫൈസിയുടെ പോസ്റ്റില്‍ ഊന്നിപറയുന്നു. നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നതിനെ എ.പി സുന്നി വിഭാഗത്തിലെ പ്രമുഖ പണ്ഡിതനായ മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫിയും ന്യായീകരിച്ചിരുന്നു.

പോസ്റ്റിന്റെ പൂര്‍ണ രൂപം

നിലവിളക്കില്‍ നില തെറ്റരുത്
കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. സര്‍വ്വ സ്തുതിയും അവനു മാത്രം. അന്ത്യ പ്രവാചകരിലും ബന്ധുമിത്രാദികളിലും സ്വലാത്ത്, സലാം സദാ വര്‍ഷിക്കട്ടെ.

നിലവിളക്ക് നിലവില്‍ ചര്‍ച്ചയാണല്ലോ. കൂടുതല്‍ തട്ടുകളുള്ളതും നിലത്തു വെയ്ക്കുന്നതുമാണ് നിലവിളക്ക്. നിലവിളക്ക് കൊളുത്തല്‍ പ്രത്യേക ആചാരമായി കാണുന്ന മതങ്ങളും സംസ്‌കാരങ്ങളുമുണ്ടാകാം. എന്നാല്‍, നിലവിളക്കോ മറ്റോ ആകട്ടെ ഇതര മതങ്ങളെയോ സംസ്‌കാരങ്ങളേയോ ബഹുമാനിച്ചോ അനുകരിച്ചോ അവയോട് തുല്യഭാവം വിചാരിച്ചോ കത്തിക്കുന്നതും കത്തുന്ന വെളിച്ചത്തിലും തീയിലും അനുഗ്രഹം ആഗ്രഹിക്കുന്നതും ഇസ്‌ലാമികമായി തെറ്റാണ്. ഈ രൂപത്തിലല്ലാതെ നല്ല കാര്യങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി നാട മുറിക്കുക, ബട്ടണമര്‍ത്തി ബോര്‍ഡ് പ്രകാശിപ്പിക്കുക, ബോര്‍ഡിനു മുകളിലെ കവര്‍ശീല മാറ്റുക എന്നിവയോ ഇവയ്ക്കു പകരം ഇതേ ലക്ഷ്യത്തിനു മാത്രം നിലവിളക്കോ മറ്റോ കത്തിക്കുന്നതോ തെറ്റല്ല. പക്ഷെ മുസ്‌ലിം ഇതൊക്കെ ചെയ്യുന്നത് 'ബിസ്മി' ചൊല്ലിയാകണം. താന്‍ ഉദ്ഘാടനം ചെയ്യുന്നതും മറ്റും ഇങ്ങനെയാകണമല്ലോ.

എന്നാല്‍ പള്ളി, മഹാത്മാക്കളുടെ ജാറങ്ങള്‍ തുടങ്ങിയ പരിശുദ്ധവും അനുഗ്രഹീതവുമായ സന്നിധാനങ്ങളില്‍ നിലവിളക്കോ മറ്റോ കത്തിക്കലും അവയുടെ പ്രകാശത്തിലും എണ്ണയിലും അനുഗ്രഹം ആസ്വദിക്കലും തെറ്റല്ല. പകലോ രാത്രിയോ എന്ന വ്യത്യാസം ഇവിടെയില്ല. ഇത് പൂര്‍വ്വകാല സാദാത്തുക്കളും സുന്നത്ത് ജമാഅത്തിന്റെ മഹാന്മാരായ പണ്ഡിതന്മാരും ചെയ്തതും അംഗീകരിച്ചതും മുസ്‌ലിം ലോകത്ത് ഇന്നുവരെ തുടര്‍ന്നു പോരുന്നതുമാണ്.

നമ്മുടെ രാജ്യത്ത് പല മതങ്ങളും സംസ്‌കാരങ്ങളുമുണ്ട്. ഇവയുടെ ആചാരങ്ങള്‍ രൂപത്തിലും ഭാവത്തിലും ഒരു പോലെ തോന്നിയേക്കാം. കഅ്ബഃ യുടെ പാര്‍ശ്വഭിത്തിയില്‍ പ്രതിഷ്ഠിക്കപ്പെട്ട ' ഹജറുല്‍ അസ്‌വദ് ' (കറുത്തകല്ല്) ചുംബിച്ചാദരിക്കലും മറ്റും ശിലാരാധനയായി ചിലര്‍ക്കു തോന്നാം. പക്ഷേ മുസ്‌ലിംകള്‍ക്കാര്‍ക്കും ഇങ്ങനെ തോന്നില്ല.

ഇതു പോലെ മുസ്‌ലിം പള്ളി, ജാറങ്ങള്‍ തുടങ്ങിയ പുണ്യ സ്ഥലങ്ങളില്‍ നിലവിളക്ക് കത്തിക്കുന്നതും ഹൈന്ദവാചാരമായി മുസ്‌ലിംകള്‍ കാണുന്നില്ല. തൗഹീദും ശിര്‍ക്കും തിരിച്ചറിയാത്തവര്‍ ആദ്യത്തേത് ബിംബാരാധനയായും രണ്ടാമത്തേത് ഹൈന്ദവാചാരമായും കാണും; കാണുന്നുമുണ്ട്.

ഇസ്‌ലാമിക ചരിത്രത്തില്‍ പള്ളിയില്‍ ആദ്യം വിളക്ക് കൊളുത്തിയത് ഉമറി (റ) ന്റെ നേതൃത്വത്തിലാണ്. കേരളത്തിലെ പള്ളികളിലും ജാറങ്ങളിലും മറ്റും എന്നോ വിളക്കുണ്ട്.കെട്ടിത്തൂക്കുന്നതും നിലത്തു വെയ്ക്കുന്നതും പല തിരികളും തട്ടുകളുമുള്ളതും കൂട്ടത്തില്‍ കാണാം. ഇതൊക്കെ മുന്‍കാല മഹാ പണ്ഡിതരാല്‍ അംഗീകരിക്കപ്പെട്ടതാണ്. ഇതിന്റെ ഭാഗമാണ് പൊന്നാനിയിലെ 'വിളക്കത്തിരിക്കല്‍'. അവിടെ മത ബിരുദത്തിന്റെ പേരു തന്നെ ഇതായിരുന്നു. സീനാ മലയില്‍ പ്രത്യക്ഷപ്പെട്ട ദൈവീക കിരണത്തിന്റെ പശ്ചാത്തലത്തില്‍ മൂസാ (അ) ക്ക് ദിവ്യദര്‍ശനമുണ്ടായത് ചരിത്ര വസ്തുതയാണല്ലോ. ഇത് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.

'ജാറങ്ങളില്‍ വിളക്കുകള്‍ രാത്രി മാത്രമാണ് കത്തിച്ചിരുന്നത്. കൂടുതല്‍ വെളിച്ചത്തിനാണ് അധികം തിരികളും തട്ടുകളും. പകല്‍ കത്തിക്കാറില്ല ' എന്നും മറ്റും ചിലര്‍ പറയുന്നത് മുജ,ജമാദികള്‍ക്ക് ഏണി വെയ്ക്കലാണ്. ഇരുട്ടത്ത് കണ്ണു കാണാന്‍ മാത്രമാണ് വിളക്കെന്ന ധാരണ ഇവരെ പിടികൂടിയിട്ടുണ്ട്. അത് തിരുത്തിയേ തീരൂ.

ട്രാഫിക്ക് സിഗ്‌നലുകള്‍ പകലും പ്രകാശിക്കും. വാഹനങ്ങളുടെ മുന്നിലും പിന്നിലും പകലും രാത്രിയും പ്രകാശിക്കുന്ന ലൈറ്റുണ്ടാകും. ഇതെല്ലാം ചില പ്രത്യേക സന്ദേശങ്ങളും ദിശാ ബോധവും നല്‍കാനാണ്. വൈദ്യുതിയുടെ സാന്നിധ്യമറിയിക്കാന്‍ പകലും 'ഇന്റിക്കെയ്റ്റര്‍' കത്തും. ഇതുപോലെ ജാറങ്ങളില്‍ കത്തുന്ന വിളക്കിനും ചില സന്ദേശങ്ങളും ബോധനങ്ങളുമുണ്ട്. ഇവിടെ ഒരു ആത്മീയ വൈദ്യുതിയുണ്ടെന്നു കാണിക്കുന്ന 'ഇന്റിക്കെയ്റ്ററു'കളാണവ,

മഹാത്മാക്കള്‍ ദൈവീക 'നില'കളും 'നിലപാടു'കളുമുളളവരാണ്. അവര്‍ ജ്ഞാനകേന്ദ്രങ്ങളും ജനങ്ങളുടെ ആദര്‍ശ 'നിലയ'ങ്ങളുമാണ്. ഇതു സൂചിപ്പക്കുന്നതാണ് വിവിധ നിലകളുളള വിളക്കുകള്‍. വിളക്ക് ജ്ഞാനപ്രതീകമാണല്ലോ. അമ്പലങ്ങളിലും മറ്റും ഇത്തരം വിളക്കുകളുളളത് മുസ്്‌ലിംകള്‍ക്കു വിഷയമല്ല. ഓരോരുത്തര്‍ക്കും വ്യത്യസ്ത വീക്ഷണവും ലക്ഷ്യവുമാണുള്ളത്. ' നോമ്പ് മുമ്പുള്ളവര്‍ക്കു നിയമമായ പോലെ നിങ്ങള്‍ക്കും നിയമമായി' എന്ന ഖുര്‍ആനിക സൂക്തം ഇതു സൂചിപ്പിക്കുന്നുണ്ട്. ജൂത, ക്രിസ്ത്യ, ഹിന്ദുക്കള്‍ക്കും മറ്റും നോമ്പുണ്ടല്ലോ. എല്ലാവര്‍ക്കും വ്യത്യസ്ത 'നിയ്യത്തും' പ്രവൃത്തിയുമാണുളളത്.

ഭാരതം പോലെ വിവിധ മതങ്ങളും സംസ്‌കാരങ്ങളുമുള്ള രാജ്യത്ത് താമസിക്കുന്നവര്‍ സൗഹാര്‍ദം കാത്തുസൂക്ഷിക്കണം ഇതിന്റെ ഭാഗമായി അറിഞ്ഞോ അറിയാതെയോ ചില പ്രവര്‍ത്തനങ്ങളും കൂട്ടായ്മകളുമുണ്ടാകും. മറ്റുള്ളവരുടെ ആഘോഷങ്ങളില്‍ സംബന്ധിക്കുക, പ്രത്യേക വസ്ത്രങ്ങള്‍ ധരിക്കുക, പായസങ്ങളും മറ്റും കഴിക്കുക തുടങ്ങിയവയെല്ലാം മേല്‍പറഞ്ഞതിന്റെ ഭാഗമാണ്. ഇങ്ങനെ പങ്കെടുക്കുന്നതിനു മുസ്‌ലിംകള്‍ക്ക് ചില മാനദണ്ഡങ്ങളുണ്ട്. അവ പണ്ഡിതന്‍മാര്‍ ചൂണ്ടിക്കാണിച്ചതാണ്.

