തിരുവനന്തപുരം (www.evisionnews.in) ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ മാനിക്കാതിരുന്ന എഡിജിപി: ഋഷിരാജ് സിങ്ങിന്റെ നടപടി തെറ്റെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ന്യായീകരിച്ചത് അതിലും വലിയ തെറ്റാണ്. നാട്ടിൽ നിലനിൽക്കുന്ന ചില കീഴ്‌വഴക്കങ്ങളുണ്ട്. ഇത് രമേശ് ചെന്നിത്തലയുടെ വ്യക്തിപരമായ പ്രശ്നങ്ങളല്ല. ഔദ്യോഗിക കാര്യങ്ങളാണ്. ഉചിതമായ നടപടിയുണ്ടാകും. എന്തു വേണമെന്നത് ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ യുഡിഎഫ് പാർലമെന്ററി പാർട്ടിയുടെ യോഗത്തിൽ ഋഷിരാജ് സിങ്ങിനെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മന്ത്രി വന്നപ്പോൾ എഴുന്നേൽക്കാത്തതും അതിന് ഋഷിരാജ് സിങ് നൽകിയ ന്യായീകരണവും ശരിയായില്ലെന്ന് എംഎൽഎമാർ വ്യക്തമാക്കി. അതിനാൽ സസ്പെൻഷൻ വേണമെന്നും എംഎൽഎമാർ ആവശ്യപ്പെട്ടു. അതേസമയം, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യത്തിൽ മൗനം പാലിച്ചു.
അൻവർ സാദത്ത് എംഎൽഎയാണ് ഇക്കാര്യം യോഗത്തിൽ ഉന്നയിച്ചത്. ആഭ്യന്തരമന്ത്രി സ്ഥാനത്തിനെ അപമാനിക്കുന്നതിനു തുല്യമായ നടപടിയാണിത്. ഈ പ്രവണത അനുവദിക്കാനാകില്ല. ഇത്തരമൊരു കീഴ്‌വഴക്കം തെറ്റായ സന്ദേശം നൽകുമെന്നും എംഎൽഎമാർ ചൂണ്ടിക്കാട്ടി. മന്ത്രി വന്നപ്പോൾ ഋഷിരാജ് സിങ് എഴുന്നേൽക്കാത്തത് മനഃപൂർവമെങ്കിൽ തെറ്റാണെന്ന് ഡിജിപി ഇന്നലെ വ്യക്തമാക്കിയിരുന്നു.
രാമവർമപുരം പൊലീസ് അക്കാദമിയിൽ നടന്ന വനിതാ പൊലീസ് പാസിങ് ഔട്ട് പരേഡിനു മന്ത്രി രമേശ് ചെന്നിത്തലയെത്തിയപ്പോൾ എഡിജിപി ഋഷിരാജ് സിങ് എഴുന്നേൽക്കുകയോ സല്യൂട്ട് ചെയ്യുകയോ ചെയ്യാത്തതാണ് വിവാദമായത്. വേദിയുടെ മുൻനിരയിലെ സോഫയിൽ നേരത്തെ തന്നെ ഋഷിരാജ്സിങ് ഇരിപ്പുണ്ടായിരുന്നു. മന്ത്രി എത്തുന്നുവെന്ന് അറിയിപ്പ് മൈക്കിൽ കേട്ടതോടെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എഴുന്നേറ്റു നിന്നു. മന്ത്രി എത്തിയിട്ടും ഋഷിരാജ് സിങ് അനങ്ങിയില്ല.
എന്നാൽ ദേശീയഗാനം ആലപിക്കുമ്പോഴല്ലാതെ, വിഐപികൾ വരുമ്പോൾ വേദിയിലുള്ളവർ എഴുന്നേൽക്കണമെന്നു പ്രോട്ടോക്കോളിൽ ഒരിടത്തും പറയുന്നില്ലെന്നും വിവാദം അനാവശ്യമാണെന്നുമായിരുന്നു ഋഷിരാജ് സിങ്ങിന്റെ അഭിപ്രായം. ഋഷിരാജ് സിങ്ങിന്റെ ഈ അഭിപ്രായ പ്രകടനമാണ് ഇപ്പോൾ കൂടുതൽ വിവാദം വിളിച്ചുവരുത്തിയിരിക്കുന്നത്.
keywords: rishiraj-sing-falt-minster
Post a Comment
0 Comments