കോഴിക്കോട് (www.evisionnews.in): വ്യാപാരി വ്യവസായി ഏകോപനസമിതി നേതാവ് ടി നസിറുദ്ദീനിന്റെ മനസ്സില്‍ താമരവിരിയുന്നു. സുരേഷ്‌ഗോപിയും തുഷാര്‍ വെള്ളാപള്ളിയും പതിനെട്ടടവ് പയറ്റിയിട്ടും കിട്ടാക്കനിയായി മാറിയ രാജ്യസഭാംഗത്വം എങ്ങനെയെങ്കിലും തരപ്പെടുത്താനുള്ള വന്‍നീക്കങ്ങളാണ് കോഴിക്കോട്ടങ്ങാടിയിലെ പ്രമുഖ വ്യാപാരി കൂടിയായ നസിറുദ്ദീന്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനുവേണ്ടി തന്റെ സംഘടനയെക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനും ഈ ആവശ്യമുന്നയിച്ച് കത്തയപ്പിച്ചു കഴിഞ്ഞു.
സമിതിയുടെ ഈ ആവശ്യം അംഗീകരിക്കുകയാണെങ്കില്‍ കൗണ്‍സില്‍ യോഗം വിളിച്ച് ബിജെപിയോട് സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ചചെയ്യുമെന്ന് നേതാക്കള്‍ സൂചിപ്പിച്ചു. സമിതിയുടെ വോട്ടു ബാങ്ക് സംബന്ധിച്ച റിപ്പോര്‍ട്ടും ബിജെപി കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.
സംഘ് പരിവാര്‍ നിയന്ത്രണത്തിലുള്ള ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡലിന്റെ ദേശീയ ഉപാധ്യക്ഷന്‍ കൂടിയാണ് ടി. നസിറുദ്ദീന്‍. എന്നാല്‍ നസിറുദ്ദീന്റെ താമരപ്പൂതി ഒരിക്കലും പ്രാവര്‍ത്തികമാകില്ലെന്നാണ് വ്യാപാരികളിലെ ഗണ്യമായ വിഭാഗം പറയുന്നത്. ഏകോപന സമിതിയില്‍ മുസ്ലിം ലീഗിന് വന്‍ സ്വാധീനമുണ്ട്. അതുകൊണ്ടു തന്നെ നസിറുദ്ദീന്റെ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്താന്‍ ലീഗ് തന്നെ മുന്നിട്ടിറങ്ങും. സുരേഷ് ഗോപിയുടെയും തുഷാര്‍ വെള്ളാപ്പള്ളിയുടെയും സഫലമാകാത്ത സ്വപ്‌നം നസിറുദ്ദീന്‍ സാക്ഷാല്‍ക്കരിക്കുന്നത് എങ്ങനെയെന്ന് കാണാന്‍ കാത്തിരിക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍.
Keywords: Kerala-kozikkod-news-t-nasiruddeen-report-on-become-mp--n-rajyasaha
Post a Comment
0 Comments