നോട്ടിങ്ങാം(ഇംഗ്ലണ്ട്): ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ ഇന്നിങ്‌സിന് തകര്‍ത്ത് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പരമ്പരയായ ആഷസ് ഇംഗ്ലണ്ട് സ്വന്തമാക്കി. ടെസ്റ്റില്‍ മൂന്ന് ദിവസത്തോളം ബാക്കി നില്‍ക്കേ ഇന്നിങ്‌സിനും 78 റണ്‍സിനുമാണ് ഇംഗ്ലണ്ട് ജയിച്ചത്. ആദ്യ ഇന്നിങ്‌സില്‍ കംഗാരുക്കളെ 60 റണ്‍സിന് എറിഞ്ഞിട്ടപ്പോഴേ ടെസ്റ്റിന്റെ ഭാഗധേയം ഏറെക്കുറെ നിര്‍ണ്ണയിക്കപ്പെട്ടിരുന്നു. സ്‌കോര്‍: ഓസ്‌ട്രേലിയ- 60, 253; ഇംഗ്ലണ്ട്- 391/9 ഡിക്ലയേര്‍ഡ്.
മൂന്നാം ദിനം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 241 എന്ന സ്‌കോറില്‍ ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയയുടെ പോരാട്ടം 253 റണ്‍സില്‍ അവസാനിച്ചു. 10.2 ഓവറില്‍ 12 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ കംഗാരുക്കള്‍ക്ക് ശേഷിച്ച വിക്കറ്റുകള്‍ നഷ്ടമായി. വിജയപ്രതീക്ഷകളറ്റ ഓസീസ് വാലറ്റം കാര്യമായ ചെറുത്തുനില്‍പ്പൊന്നുമില്ലാതെ കീഴടങ്ങിയപ്പോള്‍ അര്‍ധസെഞ്ച്വറിയുമായി ആഡം വോഗ്‌സ് (51) പുറത്താകാതെ നിന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് (0), ജോഷ് ഹേസല്‍വുഡ് (0), നതാന്‍ ലയണ്‍ (4) എന്നിവരാണ് ഇന്ന് പുറത്തായ ഓസീസ് ബാറ്റ്‌സമാന്‍മാര്‍.
സ്റ്റാര്‍ക്കിനെ പുറത്താക്കി ബെന്‍ സ്‌റ്റോക്‌സ് ആണ് ഇംഗ്ലണ്ടിന് മൂന്നാംദിനം ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. ഇതോടെ സ്‌റ്റോക്‌സിന് ഇന്നിങ്‌സില്‍ ആറ് വിക്കറ്റുകളായി. പിന്നീടുള്ള രണ്ട് വിക്കറ്റുകളും പിഴുത് മാര്‍ക്ക് വുഡ് തന്റെ വിക്കറ്റ് നേട്ടം മൂന്നാക്കി. ആദ്യ ഇന്നിങ്‌സില്‍ 15 റണ്‍സിന് എട്ട് വിക്കറ്റ് വീഴ്ത്തിയ ക്രിസ് ബ്രോഡിന് രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് നേടാനേ കഴിഞ്ഞുള്ളൂ. ബ്രോഡാണ് മാന്‍ ഓഫ് ദ മാച്ച്.
പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ജയിച്ച ഇംഗ്ലണ്ടിനെ രണ്ടാം ടെസ്റ്റില്‍ തകര്‍ത്ത് കംഗാരുക്കള്‍ സമനില പിടിച്ചിരുന്നു. എന്നാല്‍ പിന്നീട് ശക്തമായി തിരിച്ചുവന്ന ഇംഗ്ലീഷ് ടീം തുടര്‍ച്ചയായി രണ്ട് ടെസ്റ്റുകള്‍ ജയിച്ച് പരമ്പര 3-1 ന് സ്വന്തമാക്കി. പരമ്പരയിലെ അവസാന ടെസ്റ്റ് ഈ മാസം 20ന് ലണ്ടനില്‍ നടക്കും. പരമ്പരയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിനോട് വിട പറയുമെന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് വ്യക്തമാക്കി.
keywords : ashes-england-beat-australia
keywords : ashes-england-beat-australia
Post a Comment
0 Comments