കാസർകോട് :(www.evisionnews.in) സി.പി.ഐ എം ഓഫീസായ കുറ്റിക്കോൽ എ.കെ.ജി സ്മാരക മന്ദിരം സർക്കാർ ഭൂമി കയ്യേറി നിർമിച്ചതാണെന്ന റവന്യു അധികൃതരുടെവാദം വാസ്തവ വിരുദ്ധവും പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗവുമാണെന്ന് സി.പി.ഐ എം ബേഡകം ഏരിയ സെക്രട്ടറി സി.ബാലൻ അറിയിച്ചു.
1976 സെപ്തംബർ 1ന് ഉദുമ സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും 1281ാം നമ്പർ ആധാരപ്രകാരം പാർട്ടി രജിസ്റ്റർ ചെയ്ത് വാങ്ങിയതാണ് കുറ്റിക്കോൽ വില്ലേജിലെ സർവെ നമ്പർ 149/1ൽ പെട്ട 1.06 ഏക്കർ സ്ഥലം.1975ൽ എൽഎ നമ്പർ 41/74 പ്രകാരം മുഹമ്മദ് കുഞ്ഞി എന്നയാൾക്ക് പട്ടയം ലഭിച്ച ഈ ഭൂമി പാർട്ടി വില കൊടുത്ത് വാങ്ങുകയായിരുന്നു.ആധാര പ്രകാരം ഭൂമിയുടെ നാലതിരുകളും കൃത്യവും വ്യക്തവുമാണ്. അന്നത്തെ റവന്യു അധികൃതർ അളന്ന് തിട്ടപ്പെടുത്തി അതിരുകൾ നിജപ്പെടുത്തി നൽകിയതാണ്.40 വർഷമായി പാർട്ടിയുടെ കൈവശമുള്ള ഭൂമി സംബന്ധിച്ച് ഒരു പാരാതിയും നാളിതുവരെ ഉണ്ടായിരുന്നില്ല.
താലൂക്ക് സർവ്വെയർ നൽകിയ റിപ്പോർട്ട് പ്രകാരം സി.പി.ഐ എം ഓഫീസ് സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ചതാണെന്നും, രേഖ പ്രകാരമുള്ള പാർട്ടിയുടെ സ്ഥലം നിലവിലെ കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിടം ഉൾപ്പെടെ ഉൾക്കൊള്ളുന്നതുമാണെന്നാണ് അധികൃതർ പറയുന്നത്.2007ലാണ് പഞ്ചായത്തിന് 10 സെന്റ് സ്ഥലം സർക്കാർ പതിച്ചു നൽകിയത്.രേഖപ്രകാരം സി.പി.ഐ എമ്മിന് അവകാശപ്പെട്ട സ്ഥലമാണ് ഇതെങ്കിൽ പഞ്ചായത്തിന് ഈ സ്ഥലം എങ്ങനെ പതിച്ചുനൽകിയെന്ന് റവന്യു അധികൃതർ വ്യക്തമാക്കണം.
വസ്തുതകൾ പരിശോധിച്ച് യാഥാർത്ഥ്യ ബോധത്തോടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഭാഗമായി പാർട്ടിക്ക് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയ റവന്യു അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് നാളെ രാവിലെ പത്ത് മണിക്ക് പാർട്ടിയുടെ നേതൃത്വത്തിൽ കുറ്റിക്കോൽ വില്ലേജ് ഓഫീസിലേക്ക് ബഹുജന മർച്ച് സംഘടിപ്പിക്കും. മാർച്ച് സി.പി.ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.രാഖവൻ ഉദ്ഘാടനം ചെയ്യും
keywords :akg-bedakam-march-kuttikol
Post a Comment
0 Comments