ഇതരന്റെ മതത്തേയോ മതാചാരത്തേയോ ഇഷ്ടപ്പെട്ട് അങ്ങനെയൊന്നും ചെയ്യരുത്. അവരുടെ മതചിഹ്നങ്ങള്‍ പ്രചരിപ്പിക്കുകയും അവരോട് തുല്യഭാവം വിചാരിക്കുകയുമരുത്. ഇതൊന്നുമല്ലാതെ സാമൂഹിക സൗഹാര്‍ദത്തിനും വര്‍ഗ്ഗീയ തീവ്രവാദപ്രതിരോധത്തിനും നല്ല ലക്ഷ്യങ്ങള്‍ക്കും വേണ്ടി ആഘോഷാദികളില്‍ സംബന്ധിക്കാം. മുസ്‌ലിംകള്‍ ഓണം ആഘോഷിക്കുന്നത് ശരിയാണോ…? എന്ന ചോദ്യത്തിനു ഇബ്‌നു ഹജര്‍ ഹൈത്തമീ (റ) പറഞ്ഞ മറുപടിയുടെ ഉള്ളടക്കം അതാണ്. ഓണം അമുസ്‌ലിം ആഘോഷമെന്ന നിലയിലായിരുന്നു ഈ ചോദ്യം. ഫത്താവല്‍ കുബ്‌റാ: 4238,239 നോക്കുക.

രാജ്യത്തെ പൊതുപരിപാടികള്‍ വിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യണമെന്ന നിയമമില്ല. അതിനാല്‍ താല്‍പര്യമുള്ളവര്‍ ചെയ്യാം. അല്ലെങ്കില്‍ വേണ്ട. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതു പോലെ തന്നെ. പക്ഷേ മതേതര ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ പേരിലാകണം സത്യപ്രതിജ്ഞ എന്നു വാദിച്ചാല്‍ സുപ്രീംകോര്‍ട്ട് അംഗീകരിച്ചേക്കും. വിളക്കു വിവാദം ഇത്തരം ഒരവസ്ഥയിലേക്കു നയിക്കരുത്. ' വിളക്ക് ' അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ പ്രതിരോധിക്കാന്‍ കോടതിയില്‍ പോകേണ്ടിവരും.

പൂര്‍വ്വകാലത്ത് ഏതെങ്കിലും മതവുമായി ബന്ധപ്പെട്ട ഒരു കാര്യം പില്‍ക്കാലത്ത് രാഷ്ട്രം പൊതുവെ അംഗീകരിച്ചെന്നുവരും. അതോടെ ജനങ്ങളും അംഗീകരിക്കും. ദേശീയ പതാകയിലെ അശോക ചക്രം ഇതിനുദാഹരണമാണ്. ഹിന്ദുമതം വിട്ടു ബുദ്ധമതം വിശ്വസിച്ച അശോക ചക്രവര്‍ത്തി ബുദ്ധമത ചിഹ്നങ്ങളായി നിര്‍മ്മിച്ചതാണ് അശോക ചക്രവും സ്തംഭങ്ങളും.

പിന്നീട് ഇരുപത്തിമൂന്ന് നൂറ്റാണ്ടുകള്‍ക്കു ശേഷം ഈ ചക്രം ഇന്ത്യന്‍ ദേശീയ ചിഹ്നമായി രാജ്യത്തെ ഹിന്ദു മുസ്‌ലിംകളടക്കം ബഹുഭൂരിഭാഗവും അംഗീകരിച്ചു. പക്ഷെ ബുദ്ധമത സ്ഥാപനങ്ങള്‍ എന്ന നിലക്കല്ല. ഇന്ത്യയുടെ മതേതര ജനാധിപത്യ ചിഹ്നമെന്ന നിലയില്‍ മാത്രം. ഇത്തരം നിയ്യത്തുകളും വ്യഖ്യാനങ്ങളുമാണ് മുകളില്‍ പരാമര്‍ശിച്ച ഇബ്‌നു ഹജര്‍ (റ) ന്റെ മറുപടിയില്‍ സൂചിപ്പിക്കുന്നത്. കേരളീയ ചിഹ്നമായ ആനയും ഇങ്ങനെത്തന്നെ. ഇത് ഗണപതി പൂജയായി തള്ളണമോ.? ചിലര്‍ പശുവെ ദൈവമായി വിശ്വസിച്ചു വളര്‍ത്തുന്നതു കൊണ്ടു ആ വിശ്വാസമില്ലാതെ പശു വളര്‍ത്തല്‍ മുസ്‌ലിമിനു ഹറാമല്ലല്ലോ.

