കാഞ്ഞങ്ങാട് (www.evisionnews.in): മാതാവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച് മുങ്ങിയ മകള്‍ കോടതിയില്‍ ഹാജരായി. ഉദുമ പാക്യാരയിലെ പരേതനായ മസ്താന്റെ ഭാര്യ ഫാത്തിമയെ കാഞ്ഞങ്ങാട് അതിഞ്ഞാലിലെ മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കടന്ന മകള്‍ ഫൗസിയയ്‌ക്കെതിരെ മെയിന്റനന്‍സ് ആക്ട് പ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണു ഫൗസിയ കഴിഞ്ഞദിവസം ആര്‍ഡിഒ കോടതിയില്‍ ഹാജരായത്. സ്വന്തമായി വീടില്ലാത്തതിനാല്‍ ഭര്‍ത്താവിന്റെ സഹോദരിയുടെ വീട്ടിലാണു താമസമെന്നും ചെറിയ കുട്ടി ഉള്‍പ്പെടെ നാലു മക്കളെ വളര്‍ത്താന്‍ തന്നെ കഷ്ടപ്പെടുകയാണെന്നും ഫൗസിയ കോടതിയെ അറിയിച്ചു.
ഉമ്മ ഫാത്തിമയെ ആശുപത്രിയില്‍ പരിചരിക്കുന്നതിനായി ഹോം നഴ്‌സ് സ്ഥാപനത്തിനു 18,000 രൂപ നല്‍കിയിരുന്നതായും ഫൗസിയ കോടതിയില്‍ പറഞ്ഞു. ആശുപത്രിച്ചെലവ് വഹിക്കാന്‍ നന്നേ ബുദ്ധിമുട്ടായിരുന്നു. ഉമ്മയുടെ അസുഖം ഭേദമാകുകയും സ്വന്തമായി വാടക വീട്ടിലേക്കു മാറുകയും ചെയ്താല്‍ ഉമ്മയുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് ഫൗസിയ അറിയിച്ചു. ഹോം നഴ്‌സ് സ്ഥാപനത്തിനു നല്‍കിയ തുക ലഭിക്കുകയാണെങ്കില്‍ ഉമ്മയെ ചികിത്സിക്കുന്നതിനു നല്‍കുമെന്നും ഇവര്‍ പറഞ്ഞു.
ഈ മാസം 29ന് ആണു കടുത്ത പ്രമേഹവും രക്തസമര്‍ദ്ദവും പിടിപെട്ട ഉദുമ പാക്യാരയിലെ പരേതനായ മസ്താന്റെ ഭാര്യ ഫാത്തിമയെ കാഞ്ഞങ്ങാട് അതിഞ്ഞാലിലെ മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫാത്തിമയുടെ അസുഖം ഭേദമാക്കുന്നതിനാണ് ഇപ്പോള്‍ മുഖ്യ പരിഗണനയെന്നും
ഇതിനുശേഷം മകളോടൊപ്പം പോകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ മാത്രമേ അവരോടൊപ്പം അയയ്ക്കുകയുള്ളൂവെന്നും ആര്‍ഡിഒ എന്‍. ദേവീദാസ് പറഞ്ഞു. അല്ലെങ്കില്‍ ഇവരെ അഗതി മന്ദിരത്തിലാക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ സുഹൃത്ത് എന്ന സംഘടനയുടെ പരിചരണത്തിലാണു ഫാത്തിമ ഇപ്പോള്‍.
Keywords; Kasaragod-news-kand-fathima-hospi
Post a Comment
0 Comments