-കെപിഎസ് വിദ്യാനഗര്‍
വളര്‍ന്നു വരുന്ന നവയുഗത്തില്‍ അത്ഭുതകരമായ സാങ്കേതിക വളര്‍ച്ചയാണ് നമുക്കുള്ളത്.ടെക്‌നോളജികളും വിവരസാങ്കേതികവിദ്യകളും നമ്മുടെ ദൈന്യം ദിന കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ ചില പുത്തന്‍ സംവിധാനങ്ങളെ നമുക്ക് മാറ്റിനിര്‍ത്താനാവുന്നില്ല,അവയില്‍ ഏറ്റവും മികവോടെയും തികവോടെയും തലയുയര്‍ത്തി നില്‍ക്കുന്നത് വാട്‌സപ്പ് തന്നെയാണ്.കാല ചക്രത്തിലെ മാറ്റങ്ങളോട് അത്ര പെട്ടെന്നൊന്നും നമുക്കിണങ്ങാന്‍ ആവില്ലെങ്കിലും വാട്‌സപ്പ് ഇല്ലാത്ത ആന്‍ഡ്രോയിഡ് ഫോണുകളെ പടിക്ക്പുറത്ത് നിര്‍ത്താനാണ് നമുക്ക് താല്പര്യം .
ലോകത്ത് 70 കോടിയില്‍പരം ഉപഭോക്താക്കളുള്ള ഒരു ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ആണ് വാട്‌സപ്പ് .ഇതിലൂടെ മൂവായിരം കോടി സന്ദേശങ്ങള്‍ ദിനംപ്രതി പങ്കു വെക്കപ്പെടുന്നു എന്നാണു കണക്കുകള്‍ പറയുന്നത്.വാക്കുകളും ചിത്രങ്ങളും വീഡിയോകളും ശബ്ദ സന്ദേശങ്ങളും അയക്കാം എന്നതാണ് വാട്‌സപിനെ ജനപ്രിയമാക്കിയത് .കൂടാതെ ഇപ്പോള്‍ സൗജന്യമായി കോള്‍ ചെയ്യാനും സാധിക്കുന്നു.മുന്‍കാലങ്ങളില്‍ എഴുതി അയക്കാന്‍ മാത്രം പറ്റിയിരുന്ന സാഹചര്യത്തില്‍ നിന്ന് ലോകത്ത് എവിടേക്കും എന്ത് സന്ദേശങ്ങളും അയക്കാം എന്നതിനാല്‍ തന്നെ നമ്മുടെ ജീവിതചര്യയുടെ ഭാഗമായിരിക്കുകയാണ് ഈ ആപ്ലിക്കേഷന്‍.
ഏതൊന്നിനും ഇരു വശങ്ങള്‍ ഉണ്ട് എന്നപോലെ വാട്‌സപ്പിനും ഗുണവും ദൂഷ്യവും ഉണ്ട്. എന്നാല്‍ അത് എങ്ങനെ ഉപയോഗിക്കുന്നു എന്നത് വെച്ചാണ് നമുക്കതിനെ നിര്‍വചിക്കാന്‍ സാധിക്കുക.ഇന്ന് വാട്‌സ്പ്പ് മധുരിച്ചു ഇറക്കാനോ കൈച്ചിട്ടു തുപ്പാനോ പറ്റാത്ത അവസ്ഥയിലാണ് ആവിശ്യമുള്ളതും ഇല്ലാത്തതും തരവും ആളും നോക്കാതെയാണ് ഷെയര്‍ ചെയ്യപ്പെടുന്നത്.വ്യക്തിഹത്യ ചെയ്യുന്ന ചിത്രങ്ങളോ വാര്‍ത്തകളോ വ്യാപകമയി ഷെയര്‍ ചെയ്യപെടുന്നു.അപ്രകാരം തന്നെ വ്യാജ വാര്‍ത്തകളും.
ഗ്രൂപ്പുകളുടെ ആധിക്യമാണ് ഇന്ന് വാട്‌സപ്പില്‍.ഒരേ കമ്പനിക്ക് ,ഒരേ വിഭാഗം തൊഴിലാളികള്‍ക്ക്,ഓരോ സൗഹൃദസംഘങ്ങള്‍ക്ക്,ഓരോ കുടുംബത്തിനും തുടങ്ങി ഒരേ ബെഞ്ചില്‍ പഠിക്കുന്നവര്‍ക്ക് വരെ വേറെ വേറെ ഗ്രൂപുകളാണ്.ഈ ലോകത്ത് വാട്‌സപ്പ് ഒരു സമാന്തര ലോകമാണ് .പഴയ എസ് എം എസ് കാലത്തേ ചുറ്റിക്കലുകള്‍ പുതിയ മുഖംമൂടിയണിഞ്ഞു വാട്‌സപ്പിലും ഓടി കളിക്കുന്നുണ്ട്.വേറെ ഗ്രൂപ്പുകളില്‍ അയച്ചാല്‍ മാജിക് കാണാം,പത്തു പേര്‍ക്ക് ഷെയര്‍ ചെയ്തില്ലെങ്കില്‍ അപകടം സംഭവിക്കും,പുണ്യം കിട്ടും തുടങ്ങിയ ഇപ്പോഴും ആളുകള്‍ ഷെയര്‍ ചെയ്തു കൊണ്ടേയിരിക്കുന്നു.
അതെ സമയം ഒരുപാട് മാതൃകാപരമായ കാര്യങ്ങളും കാണാം വാട്‌സപ് ഗ്രൂപ്പുകളില്‍ .ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹ്യ സേവനങ്ങളും പ്രോത്സഹിപ്പിക്കേണ്ടത് തന്നെ.എങ്കിലും രക്തം ആവിശ്യപ്പെട്ടു കൊണ്ടുള്ള മെസ്സേജുകള്‍ വീണ്ടും വീണ്ടും പ്രചരിക്കുന്നു,കാണാതായ കുട്ടികളെ കണ്ടത്തിയാല്‍ പോലും ആ പഴയ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യപ്പെടുന്നത് അവസാനിക്കുന്നില്ല,വ്യാജമായി നിര്‍മ്മിച്ച ചിത്രങ്ങള്‍ സത്യാവസ്ഥ മനസ്സിലാക്കാതെ ഓരോരുത്തരും മറ്റു ഗ്രൂപ്പുകളില്‍ അയക്കുന്നു,ഹര്‍ത്താല്‍ വാര്‍ത്തകള്‍ തീയതികളില്‍ മാറ്റം വരുത്തി വീണ്ടും വീണ്ടും പ്രചരിക്കുന്നു,മത പ്രഭാഷണങ്ങളും അതിനെ എതിര്‍ത്തു കൊണ്ടുള്ള മറ്റു ഗ്രൂപ്പുകളുടെ പ്രസംഗങ്ങളും വ്യാപകമാവുന്നു. ആകെപാടെ സംഘര്‍ഷാവസ്ഥയാണ് വാട്‌സപ്പ് ഗ്രൂപ്പുകളില്‍. ഷെയര്‍ ചെയ്യപ്പെടുന്നതിനു മുമ്പ് സത്യാവസ്ഥ മനസ്സിലാക്കാനുള്ള സാവകാശം പോലും കാണിക്കാതെ മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കുന്ന ഈ പ്രവണതയാണ് വാട്‌സപ്പിനെ കൂടുതല്‍ അപകടകരമാക്കുന്നത് .
Keywords: article-watsapp-merits-and-demerits
Post a Comment
0 Comments