ഇന്ത്യയുടെ നീലവിഹായസില്‍ വിജ്ഞാനത്തിന്റെ നിത്യവിസ്മയ വിസ്‌ഫോടനങ്ങള്‍ സൃഷ്ടിച്ച വിശ്വപൗരനായ നമ്മുടെ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം കഥാവശേഷനായിരിക്കുകയാണ്. വിജ്ഞാനപ്രഭയുടെ സൂര്യശോഭ ചൊരിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വിടവാങ്ങല്‍. ലോകമെമ്പാടുമുള്ള ശാസ്ത്രകുതുകികളും ബൗദ്ധിക-ചിന്താമണ്ഡലങ്ങളും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അശ്രുധാര ഒഴുക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് നട്ടുച്ചയ്ക്ക് ഇരുട്ടായതു പോലെയായി കലാമിന്റെ വിടവാങ്ങല്‍ (www.evisionnews.in).
അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം ഒരു യുഗപ്രഭാവന്‍ തന്നെയായിരുന്നു. ഇന്ത്യ ഇതിനകം ആര്‍ജ്ജിച്ച ബഹിരാകാശ ശാസ്ത്രനേട്ടങ്ങളില്‍ കലാമിന്റെ വിരല്‍സ്പര്‍ശമുണ്ട്. പ്രായം 84 ആയിട്ടും യുവത്വം കൈവിടാതെയാണ് ലോകമെമ്പാടും പറന്നെത്തി തന്റെ ചിന്താധാരകള്‍ ശാസ്ത്രജ്ഞര്‍ക്കു മുമ്പിലും ഗവേഷകര്‍ക്ക് മുമ്പിലും പഠിതാക്കള്‍ക്കു മുമ്പിലും ആകെക്കൂടി പറഞ്ഞാല്‍ ജനസമക്ഷം അദ്ദേഹം അവതരിപ്പിച്ചത്. ജവഹര്‍ലാല്‍ മന്ത്രിസഭാംഗവും പിന്നീട് രാഷ്ട്രപതിയുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണനായിരുന്നു കലാമിനു മുമ്പ് രാഷ്ട്രപതി ഭവനിലെത്തിയ അതുല്യനായ പ്രതിഭാധനന്‍. രാധാകൃഷ്ണന്‍ വിദ്യാഭ്യാസ വിചക്ഷണനായിരുന്നെങ്കില്‍ കലാം ലോകത്തിലെ ഒന്നാംനിര ശാസ്ത്രഗവേഷകനായിരുന്നു.
(www.evisionnews.in)ലോകപ്രശസ്തമായ മുപ്പതോളം സര്‍വ്വകലാശാലകള്‍ അദ്ദേഹത്തിന് ഹോണററി ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിച്ചിട്ടുണ്ട്. ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ വിലമതിക്കാനാവാത്തതും സ്തുത്യര്‍ഹവുമായ സംഭാവന നല്‍കിയ വ്യക്തിത്വമാണ് എ.പി.ജെ അബ്ദുല്‍ കലാമിന്റേത്. കാലത്തെ അതിജീവിക്കുന്ന ചിന്തകളും വാക്കുകളും സ്വപ്‌നങ്ങളുമായാണ് അദ്ദേഹം ദിനേന ലോകത്തോട് സംവദിച്ചത്.
