കാസര്‍കോട് (www.evisionnews.in): കേരളതീരത്ത് യന്ത്രവത്കൃത ബോട്ടുകള്‍ക്കുള്ള മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം ഞായറാഴ്ച അര്‍ദ്ധരാത്രി നിലവില്‍ വരും. രാത്രി 12ന് നീണ്ടകര പാലത്തിന് താഴെ തൂണുകളില്‍ ചങ്ങലയിട്ട് ബോട്ടുകള്‍ കടലിലേക്ക് പ്രവേശിക്കുന്നത് തടയുന്നതോടെയാണ് സംസ്ഥാനത്ത് ട്രോളിങ് നിരോധനത്തിന് തുടക്കമാവുന്നത്. 47 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം. ജൂലായ് 31ന് ശേഷമേ ഇനി ട്രോളിങ് അനുവദിക്കൂ. ജില്ലയില്‍ 45,000ത്തോളം മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ നിരോധനം ബാധിക്കും. അനുബന്ധ തൊഴിലാളികള്‍ ഇതിനുപുറമേയാണ്.
നിരോധനം സംബന്ധിച്ച് 14ന് രാവിലെമുതല്‍ കടലിലും കരയിലും ഉച്ചഭാഷിണിയില്‍ അറിയിപ്പ് നല്‍കും. അന്യസംസ്ഥാന വള്ളങ്ങളെല്ലാം കേരളതീരം വിട്ടുപോകേണ്ടതാണെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ടി.സുരേഷ്‌കുമാര്‍ അറിയിച്ചു. തീരദേശത്തുള്ള എല്ലാ പമ്പുകളും ജൂണ്‍ 14 അര്‍ധരാത്രിമുതല്‍ അടച്ചിടും. നിരോധനത്തിനുശേഷം ഇന്ധനം നിറയ്ക്കുന്നതിന് മൂന്നുദിവസം മുമ്പ് സൗകര്യം ഒരുക്കും.
ട്രോളിങ് നിരോധനം കണക്കിലെടുത്ത് കരയിലും കടലിലും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിനും നിരീക്ഷണത്തിനുമായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരദേശ പോലീസും പട്രോളിങ് ശക്തമാക്കും.തൊഴില്‍രഹിതരാകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സിവില്‍ സപ്ലൈസ് വഴി തുടങ്ങി.
നിരോധനവേളയില്‍ കായലിലും ട്രോളിങ് അനുവദിക്കില്ല. ചെറുവള്ളങ്ങള്‍ക്കും പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്കും കടലിലിറങ്ങുന്നതിന് അനുവാദം നല്കിയിട്ടുണ്ട്. നിരോധനം ലംഘിച്ച് മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന യന്ത്രവത്കൃത ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഫിഷറീസ് അധികൃതര്‍ അറിയിച്ചു.
Keywords: Kasaragod-trolling-parambaragatha-trolling-fisheries
Post a Comment
0 Comments