Type Here to Get Search Results !

Bottom Ad

അഭ്യൂഹങ്ങള്‍ക്ക് വിട: ടി.ഇ അബ്ദുള്ള തളങ്കര പടിഞ്ഞാറില്‍ മത്സരിക്കും

 കെ എസ് ഗോപാലകൃഷ്ണന്‍ 


കാസര്‍കോട് (www.evisionnews.in): നഗരസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന അഭ്യൂഹങ്ങള്‍ക്ക് അറുതി വരുത്തിക്കൊണ്ട് ചെയര്‍മാന്‍ ടി.ഇ അബ്ദുള്ള ഇക്കുറിയും മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പായി. തളങ്കര പടിഞ്ഞാര്‍ വാര്‍ഡിലായിരിക്കും ടി.ഇ അബ്ദുള്ള പോരിനിറങ്ങുന്നത്. 

നിലവില്‍ ടി.ഇ പ്രതിനിധീകരിക്കുന്ന വാര്‍ഡ് വനിതാസംവരണമായതോടെയാണ് എതിരാളികളില്ലാത്ത ലീഗ് കോട്ടയായ തളങ്കര പടിഞ്ഞാറില്‍ ടി.ഇ മത്സരിക്കുന്നത്. മുനിസിപ്പാലിറ്റിയിലേക്കുള്ള തെരഞ്ഞെപ്പില്‍ നഗരത്തിലെ മുസ്ലിം ലീഗ് കേന്ദ്രങ്ങള്‍ സടകുടഞ്ഞ് ഉണര്‍ന്നുകഴിഞ്ഞു. 38 വാര്‍ഡുകളുള്ള നഗരസഭയില്‍ 21 വാര്‍ഡുകളെയും നിലവില്‍ മുസ്ലീം ലീഗ് അംഗങ്ങളാണ് പ്രതിനിധീകരിക്കുന്നത്. 

കാസര്‍കോട്ടെ പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവും മുന്‍ വൈസ് ചെയര്‍മാനുമായ എ അബ്ദുല്‍ റഹിമാന്‍ ഫോര്‍ട്ട് റോഡില്‍ വാര്‍ഡില്‍ തന്നെ മത്സരിക്കും. ഇതിനു മാറ്റമുണ്ടാകുമെന്നും തെരുവത്ത് വാര്‍ഡിലായിരിക്കും എസ്.ടി.യു നേതാവ് മത്സരിക്കുകയെന്നും ലീഗിനുള്ളില്‍ ചര്‍ച്ചയുണ്ട്. 

മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി എല്‍.എ മെഹമൂദ് ഹാജി ഇത്തവണ തളങ്കരയിലെ ജദീദ് റോഡ് വാര്‍ഡ് വിട്ട് വിദ്യാനഗറിലെ ചാല വാര്‍ഡില്‍ മത്സരിക്കുമെന്നാണ് ലീഗ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചനകള്‍.യൂത്ത് ലീഗ് നേതാവ് മമ്മു ചാലയും പരിഗണനയിലുണ്ട്. പള്ളിക്കാലിൽ അഡ്വ. മുനീറിനാണ് സാധ്യത. മികച്ച പ്രാസംഗികന്‍ കൂടിയായ കെ.എം അബ്ദുല്‍ റഹിമാന്‍ ഹൊന്നമൂലയിലും ബെദിര വാര്‍ഡില്‍ യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഹമീദ ബെദിരയും അടുക്കത്ത് ബയലില്‍  ടി.കെ മുഹമ്മദ് കുഞ്ഞിയും അബ്ബാസ് ബീഗവും പരിഗണനയിലുണ്ട്, ബാങ്കോട് വാര്‍ഡില്‍ കഴിഞ്ഞതവണ ലീഗ് വിട്ട് റിബലായി മത്സരിച്ച് ജയിച്ച സൈബുന്നീസയും നെല്ലിക്കുന്നില്‍ ഖാദര്‍ ബങ്കരയും മത്സരിക്കുമെന്നാണ് ലീഗില്‍ നിന്ന് പുറത്തുവരുന്ന സൂചനകള്‍.

അതിനിടെ കാസര്‍കോട്ടെ പ്രമുഖ പത്ര പ്രവര്‍ത്തകന്‍ ടി.എ ഷാഫിയെ നഗരസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാനും മുസ്ലിം ലീഗിലെ ചില കേന്ദ്രങ്ങള്‍ അതീവ താല്‍പര്യമെടുക്കുന്നതായും വിവരവും പുറത്തുവന്നിട്ടുണ്ട്. ഷാഫി മത്സരിക്കുകയാണെങ്കില്‍ അദ്ദേഹത്തെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കാനാണ് നീക്കം.

Keywords: Kasaragod-news-municipality-election-muslim-league-ward-compitaion




Post a Comment

0 Comments

Top Post Ad

Below Post Ad