കാസര്‍കോട്: (www.evisionnews.in) അറബിയില്‍ നിന്ന് വിവാഹത്തിനും ഭവന നിര്‍മ്മാണത്തിനും സഹായം വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശി അറസ്റ്റില്‍. അരീക്കോട് നടുവത്തുംചാലില്‍ ഹസൈനാറാ(56)ണ് പിടിയിലായത്.
കോഴിക്കോട് ടൗണ്‍ പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ട്രെയിനില്‍ സഞ്ചരിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നത്.ഇതോടെ ജുലായ് 4ന് കോഴിക്കോട് കല്ലേരി സ്വദേശിനി ആയിഷയെ കാസര്‍കോട്ട് വരുത്തിച്ച് നാല് പവന്‍ സ്വര്‍ണാഭരണം തട്ടിയെടുത്ത കേസിലും തുമ്പായി.
അറബി ദമ്പതികള്‍ എത്തിയതായും നിര്‍ധന യുവതികളുടെ വിവാഹത്തിന് ധനസഹായം നല്‍കുന്നുണ്ടെന്നും പറഞ്ഞ് ആയിഷയേയും മകളെയും കാസര്‍കോട്ടേക്ക് എത്തിക്കുകയായിരുന്നു. മാലിക് ദീനാര്‍ മഖാം പരിസരത്ത് എത്താനാണ് ആവശ്യപ്പെട്ടത്. ആയിഷയും മകളും തളങ്കരയില്‍ എത്തിയപ്പോള്‍ അറബി ഇപ്പോള്‍ എത്തുമെന്നും നിങ്ങളുടെ പക്കലുള്ള സ്വര്‍ണാഭരണങ്ങള്‍ കണ്ടാല്‍ ധനസഹായം അനുവദിക്കില്ലെന്നും അത് തന്റെ കൈവശം ഏല്‍പ്പിക്കണമെന്നും പറഞ്ഞപ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ ഊരി നല്‍കുകയായിരുന്നു. പിന്നീട് സ്ത്രീകളെ നിസ്‌കാരത്തിന് പറഞ്ഞയച്ച ശേഷം ഹസൈനാര്‍ മുങ്ങുകയായിരുന്നു. ഇതോടെ കബളിപ്പിക്കപ്പെട്ട സ്ത്രീകള്‍ കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. മൂന്നേ മുക്കാല്‍ പവന്‍ തൂക്കമുള്ള സ്വര്‍ണക്കമ്മലും രണ്ട് ഗ്രാമിന്റെ മോതിരവുമാണ് നഷ്ടപ്പെട്ടത്.
കാസര്‍കോട് ടൗണ്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സമാനമായ ഒട്ടേറെ കേസുകളില്‍ പ്രതി ഹസൈനാര്‍ കോഴിക്കോട്ട് പിടിയിലാവുന്നത്. ഇയാളുടെ തട്ടിപ്പില്‍ നൂറോളം വീട്ടമ്മമാര്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്.1995 മുതല്‍ ഹസൈനാര്‍ ഇത്തരം തട്ടിപ്പുകളുമായി രംഗത്തുണ്ട്.അറബി കഥാപാത്രങ്ങളെ മനസ്സില്‍ സൃഷ്ടിച്ച ശേഷം ആസ്പത്രി കേന്ദ്രീകരിച്ച് നിര്‍ധന സ്ത്രീകളെ പരിചയപ്പെട്ട് കബളിപ്പിക്കുകയാണ് ഇയാളുടെ രീതി. പിന്നീട് ട്രെയിനിലെ എ.സി കോച്ചുകള്‍, ടൂറിസ്റ്റ് ഹോമുകള്‍, പള്ളികള്‍ എന്നിവിടങ്ങളില്‍ അറബി ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സ്ത്രീകളെ വിശ്വസിപ്പിക്കാനായി ഫോണില്‍ അറബിയോടാണെന്ന രീതിയില്‍ സംസാരിക്കും.ഹസൈനാറിനെതിരെ കോഴിക്കോട് ടൗണ്‍ , നടക്കാവ്, വളപട്ടണം, എറണാകുളം, കണ്ണൂര്‍ റെയില്‍വെ പൊലീസ് എന്നിവിടങ്ങളില്‍ കേസുകള്‍ നിലവിലുണ്ട്. നാലു മാസത്തിനിടെ ഇരുപതോളം മൊബൈല്‍ ഫോണുകളും 30 സിം കാര്‍ഡുകളും ഇയാള്‍ക്കുള്ളതായി പോലീസ് പറഞ്ഞു.
Keywords: kasaragod-gold-cheated-hasainar-arrested
Keywords: kasaragod-gold-cheated-hasainar-arrested
Post a Comment
0 Comments