Type Here to Get Search Results !

Bottom Ad

കാസര്‍കോട് മെഡിക്കല്‍കോളേജ് നിര്‍മ്മാണം ഒരുമാസത്തിനകം ആരംഭിക്കും.- മന്ത്രി വി.എസ് ശിവകുമാര്‍

ബദിയടുക്ക:(www.evisonnews.in) ഗവ മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരുമാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു. ടെണ്ടര്‍ നടപടികള്‍ ചീഫ് സെക്രട്ടറിയുടെനേതൃത്യത്തിലുള്ള സമിതിയുടെ പരിഗണനയിലാണ്. ഈ സമിതിയുടെ അംഗീകാരം ലഭിച്ചാല്‍ ഒരുമാസത്തിനകം നിര്‍മ്മാണം തുടങ്ങും. 766 കോടി രൂപയുടെ പദ്ധതിയാണിത്. ഒരു ആശുപത്രിക്കകത്ത് തന്നെ ആയുര്‍വേദം, ഹോമിയോ, പ്രകൃതി ചികിത്സ,യുനാനി തുടങ്ങിയ എല്ലാ ചികിത്സാ സംവിധാനവുമുളള ആയുഷ് ഹോളിസ്റ്റിക് സെന്റര്‍ ജില്ലയില്‍ ആരംഭിക്കുമെന്നുംആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞു. അണങ്കൂരിലെ ഗവ., താലൂക്ക് ആയുര്‍വേദാശുപത്രിയില്‍ കിടത്തി ചികിത്സാ വിപുലീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പാരമ്പര്യ ചികിത്സാ മാര്‍ഗ്ഗമായ ആയുര്‍വേദവും ഹോമിയോവും സിദ്ധയും പ്രകൃതി ചികിത്സയും യോഗയും കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ രംഗത്ത് വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെങ്കിലും വളരെ ചെറിയ പ്രായത്തില്‍തന്നെ പ്രഷര്‍, ഷുഗര്‍, ക്യാന്‍സര്‍ പോലുളള രോഗങ്ങള്‍ വേട്ടയാടുന്നു. ഇത്തരം വെല്ലുവിളികളെ പ്രതിരോധിക്കണമെങ്കില്‍ നമ്മുടെ മഹത്തായ പാരമ്പര്യ ജീവിത ശൈലിയിലേക്ക് തിരിച്ചുപോകണമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ കീഴിലുളള ആയുഷ് വകുപ്പുമായി ബന്ധപ്പട്ട പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും അത്തരം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയില്‍ ആയുഷ് യോഗ വെല്‍നസ് സെന്റര്‍ കൂടി ആരംഭിക്കാന്‍ വകുപ്പ് തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. 

30 രോഗികള്‍ക്ക് കിടത്തി ചികിത്സാ സൗകര്യം നല്‍കുന്ന ആശുപത്രിയായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനമാണ് നടത്തിയത്. ചടങ്ങില്‍ ജില്ലാ കളക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍, നഗരസഭാ ചെയര്‍മാന്‍ ടിഇ അബ്ദുളള, കെ.കുഞ്ഞിരാമന്‍ , താഹിറ സത്താര്‍, അബ്ബാസ് ബീഗം, അബ്ദുള്‍ റഹിമാന്‍കുഞ്ഞ്മാസ്റ്റര്‍, പി രമേശ്, വിവധ രാഷ്ട്രീയ കക്ഷിനേതാക്കളായ സി.കെ ശ്രീധരന്‍, അബ്ദുല്‍ റഹിമാന്‍, സുരേഷ്‌കുമാര്‍ ഷെട്ടി, .കെ.എ മുഹമ്മദ് ഹനീഫ്, വി രാജന്‍, ഐഎസ്എം ഡെപ്യൂട്ടി ജോയിന്റ് ഡയറക്ടര്‍ ഡോ. കൃഷ്ണകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മധുസൂദനന്‍ നമ്പൂതിരിപ്പാട്, കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ.വി സുരേഷ്, ജില്ലാ ഗവ. ആയുര്‍വ്വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ എസ്. വിജയ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad