അമ്പലത്തറ:(www.evisionnews.in) കണ്ണോത്തെ അബ്ബാസ് തളര്‍ന്ന് കിടക്കുകയാണ് വീട്ടില്‍. അബ്ബാസിനെയോ ഭാര്യ ആയിഷയെയോ സമാധാനിപ്പിക്കാന്‍ കഴിയാതെ ബന്ധുക്കളും അയല്‍വാസികളും വീര്‍പ്പു മുട്ടുന്നു. ഫഹദിന്റെ സഹോദരി ഷൈല ഭീതിയുടെ കരിനിഴലിലായിരുന്നു. ഇളയ സഹോദരന്‍ എട്ടു വയസ്സുകാരന്‍ അയല്‍വാസിയുടെ വെട്ടേറ്റ് പിടഞ്ഞു വീഴുന്നത് നേരില്‍ കണ്ടതാണ് ഷൈല. മറ്റു സഹോദരങ്ങള്‍ക്കും ഫഹദിന്റെ ദാരുണ അന്ത്യം ഉള്‍ക്കൊള്ളാനായില്ല. പതിവു പോലെ രാവിലെ സഹോദരി ഷൈലയോടും മറ്റ് കൂട്ടുകാരോടുമൊപ്പം കളി പറഞ്ഞു ചിരിച്ചും കല്ല്യോട്ടെ സ്‌കൂളിലേക്ക് നടന്നു നീങ്ങുകയായിരുന്നു ഫഹദ്. എന്‍ഡോസള്‍ഫാന്‍ ബാധിച്ച് കാലിന് ബലക്ഷയമുള്ള ഫഹദ് മെല്ലെയാണ് നടന്നു നീങ്ങിയത്. തുറച്ചു മുന്നിലായിരുന്നു ഷൈലയും മറ്റ് കൂട്ടുകാരും. ഇതിനിടയിലാണ് റോഡരികില്‍ കാട് വെട്ടിത്തളിക്കുകയായിരുന്ന വിജയന്‍ ഫഹദിന്റെ മേല്‍ ചാടി വീഴുകയും തലക്ക് ആഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
ഇന്ന് രാവിലെ സ്‌കൂളിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ഫഹദ് ബാപ്പ അബ്ബാസിനോട് അല്‍പ്പം വാശി കാട്ടിയിരുന്നു. സ്‌കൂളിലേക്ക് കൊടുക്കാന്‍ തന്റെ ഫോട്ടോ വേണമെന്ന് ഫഹദ് വാശി പിടിച്ചു. വൈകിട്ട് സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം സ്റ്റുഡിയോയിലേക്ക് പോയി നല്ല ഫോട്ടോ എടുക്കാമെന്ന് ബാപ്പ പറഞ്ഞെങ്കിലും ഫഹദ് വാശിപിടിച്ചു.
മൊബൈല്‍ ഫോണില്‍ പ്രിയ മകന്റെ മുഖം അവസാനമായി ഒപ്പിയെടുത്ത അബ്ബാസ് മൊബൈലിലെ ഫോട്ടോ നന്നായില്ലെങ്കില്‍ വൈകുന്നേരം സ്റ്റുഡിയോയില്‍ പോയി ഫോട്ടോ എടുക്കാമെന്ന് ബാപ്പ ഉറപ്പിച്ച് പറഞ്ഞതോടെയാണ് ഫഹദിന്റെ മുഖം തെളിഞ്ഞത്. പുഞ്ചിരിയോടെ സഹോദരിയോടൊപ്പം പിന്നീട് സ്‌കൂളിലേക്ക് യാത്ര. മരണം ക്രൂരതയുടെ മുഖം മൂടി ധരിച്ച് കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്നത് ഫഹദിനറിയില്ലായിരുന്നു.
keywords : Kasaragod-news-periya-kalyott-news-murder-case-police-last snap
Post a Comment
0 Comments