Type Here to Get Search Results !

Bottom Ad

വനിതാകമ്മീഷന്‍ അദാലത്ത് 23 പരാതികള്‍ തീര്‍പ്പാക്കി

evisionnews

കാസർകോട്:(www.evisionnews.in) സംസ്ഥാന വനിതാകമ്മീഷന്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തി. വനിതാ കമ്മീഷന്‍ അംഗം അഡ്വക്കേറ്റ് നൂര്‍ബിനാ റഷീദിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ 61 പരാതികള്‍ പരിഗണിച്ചു. ഇതില്‍ 23 പരാതികള്‍ തീര്‍പ്പാക്കി. 14 പരാതികളില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. അവശേഷിക്കുന്ന പരാതികള്‍ അടുത്ത സിറ്റിംഗില്‍ വീണ്ടും പരിഗണിക്കും. തീര്‍പ്പാക്കിയ പരാതികളിലധികവും കുടുംബപ്രശ്‌നങ്ങളായിരുന്നു. വിവാഹമോചിതയായ യുവതിക്ക് മുന്‍ ഭര്‍ത്താവ് മൂന്നുലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ അദാലത്തില്‍ തീരുമാനമായി. നഷ്ടപരിഹാര തുക ഒക്‌ടോബര്‍ 30നകം വനിതാസെല്‍ മുഖേന നല്‍കും. അയല്‍വാസികളുമായുള്ള പ്രശ്‌നങ്ങള്‍ മൂലം സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വന്ന പള്ളത്തുങ്കല്‍ സ്വദേശികളായ 12 അംഗകുടുംബത്തിന് സ്വന്തംവീട്ടിലേക്ക് കയറുന്നതിന് വനിതാകമ്മീഷന്‍ സൗകര്യമൊരുക്കി. ഈ കുടുംബത്തിന് പോലീസ് സംരക്ഷണം നല്‍കും.
തൊഴിലിടങ്ങളിലെ പീഡനങ്ങളുമായി ബന്ധപ്പെട്ട രണ്ട് പരാതികളും അദാലത്തില്‍ പരിഗണനയ്ക്ക് വന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന സ്ത്രീകളാണ് ഈ രണ്ട്പരാതികളും സമര്‍പ്പിച്ചത്. കാസർകോട് ജില്ലയില്‍ നിന്നും ഇത്തരം ഒരു പരാതി ആദ്യമായാണ് ലഭിക്കുന്നതെന്നും പരാതിപ്പെടാന്‍ ധൈര്യം കാണിച്ച ഈ യുവതികളെ അഭിനന്ദിക്കുന്നുവെന്നും വനിതാകമ്മീഷന്‍ അംഗം നൂര്‍ബിനാ റഷീദ് പറഞ്ഞു. വൃദ്ധരായ ഡോക്ടര്‍ ദമ്പതിമാര്‍ ഏക മരുമകളുടെ പീഡനത്തെപ്പറ്റിയുള്ള പരാതിയുമാതി വനിതാ കമ്മീഷനുമുന്നില്‍ ഹാജരായി. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന മരുമകള്‍ക്ക് വനിതാകമ്മീഷന്‍ മുമ്പാകെ ഹാജരാവുന്നതിന് നോട്ടീസ് അയക്കും. വിദ്യാ സമ്പന്നരായ യുവതലമുറയെപ്പോലും ധാര്‍മ്മിക ചുമതലകള്‍ പഠിപ്പിക്കേണ്ട അവസ്ഥയിലേക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നതെന്ന് അംഗം അഭിപ്രായപ്പെട്ടു.

keywords :vanitha-commission-23 case-solved

Post a Comment

0 Comments

Top Post Ad

Below Post Ad