Type Here to Get Search Results !

Bottom Ad

ബി.ജെ.പി യുടെ പരാതി രാഷ്ട്രീയ പ്രേരിതം: അര്‍ജുനന്‍ തായലങ്ങാടി


കാസര്‍കോട് (www.evisionnews.in): മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് തനിക്കെതിരെ ബി.ജെ.പി കൗണ്‍സിലറും അധ്യാപികയുമായ ശ്രീലത തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതി അവഗണിച്ചു തള്ളുകയാണെന്ന് കോണ്‍ഗ്രസ് നഗരസാഭാംഗം അര്‍ജുനന്‍ തായലങ്ങാടി. ബി.ജെ.പിയുടെ പരാതി അങ്ങേയറ്റത്തെ വിവിരക്കേടില്‍ നിന്നുടലെടുത്തതാണെന്നും അര്‍ജുനന്‍ തുറന്നടിച്ചു. 

അര്‍ജുനന്‍ മധൂര്‍ പഞ്ചായത്തിലെ സ്ഥിരതാമസക്കാരനാണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിന് കാസര്‍കോട് നഗരസഭാഗമാകാന്‍ യോഗ്യനല്ലെന്നും ഇതു തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാണെന്നും അതിനാല്‍ അര്‍ജുനനെ അയോഗ്യനാക്കണമെന്നുമാണ് ശ്രീലത നല്‍കിയ പരാതിയില്‍ പറയുന്നത്. 

വിദ്യാനഗര്‍ വാര്‍ഡില്‍ മത്സരിക്കുമ്പോള്‍ താനും കുടുംബവും താമസിച്ചിരുന്നത് സ്ഥലത്തെ വാടക വീട്ടിലായിരുന്നു. ഇതേ വിലാസത്തിലാണ് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍, റേഷന്‍, പാന്‍കാര്‍ഡുകളുമുള്ളത്. ഡ്രൈവിംഗ് ലൈസന്‍സും ഈ വിലാസത്തില്‍ തന്നെ. കൗണ്‍സിലറായതിന് ശേഷമാണ് ഞാനും കുടുംബവും ഭാര്യ ഉഷയുടെ പേരിലുള്ള സ്വന്തം വീട്ടിലേക്ക് മാറുന്നത്. ഭാര്യ ദേവസം ബോര്‍ഡില്‍ ഇന്‍സ്‌പെക്ടറാണ്. ഇക്കാര്യങ്ങളെല്ലാം പകല്‍വെളിച്ചം പോലെ വ്യക്തമാണ്. 

താന്‍ മധൂര്‍ പഞ്ചായത്തില്‍ സ്ഥിരമായി താമസിച്ച് കാസര്‍കോട് നഗരസഭയിലേക്ക് മത്സരിക്കുമ്പോള്‍ നോമിനേഷന്‍ സമര്‍പണ വേളയിലാണ് ബി. ജെ. പി. ഇതിനെ എതിര്‍ക്കേണ്ടിയിരുന്നത്. അന്ന് ഉറങ്ങിക്കിടന്ന ബി.ജെ.പി തെരഞ്ഞെടുപ്പിന് ഒരൊറ്റ മാസം ബാക്കി നില്‍ക്കെ തനിക്കെതിരെ അടിസ്ഥാന രഹിതമായ പരാതിയുമായി രംഗത്തിറങ്ങിയതിന്റെ ഉദ്ദേശ്യലക്ഷ്യം രാഷ്ട്രീയ പ്രേരിതമാണെന്നും ബി.ജെ.പിയുടെ ഇത്തരം തരംതാഴ്ന്ന ഏര്‍പ്പാടുകള്‍ ജനം വിശ്വസിക്കില്ലെന്നും അര്‍ജുനന്‍ കൂട്ടിച്ചേര്‍ത്തു.


Keywords: Kasaragod-arjunan-thayalangadi-municipal-councillor-v/S-bjp













Post a Comment

0 Comments

Top Post Ad

Below Post Ad