Type Here to Get Search Results !

Bottom Ad

26 മിനിറ്റിൽ 200 ബൈക്ക് വിറ്റ് ‘ബുള്ളറ്റ്’


ഡല്‍ഹി: (www.evisionnews.in) പരിമിതകാല പതിപ്പെന്ന നിലയില്‍ പുറത്തിറക്കുന്ന 200 'ബുള്ളറ്റ്' മോട്ടോര്‍ സൈക്കിളുകള്‍ ഓണ്‍ ലൈന്‍ ബുക്കിങ് വഴി വെറും 26 മിനിറ്റില്‍ വിറ്റഴിഞ്ഞെന്ന് റോയല്‍ എന്‍ഫീല്‍ഡ്. ലോക മഹായുദ്ധകാലത്ത് ആശയവിനിയമത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഡസ്പാച്ച് റൈഡര്‍മാരില്‍ നിന്നു പ്രചോദിതമായാണ് ഐഷര്‍ മോട്ടോഴ്‌സിന്റെ ഇരുചക്രവാഹന നിര്‍മാണ വിഭാഗമായ റോയല്‍ എന്‍ഫീല്‍ഡ് പുതിയ പരിമിതകാല പതിപ്പ് അവതരിപ്പിച്ചത്. ഓണ്‍ലൈന്‍ വഴി മാത്രമാവും ഈ ബൈക്കുകളുടെ വില്‍പ്പനയെന്നും മേയില്‍ തന്നെ കമ്പനി വ്യക്തമാക്കിയിരുന്നു.'ക്ലാസിക് 500' അടിസ്ഥാനമാക്കിയുള്ള പരിമിതകാല പതിപ്പില്‍പെട്ട ബൈക്കുകള്‍ മൊത്തം 600 എണ്ണം മാത്രമാണു വില്‍പ്പനയ്‌ക്കെത്തുകയെന്നു റോയല്‍ എന്‍ഫീല്‍ഡ് പ്രഖ്യാപിച്ചിരുന്നു. 2.16 ലക്ഷം രൂപയാണു ബൈക്കിനു ഡല്‍ഹി നിരത്തിലെ വില. 

ലോകമഹായുദ്ധ വേളകളില്‍ സൈനിക ആസ്ഥാനത്തു നിന്നുള്ള തന്ത്രപ്രധാന സന്ദേശങ്ങള്‍ യുദ്ധഭൂമിയിലെത്തിച്ചിരുന്നതില്‍ നിര്‍മാണയക കണ്ണികളായി പ്രവര്‍ത്തിച്ച ഡസ്പാച്ച് റൈഡര്‍മാര്‍ ഉപയോഗിച്ചിരുന്ന ബൈക്കുകളില്‍ നിന്നാണു റോയല്‍ എന്‍ഫീല്‍ഡ് പുതിയ ശ്രേണിക്കുള്ള പ്രചോദനം കണ്ടെത്തിയത്. മൂന്നു നിറങ്ങളിലാണു പരിമിതകാല പതിപ്പ് വില്‍പ്പനയ്‌ക്കെത്തുക; ഓരോ നിറത്തിലും 200 ബൈക്ക് വീതം. ഇതില്‍ ഡെസേര്‍ട്ട് സ്റ്റോം ഡസ്പാച്ച്, സ്‌ക്വാഡ്രണ്‍ ബ്ലൂ ഡസ്പാച്ച് നിറങ്ങള്‍ ഇന്ത്യയിലും ബാറ്റില്‍ ഗ്രീന്‍ ഡസ്പാച്ച് എന്ന മൂന്നാം നിറം വിദേശ വിപണികളിലുമാണു ലഭ്യമാവുക. നിലവില്‍ സൈന്യം ഉപയോഗിക്കുന്ന 'ബുള്ളറ്റു'കളുടെ നിറത്തോടുള്ള സാമ്യം പരിഗണിച്ചാണത്രെ ബാറ്റില്‍ ഗ്രീന്‍ ഡസ്പാച് നിറത്തിലുള്ള ബൈക്കുകള്‍ ഇന്ത്യയില്‍ വില്‍ക്കാത്തത്.

ഓണ്‍ലൈന്‍ ബുക്കിങ് സ്റ്റോറില്‍ വില്‍പ്പനയ്ക്കുണ്ടായിരുന്ന 200 പരിമിതകാല പതിപ്പുകളും വെറും 26 മിനിറ്റിനകം ആരാധകര്‍ സ്വന്തമാക്കിയെന്നു റോയല്‍ എന്‍ഫീല്‍ഡ് പ്രസിഡന്റ് രുദ്രതേജ് സിങ് അറിയിച്ചു. വിപുലമായ വിപണന തന്ത്രങ്ങളും പരസ്യ കോലാഹലങ്ങളുമൊക്കെയായി വാഹനങ്ങള്‍ വില്‍ക്കുന്ന വേളയില്‍ കൈവരിച്ച ഈ നേട്ടം 'ബുള്ളറ്റി'ന്റെ സമയാതീത രൂപകല്‍പ്പനയുടെ ആഘോഷമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.ബൈക്കുകളുടെ പരിമിതകാല പതിപ്പിനൊപ്പം റൈഡിങ് ഗീയര്‍, അക്‌സസറികള്‍ എന്നിവയുടെ പുത്തന്‍ ശേഖരം ആഭ്യന്തര, വിദേശ വിപണികളില്‍ അവതരിപ്പിക്കാനും റോയല്‍ എന്‍ഫീല്‍ഡ് തയാറെടുക്കുന്നുണ്ട്.ലോകമഹായുദ്ധ കാലത്തെ അനുസ്മരിപ്പിക്കുന്ന ലതര്‍ ജാക്കറ്റുകളും ആങ്കിള്‍ ഗാര്‍ഡുള്ള ഷൂസുമൊക്കെ കമ്പനി വില്‍പ്പനയ്‌ക്കെത്തിക്കും. ഇന്ത്യയ്ക്കു പുറമെ നിലവില്‍ കമ്പനിക്കു സാന്നിധ്യമുള്ള 50 വിദേശ വിപണികളിലും ഇവ ലഭ്യമാവും.ഇന്ത്യയില്‍ ഇപ്പോള്‍ നാനൂറോളം വിപണന കേന്ദ്രങ്ങളാണു റോയല്‍ എന്‍ഫീല്‍ഡിനുള്ളത്; ഇതില്‍ 250 സ്ഥലങ്ങളിലാണ് ഗീയറും അക്‌സസറികളും വില്‍പ്പനയ്ക്കുള്ളത്. വര്‍ഷാവസാനത്തോടെ ഔട്ട്‌ലെറ്റുകളുടെ എണ്ണം 500 ആയും അക്‌സസറി വില്‍പ്പനകേന്ദ്രങ്ങളുടെ എണ്ണം 400 ആയും ഉയര്‍ത്താനാണു കമ്പനിയുടെ പദ്ധതി. വിദേശത്താവട്ടെ ലാറ്റിന്‍ അമേരിക്കയും ദക്ഷിണ പൂര്‍വ ഏഷ്യയും പോലുള്ള മേഖലകളിലാണു കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Keywords:delhi-bullete-bike

Tags

Post a Comment

0 Comments

Top Post Ad

Below Post Ad