Type Here to Get Search Results !

Bottom Ad

കടക്കെണി; കര്‍ണ്ണാടകയില്‍ 24 മണിക്കൂറിനിടെ 13 കര്‍ഷകര്‍ ജീവനൊടുക്കി


ബംഗളൂരു (www.evisionnews.in): കടക്കെണിയും കൃഷിനാശവും സഹിക്കാനാവാതെ കര്‍ണ്ണാകയിലെ ഏഴ് വ്യത്യസ്ത ജില്ലകളില്‍ 13 കര്‍ഷകര്‍ ജീവനൊടുക്കി നടുക്കുന്ന വാര്‍ത്ത പുറത്തുവന്നു. കര്‍ഷക ആത്മഹത്യയുടെ കാരണങ്ങള്‍ക്കു പിന്നില്‍ കടക്കെണിയല്ലെന്നും കുടുംബപ്രശ്‌നങ്ങളും രോഗങ്ങളും പ്രേമവും മയക്കുമരുന്നുമാണെന്ന കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ് കഴിഞ്ഞ ദിവസം രാജ്യ സഭയില്‍ എഴുതി നല്‍കിയ ചോദ്യത്തിനുത്തരത്തിന്റെ ചൂടാറും മുമ്പാണ് കര്‍ണ്ണാകടയില്‍ ഡസനിലേറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്.

സംസ്ഥാനത്തെ നടുക്കിയ കര്‍ഷക ആത്മഹത്യയെ സംബന്ധിച്ച് ഉന്നത തല അന്വേഷണം ആരംഭിച്ചു. മൈസൂര്‍ ജില്ലയിലെ ഒരു സ്ത്രീ അടക്കം നാലുപേരാണ് ജീവനൊടുക്കിയത. തൊട്ടടുത്ത ചാമരാജനഗര്‍ താലൂക്കില്‍ നിന്നും മറ്റൊരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പെരിയ പട്ടണ താലൂക്കിലെ ഹൊസഹള്ളി ഗ്രാമത്തില്‍ ജീവനൊടുക്കിയ മഞ്ചുനാഥ (22) യുടെ പിതാവ് ലോകേഷ് നാലുവര്‍ഷം മുമ്പ് കടക്കെണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു. മുമ്മാടിയിലെ ജഗദീഷ് (35) ജീവനൊടുക്കിയത് അച്ഛന്‍ കൊള്ളപ്പലിശക്കാരില്‍ നിന്ന് വായ്പ വാങ്ങിയത് തിരിച്ചടക്കാനാവാത്തത് മൂലമാണെന്ന് പോലീസ് പറഞ്ഞു. പുകയില കര്‍ഷകനായ ബസവരാജപ്പയുടെ ഭാര്യ യോഗമണി (45) യും ആത്മഹത്യചെയ്തത് കൃഷിയിറക്കാന്‍ വായ്പ വാങ്ങിയ പണം തിരിച്ചടക്കാനാവാത്തത് മൂലമാണ്. ചാമരാജ നഗറിലെ 37കാരനായ മരിസ്വാമി ആത്മഹത്യചെയ്തത് കാളകളെ വാങ്ങാന്‍ സ്വര്‍ണ്ണം പണയം വെച്ചത് തിരിച്ചെടുക്കാനാവാത്തത് മൂലമാണ്. 

ബെള്ളാരി ജില്ലയിലെ ജംബല നായക് (28), ഹാസനിലെ സഹദേവയ്യ (48), കൊപ്പല്‍ ജില്ലയിലെ ശ്രീനിവാസ (28), മല്ലയ്യ (28), മാണ്ഡ്യ ജില്ലയിലെ പുട്ടസ്വാമി (42), രമേശ് (45) എന്നിവരും ജീവിതം വഴിമുട്ടി ആത്മഹത്യ ചെയ്തവരാണ്. കര്‍ണ്ണാടക ഇന്നലെ അഭിമുഖീകരിച്ച കറുത്ത വെള്ളിയാഴ്ചയെ സംബന്ധിച്ച് ജില്ലാ ഭരണകൂടവും ജില്ലാ പരിഷത്തും സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Keywords: Kasaragod-news-kadakkeni-news-state-suicide-report-from-karnataka



Post a Comment

0 Comments

Top Post Ad

Below Post Ad