ലഖ്‌നൗ: (www.evisonnews.in)മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ വധശിക്ഷയ്ക്കു വിധേയനാക്കപ്പെട്ട യാക്കൂബ് മേമന്റെ ഭാര്യ റഹീനെ രാജ്യസഭാ എംപിയാക്കണമെന്ന് ആവശ്യപ്പെട്ട നേതാവിനെ സമാജ് വാദി പാര്‍ട്ടി പുറത്താക്കി. എസ്പി മഹാരാഷ്ട്ര ഘടകം വൈസ് പ്രസിഡന്റ് മുഹമ്മദ് ഫറൂഖ് ഖോസിയാണ് നടപടിക്ക് വിധേയനാക്കപ്പെട്ടത്. യാക്കൂബിന്റെ ഭാര്യയെ എംപിയാക്കണമെന്ന ആവശ്യവുമായി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവിന് ഖോസി കത്തെഴുതുകയായിരുന്നു.
സംഭവം വിവാദമായതോടെ നേതാവിനെതിരെ നടപടിയെടുത്ത് സമാജ്‌വാദി പാര്‍ട്ടി തടിയൂരി. റഹീന്‍ വര്‍ഷങ്ങളോളം ജയിലിലായിരുന്നു. അവളത്രെ സഹിക്കണം. റഹീന്‍ ഇന്ന് സഹായിക്കാന്‍ ആരുമില്ലാത്ത അവസ്ഥയിലാണ്. നമ്മള്‍ സഹായിക്കേണ്ട നിരവധി മുസ്ലിങ്ങളുണ്ട്. റഹീനെ രാജ്യസഭാ എംപിയാക്കണം. സഹായിക്കാന്‍ ആരുമില്ലാത്തവര്‍ക്കു വേണ്ടി ശബ്ദിക്കാന്‍ അവളെ പ്രാപ്തയാക്കണം, അങ്ങനെ പോകുന്നു മുലായത്തിനെഴുതിയ ഖോസിയുടെ കത്ത്. വിവാദം കത്തിയതോടെ തങ്ങള്‍ അറിഞ്ഞിട്ടല്ല ഖോസി കത്തെഴുതിയതെന്നും അതില്‍ പറയുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നുമുള്ള വിശദീകരണവുമായി എസ്പി നേതാക്കള്‍ രംഗത്തെത്തി.
തുടര്‍ന്ന് ഖോസിയെ പുറത്താക്കുകയും ചെയ്തു. സമാജ് വാദി പാര്‍ട്ടിയുടെ താത്പര്യം വോട്ടു ബാങ്ക് രാഷ്ട്രീയം മാത്രമാണെന്ന വസ്തുതയാണ് ഖോസിയുടെ അഭിപ്രായപ്രകടനത്തില്‍ വ്യക്തമാകുന്നതെന്ന് ബിജെപി നേതാവ് മാധവ് ഭണ്ഡാരി കുറ്റപ്പെടുത്തി. നേതാക്കള്‍ വാക്കുകളില്‍ മിതത്വം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
keywords : meman-obituary-mp-samajvadhi-party-leader
Post a Comment
0 Comments