ഇന്ത്യയെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച രാഷ്ട്രപതിയായിരുന്നു കലാം. വാജ്‌പേയിയുടെ ബിജെപി സര്‍ക്കാര്‍ കലാമിനെ രാഷ്ട്രപതി സ്ഥാനത്തെത്തിക്കുമെന്ന് ആരും കരുതിയിരുന്നില്ല. വാജ്‌പേയിക്ക് കലാമിനോട് അങ്ങേയറ്റത്തെ ആദരവാണുണ്ടായിരിക്കുന്നത്. ആദ്യ ബിജെപി സര്‍ക്കാറിന്റെ കാലത്ത് നടന്ന പൊഖ്‌റാനിലെ അണുവിസ്‌ഫോടനത്തിന്റെ അമരത്ത് കലാമായിരുന്നു. ഇതേ തുടര്‍ന്ന് ലോകപോലീസ് ചമയുന്ന രാജ്യമടക്കം ഇന്ത്യയെ ശ്വാസംമുട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ കലാം അവരെ നോക്കി വെല്ലുവിളിച്ചത് 2020 ല്‍ ഇന്ത്യയെ ലോകത്തെ ഏറ്റവും സമ്പന്ന രാഷ്ട്രമാക്കാനുള്ള സ്വപ്‌ന പദ്ധതികള്‍ അവതരിപ്പിച്ചു കൊണ്ടായിരുന്നു. ഡോ എസ് രാധാകൃഷ്ണന്‍ വിദ്യാഭ്യാസ തത്വചിന്തകനായിരുന്നെങ്കില്‍ കെ.ആര്‍ നാരായണന്‍ മികച്ച രാഷ്ട്രതന്ത്രജ്ഞനായിരുന്നെങ്കില്‍ എ.പി.ജെ ശാസ്ത്രസാങ്കേതിക വിദ്യാവൈദഗ്ധ്യവും രാഷ്ട്രതന്ത്രജ്ഞതയും ഒത്തുചേര്‍ന്ന പണ്ഡിതഗ്രേസരനായിരുന്നു.
കലാമിന്റെ ജീവിതത്തിലെ ഏറ്റവും ഉജ്ജ്വലമായ പ്രസംഗമെന്ന് വിശേഷിപ്പിക്കപ്പെടുന്നത് യൂറോപ്യന്‍ യൂണിയന്റെ സുവര്‍ണ്ണ ജൂബിലിയുമായി ബന്ധപ്പെട്ട് ഫ്രാന്‍സിലെ സ്‌ട്രോസ്‌ബെര്‍ഗിലെ പാര്‍ലമെന്റില്‍ നടത്തിയ പ്രഭാഷണമായിരുന്നു. അത് ഭാരതീയ ദര്‍ശനത്തിലൂന്നി ലോകത്തോട് പറഞ്ഞ വാക്കുകളായിരുന്നു. സംഘകാലത്തെ കവി കനിയന്റെ വരികളാണ് അദ്ദേഹം ഉദ്ധരിച്ചത്. 3000വര്‍ഷം മുമ്പ് കനിയന്‍ പറഞ്ഞു. ഞാനൊരു ആഗോള പൗരനാണ്. ലോകത്തെ എല്ലാ മനുഷ്യരും എന്റെ കുട്ടികളും ബന്ധുക്കളുമാണ്(www.evisionnews.in). ഇന്ത്യന്‍ പണ്ഡിതന്മാരുടെ ആഗോളകാഴ്ചപ്പാടാണ് അദ്ദേഹം യൂറോപ്യന്‍ യൂണിയനുമുമ്പില്‍ അന്ന് തുറന്നിട്ടത്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ആശയവും കലാം യൂറോപ്യന്‍ യൂണിയനു മുമ്പില്‍ അന്ന് ഉയര്‍ത്തിക്കാട്ടി. അങ്ങനെ സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രഭാഷണം പോലെ കലാമിന്റെ യൂറോപ്യന്‍ യൂണിയന്‍ സുവര്‍ണ ജൂബിലി പ്രസംഗവും ചിരസ്മരണീയമായി.
ആയിരം പൂര്‍ണചന്ദ്രന്മാരെ ദര്‍ശിക്കാന്‍ ഭാഗ്യം സിദ്ധിച്ച ഒരാളായിരുന്നു കലാം. അറിവും വിജ്ഞാനവും പത്തായപ്പുരയില്‍ പൂട്ടിയിടാനുള്ളതല്ലെന്നും അത് ലോകജനസഞ്ചയത്തിനാകെ പകര്‍ന്നു നല്‍കേണ്ടതാണെന്നും രാമേശ്വരത്തെ ചെറ്റക്കുടിലില്‍ നിന്ന് രാഷ്ട്രപതി ഭവന്‍ വരെ എത്തിയ അദ്ദേഹം ജീവിതാന്ത്യം വരെ ഉറച്ചു വിശ്വസിച്ചു. അങ്ങനെ അറിവും വിജ്ഞാനവും പങ്കുവെക്കുന്നതിനിടയിലാണ് അദ്ദേഹം സ്വര്‍ഗീയനായത്.
Keywords; Anusmaranam-apj-abdul-kalam-india-fomer-presdent-remembrance-obit
Post a Comment
0 Comments