Type Here to Get Search Results !

Bottom Ad

ബൈക്ക് ലേണേഴ്‌സ് ലൈസന്‍സ് ഉണ്ടെങ്കില്‍ അപകട ഇന്‍ഷുറന്‍സിന് അര്‍ഹത

കൊച്ചി : (www.evisionnews.in) അപകടത്തില്‍പെടുന്ന ഇരുചക്രവാഹനം ഓടിച്ചയാള്‍ക്കു ലേണേഴ്‌സ് ലൈസന്‍സ് മാത്രമാണുള്ളതെന്നു പറഞ്ഞ് ഇന്‍ഷുറന്‍സ് നിഷേധിക്കാനാവില്ലെന്നു ഹൈക്കോടതി. ലേണേഴ്‌സുള്ള ഡ്രൈവര്‍ക്കൊപ്പം ലൈസന്‍സുള്ള ഇന്‍സ്ട്രക്ടര്‍ ഇല്ലെന്ന കാരണത്താല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ നഷ്ടപരിഹാര ബാധ്യത ഒഴിവാകുന്നില്ലെന്നു കോടതി വ്യക്തമാക്കി. 

ലേണേഴ്‌സ് ലൈസന്‍സ് ഉള്ളയാള്‍ക്കു വാഹനം ഓടിക്കാന്‍ പ്രായോഗിക തലത്തില്‍ അര്‍ഹതയുണ്ട്. ഇതു സുപ്രീംകോടതി അംഗീകരിച്ചതാണ്. പിന്നിലിരിക്കുന്നയാളെ ഡ്രൈവറായി പരിഗണിക്കാനാവാത്തതിനാല്‍, ലൈസന്‍സുള്ളയാള്‍ പിറകിലില്ലാത്തതു പോളിസി വ്യവസ്ഥയുടെ ലംഘനമായി കാണാനാവില്ലെന്നു കോടതി പറഞ്ഞു. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണു ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. 

തിരുച്ചിലങ്ങാടിയില്‍ 2007 മേയ് 27നു വഴിയാത്രക്കാരന്‍ മോട്ടോര്‍ സൈക്കിളിടിച്ചു മരിച്ച സംഭവത്തില്‍ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍ 4.98 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചതാണ് അപ്പീലിന് ആധാരം. ലൈസന്‍സുള്ള ഡ്രൈവര്‍ കൂടെയില്ലാതെ ലേണേഴ്‌സ് മാത്രമുള്ളയാള്‍ വാഹനമോടിച്ചാല്‍ നഷ്ടപരിഹാരം നല്‍കുന്നതു പോളിസി വ്യവസ്ഥയ്ക്കു വിരുദ്ധമാണെന്ന് ഇന്‍ഷുറന്‍സ് കമ്പനി വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ട്രൈബ്യൂണല്‍ നിശ്ചയിച്ച നഷ്ടപരിഹാര തുക ഒട്ടും കൂടുതലല്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.




keywords; bike-learning-licence-accident-insurance

Tags

Post a Comment

0 Comments

Top Post Ad

Below Post Ad