ഇനി അടിച്ചേല്‍പ്പിക്കുന്നില്ലെങ്കിലും പൊതുപരിപാടിയില്‍ വിളക്കു കൊളുത്തുന്നതിനെതിരില്‍ ആര്‍ക്കും കോടതിയെ സമീപിക്കാം. പക്ഷേ അവിടെ വിജയിക്കാന്‍ അറിവും ബുദ്ധിയും ന്യായവും വേണം. ഒരു ഉദാഹരണം നോക്കൂ; വിവാഹ മോചിതയായ തനിക്ക് മുന്‍ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കാന്‍ ശാബാനു ബീഗം കോടതിയിലുന്നയിച്ച പ്രധാന തെളിവ് ' വിവാഹ മോചിതകള്‍ക്ക് ജീവനാംശം നല്‍കല്‍ ഭക്തരുടെ ബാധ്യതയാണ് ' എന്ന ഖുര്‍ആന്‍ സൂക്തമാണ്. ജീവനാംശം നിഷേധിച്ച ഭര്‍ത്താവും അനുകൂലികളായ പണ്ഡിതന്മാരും പേഴ്‌സണല്‍ ബോര്‍ഡ് അംഗങ്ങളും ഇതിനു മറുപടിപറഞ്ഞതിങ്ങനെ ' ജീവനാംശം കൊടുക്കാനുള്ള ബാധ്യത ഭക്തര്‍ക്കാണ.് സാധാരണക്കാര്‍ക്ക് ആ ബാധ്യതയില്ല. ഇവിടെ ഭര്‍ത്താവ് സാധാരണക്കാരനാണ്. ' ഇതിനു ശാബാനുവിന്റെ അഭിഭാഷകന്‍ നല്‍കിയ പ്രതികരണം ഭര്‍ത്താവിനെയും കൂട്ടാളികളേയും ബോധം കെടുത്തുന്നതായിരുന്നു. അദ്ദേഹം ചോദിച്ചു; ' ഖുര്‍ആന്‍ ഭക്തര്‍ക്കു മാര്‍ഗ്ഗ ദര്‍ശനമാണ്' എന്നു ഖുര്‍ആനില്‍ തന്നെയുണ്ടല്ലോ. എങ്കില്‍ അതേ ഖുര്‍ആന്‍ സാധാരണക്കാര്‍ക്കു ബാധകമല്ലേ. '

ഈ ചോദ്യം പേഴ്‌സണല്‍ ബോര്‍ഡ് മെമ്പര്‍മാരുടേയും മറ്റു പണ്ഡിതന്മാരുടേയും കേരളത്തില്‍ ശരീഅത്ത് ഐക്യത്തില്‍ പ്രത്യേക താല്‍പര്യം കാണിച്ചവരുടെയും 'മാഗ്‌നാ കാര്‍ട്ട' തകര്‍ത്തെറിഞ്ഞു. അവര്‍ അമ്പേ പരാജയപ്പെട്ടു. ഇന്നും വലിയ സംഖ്യ ജീവനാംശമായി വിവാഹ മോചിതകള്‍ക്ക് നിശ്ചയിച്ചുകൊണ്ടാണ് കോടതികള്‍ വിധി പ്രഖ്യാപിക്കുന്നത്. അതിനാല്‍ പണ്ഡിതന്മാരും നേതാക്കളും നല്ലവണ്ണം ശ്രദ്ധിക്കുക; ചാടി വീഴരുത്. പിന്നിലുള്ളവര്‍ക്ക് രക്ഷിക്കാനാകില്ല.




Keywords: Kozikkod-nilavilakku-news-musthafal-faizy






Post a Comment

0 Comments

Top Post Ad

Below Post Ad