Type Here to Get Search Results !

Bottom Ad

കവി കയ്യാര്‍ കിഞ്ഞണ്ണറൈ: തുളുനാടിന് ഇനി ഓര്‍മ്മ


കാസര്‍കോട് (www.visionnews.in): ഞായറാഴ്ച അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനിയും ശതാഭിഷിക്തനുമായ കവി കയ്യാര്‍ കിഞ്ഞണ്ണറൈയുടെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ ബദിയടുക്ക പെര്‍ഡാലയിലെ വീട്ടു പറമ്പില്‍ സംസ്‌കരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംസ്‌കാരച്ചടങ്ങ്. കേരള -കര്‍ണ്ണാടക മന്ത്രിമാരും സാമൂഹിക -സാംസ്‌കാരിക -രാഷ്ട്രീയ രംഗത്തെ പ്രമുഖരുമുള്‍പ്പെടെ ആയിരങ്ങള്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. സംസ്ഥാന സര്‍ക്കാറിന് വേണ്ടി സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ് പുഷ്പചക്രം സമര്‍പ്പിച്ചു. 

കര്‍ണ്ണാടകമന്ത്രിമാരായ   യു.ടി ഖാദര്‍, രാമനാഥ് റൈ, ഉമാശ്രീ മുന്‍കേന്ദ്രമന്ത്രി  ജനാര്‍ദ്ദന പൂജാരി,  എംഎല്‍എ മാരായ എന്‍എ നെല്ലിക്കുന്ന്,  പി.ബി അബ്ദുള്‍ റസാഖ്, കെ. കുഞ്ഞിരാമന്‍(ഉദുമ),  ഇ. ചന്ദ്രശേഖരന്‍, ജില്ലാ പഞ്ചായത്ത്  പ്രസിഡണ്ട് അഡ്വ. പി.പി ശ്യാമളാദേവി, വൈസ് പ്രസിഡണ്ട് കെ എസ് കുര്യാക്കോസ്,  പുത്തൂര്‍ എംഎല്‍എ ശകുന്തള ഷെട്ടി, കര്‍ണ്ണാടക മുന്‍മന്ത്രി അര്‍നാഥ ഷെട്ടി, മുന്‍എംഎല്‍എ മാരായ  സി.എച്ച് കുഞ്ഞമ്പു, കെ പി സതീഷ് ചന്ദ്രന്‍, കെ.വി കുഞ്ഞിരാമന്‍, സിഡ്‌കോ ചെയര്‍മാന്‍ സി.ടി അഹമ്മദലി, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സുധ ജയറാം, മാധവന്‍ മാസ്റ്റര്‍, കര്‍ണ്ണാടക മുന്‍ എംഎല്‍എ മാരായ വാട്ടര്‍നാഗരാജ്, മോനപ്പ ഭണ്ഡാരി. ഗണേഷ് കാര്‍ത്തിക്ക് ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ്,  ഗോവിന്ദപൈ സ്മാരക സമിതി സെക്രട്ടറിയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ  കെ.ടി ശേഖര്‍, ഡിവൈഎസ് പി  ടി പി രഞ്ജിത്ത് , കര്‍ണ്ണാടക നവനിര്‍മ്മാണ സഭ സംസ്ഥാന പ്രസിഡണ്ട്  ഭീമശങ്കരപാട്ടീല, വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌ക്കാരിക മേഖലയിലെ പ്രമുഖര്‍ തുടങ്ങിവര്‍ കവിക്ക്  അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തിയിരുന്നു


സ്വാതന്ത്ര്യസമര സേനാനി, സാഹിത്യകാരന്‍, അധ്യാപകന്‍, ഗവേഷകന്‍, പത്രപ്രവര്‍ത്തകന്‍, ജനപ്രതിനിധി എന്നിങ്ങനെ കൈകടത്തിയ മേഖലകളിലൊക്കെയും തന്റേതായ മികവ് അടയാളപ്പെടുത്തിയാണ് കിഞ്ഞണ്ണ റൈ വിട പറഞ്ഞത്. പെരഡാലയിലെ സ്വവസതിയായ കവിതാ കുടീരത്തില്‍ ഞായറാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. രണ്ട് മാസം മുമ്പ് കിഞ്ഞണ്ണറൈയുടെ 101-ാം ജന്മദിനാഘോഷം നടന്നിരുന്നു. 

1915ല്‍ ദുഗ്ഗപ്പറൈ -ദയ്യക്കാ ദമ്പതികളുടെ മകനായി ജനിച്ച കിഞ്ഞണ്ണറൈ പന്ത്രണ്ടാം വയസില്‍ 'സുശീല' എന്ന കാവ്യമെഴുതി തൂലിക ചലിപ്പിച്ച് തുടങ്ങി. 11 കവിതാ സമാഹാരങ്ങള്‍ കിഞ്ഞണ്ണറൈ രചിച്ചിട്ടുണ്ട്. മഹാകവി കുമാരനാശാന്റെ മൂന്ന് ഖണ്ഡകാവ്യങ്ങളും മലയാള സാഹിത്യ ചരിത്രവും കന്നഡയിലേക്ക് വിവര്‍ത്തനം ചെയ്തു. കിഞ്ഞണ്ണറൈയുടെ സാഹിത്യ സൃഷ്ടികള്‍ കര്‍ണ്ണാടകയിലെ ലോവര്‍ പ്രൈമറി മുതല്‍ ബിരുദതലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യവിഷയമാണ്. കന്നഡ സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച് 2004ല്‍ ഹംപി സര്‍വ്വകലാശാല നാടോജി ബഹുമതിയും മംഗലാപുരം സര്‍വ്വകലാശാല ഡോക്ടറേറ്റും നല്‍കി ആദരിച്ചു. നിരവധി ദേശീയ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. 

ഗാന്ധിജി മംഗലാപുരത്തെത്തിയപ്പോള്‍ അദ്ദേഹത്തില്‍ നിന്ന് നേരിട്ട് അനുഗ്രഹം വാങ്ങിയാണ് കിഞ്ഞണ്ണറൈ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുന്നത്. 1942ല്‍ മംഗലാപുരം സബ്‌കോര്‍ട്ട് പിക്കറ്റ് ചെയ്തപ്പോള്‍ മുന്നണി പോരാളിയായി കിഞ്ഞണ്ണ റൈയും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് അറസ്റ്റ് വരിച്ചു. സ്വാതന്ത്ര്യസമരത്തെക്കുറിച്ച് ഒട്ടേറെ കവിതകളും ലേഖനങ്ങളും രചിച്ചിരുന്നു.

20 വര്‍ഷക്കാലം പത്രപ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിച്ചു. മംഗലാപുരത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പ്രഭാത് പത്രത്തിന്റെ സഹപത്രാധിപരായിരുന്നു. സ്വദേശാഭിമാനി പത്രത്തിലും ഏറെ കാലം പ്രവര്‍ത്തിച്ചു. 16 വര്‍ഷക്കാലം ബദിയടുക്ക ഗ്രാമപഞ്ചായത്തിന്റെ പ്രസിഡണ്ടായിരുന്നു. പെരഡാല നവജീവന ഹൈസ്‌കൂളില്‍ 32 വര്‍ഷക്കാലം അധ്യാപക വൃത്തിയിലേര്‍പ്പെട്ട അദ്ദേഹം 1969ല്‍ മികച്ച അധ്യാപകനുള്ള ദേശീയ പുരസ്‌കാരം നേടി.



Keywords; Kasaragod-news-kavi-kinhanna-rai-ini-orma-samskaram

Post a Comment

0 Comments

Top Post Ad

Below Post Ad