Type Here to Get Search Results !

Bottom Ad

കണ്ണൂരില്‍ ഇനി ഇ-ജയില്‍: തടവുപുള്ളികള്‍ക്ക് ജയിലില്‍ ഇന്റര്‍നെറ്റ് സൗകര്യമൊരുങ്ങുന്നു

കണ്ണൂര്‍ (www.evisionnews.in): ജയില്‍ തടവുകാര്‍ക്ക് ഇന്റര്‍നെറ്റ് സംവിധാനം ഒരുങ്ങുന്നു. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനിയും കൂട്ടരും ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് വിവാദമായതിനു പിന്നാലെയാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. സംസ്ഥാനത്തെ ജയിലുകളില്‍ ഇസാക്ഷരത പദ്ധതി നടപ്പാക്കുമെന്നു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയ ഡിജിപി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു. 

ഇതിന്റെ ഭാഗമായി ജയില്‍പുള്ളികള്‍ക്ക് ഇ മെയ്ല്‍ അക്കൗണ്ട് ആരംഭിക്കുന്നു. ആദ്യഘട്ടമായി എല്ലാ തടവുകാര്‍ക്കും ഇ മെയില്‍ അക്കൗണ്ട് ആരംഭിക്കും. ജയിലുകളില്‍ ഡിജിറ്റല്‍ ലൈബ്രറി ആരംഭിച്ച് ഇ ബുക്കുകള്‍ തടവുകാര്‍ക്കു ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇ സാക്ഷരതാ പദ്ധതിക്കു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തുടക്കം കുറിക്കുന്നതോടെ ഇവിടുത്തെ ജയിലുകളും ഹൈടെക്ക് ആവുകയാണ്. ഐടിയില്‍ പിഎച്ച്ഡി നേടിയ ഒരു തടവുകാരന്‍ ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉണ്ട്. പദ്ധതിക്ക് ഇയാളുടെ സേവനം പ്രയോജനപ്പെടുത്തുമെന്നും ഡിജിപി പറഞ്ഞു. 

തടവുകാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള സൗകര്യങ്ങളൊന്നും ഇപ്പോള്‍ ജയിലിലില്ല. വിദേശ മാതൃകയിലുള്ള ഫസ്റ്റ് സൈക്കളോജിക്കല്‍ എന്‍ക്ലോസര്‍ സംവിധാനം ജയിലുകളില്‍ ഏര്‍പ്പെടുത്തും. ശിക്ഷിക്കപ്പെട്ടു ജയിലിലെത്തുന്നവര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ മനഃശാസ്ത്ര വിദഗ്ധരുടെ കൗണ്‍സലിങ് ലഭ്യമാക്കും. ആദ്യഘട്ടമായി സംസ്ഥാനത്തെ മൂന്നു സെന്‍ട്രല്‍ ജയിലുകളിലും ഓഗസ്റ്റ് 15ന് ഈ സംവിധാനം തുടങ്ങുമെന്നും ഡിജിപി പറഞ്ഞു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെയും വിവിധ സര്‍വീസ് സംഘടനകളുടെയും സഹകരണത്തോടെ തടവുകാര്‍ക്കു ശാസ്ത്ര സാങ്കേതിക മേഖലകളില്‍ പരിശീലനം നല്‍കും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനെ രാജ്യത്തെ മാതൃകാ ജയിലാക്കി മാറ്റുമെന്നും ലോക്‌നാഥ് ബഹ്‌റ പറഞ്ഞു.



Keywords:kannur-kerala-news-jail-make-ejail-internet-conv-dgp-p




Post a Comment

0 Comments

Top Post Ad

Below Post Ad