Type Here to Get Search Results !

Bottom Ad

ടി.കെ.എം ബാവ മുസ്ല്യാരുടെ ഓര്‍മ്മകള്‍ക്ക് രണ്ടാണ്ട്‌

ടി.കെ.എം ബാവ മുസ്‌ലിയാരുടെ ഓര്‍മകള്‍ക്ക് ജൂണ്‍ 16ന് രണ്ട് വര്‍ഷം പിന്നിടുന്നു.

                                                                                                മന്‍സൂര്‍ ഹുദവി മുള്ളേരിയ



evisionnews

ജീവിതത്തില്‍ പകര്‍ത്താന്‍ ഒത്തിരി പാഠങ്ങളും അനുകരിക്കാന്‍ ഒരുപാട് മാതൃകകളും പകര്‍ന്നു നല്‍കി സമസ്തയുടെ പണ്ഡിതമഹത്തുക്കളിലെ നക്ഷത്രശോഭയായിരുന്ന തൊണ്ടിക്കോടന്‍ മുഹ്‌യുദ്ദീന്‍ എന്ന ടി.കെ.എം ബാവ മുസ്‌ലിയാര്‍ കടന്ന് പോയിട്ട് രണ്ട് വര്‍ഷം പിന്നിടുകയാണ്. തിരിഞ്ഞുനോക്കുമ്പോള്‍ മാഹാന്റെ വിയോഗം തീര്‍ത്ത വിടവ് ഇന്നും നികത്താനാവാതെ കിടക്കുന്നു.(www.evisonnews.in)

അറിവും ആത്മീയതയും ഒരു പോലെ സംഗമിച്ച ആ ജീവിതം കര്‍മ്മനൈരന്തര്യം കൊണ്ടും പ്രവര്‍ത്തന ചടുലതയാലും സജീവമായിരുന്നു. അധരവ്യായാമങ്ങള്‍ക്ക് പഞ്ഞമില്ലാത്ത ലോകത്ത് അല്പം മാത്രം സംസാരിച്ച് പ്രവര്‍ത്തനങ്ങളും തന്റെ സേവനങ്ങളുമാണ് വാചാലമാവേണ്ടതെന്ന് തെളിയിക്കുന്നതായിരുന്നു ആ ജീവിതം. 

വെളിമുക്കിനടുത്ത് പുകള്‍പെറ്റ പണ്ഡിത തറവാട്ടിലെ അരുമസന്തതിയായി 1930 ജൂലൈ 21നാണ് ബാവ മുസ്‌ലിയാര്‍ ജനിക്കുന്നത്. പിതാവ് ബീരാന്‍കുട്ടി മുസ്‌ലിയാര്‍ അറിയപ്പെട്ട പണ്ഡിതനും സൂഫിവര്യനുമായിരുന്നു. വെളിമുക്കിലെ അലിമുല്ലയുടെ ഓത്തുപള്ളിയില്‍ നിന്നും ആദ്യാക്ഷരപാഠം നുകര്‍ന്ന മഹാന്‍ വളരെ ചെറുപ്പത്തില്‍ തന്നെ പിതാമഹന്റെ പള്ളിദര്‍സില്‍ ചേര്‍ന്നതോടെയാണ് അറിവിന്റെ അനന്തവിഹായസ്സിലേക്ക് നടന്നടുക്കാന്‍ തുടങ്ങിയത്. (www.evisonnews.in)

അതിന് ശേഷം വെളിമുക്ക്, പരപ്പനങ്ങാടി, പറപ്പൂര്‍, കാസര്‍കോട്, കോട്ടുമല എന്നീ സ്ഥലങ്ങളിലായി കേളികേട്ട പണ്ഡിത പ്രമുഖരായ കോമുമുസ്‌ലിയാര്‍, പറവണ്ണ ഉസ്താദ്, കുഞ്ഞീതു മുസ്‌ലിയാര്‍, അവറാന്‍ മുസ്‌ലിയാര്‍, കോട്ടുമല ഉസ്താദ് തുടങ്ങിയ ഗുരുവര്യരില്‍ നിന്നും വിഞ്ജാനത്തിന്റെ മുധു നുകര്‍ന്നു. പട്ടിണിയും പരിവട്ടവും തീര്‍ത്ത പ്രതിബന്ധങ്ങള്‍ ആത്മവിശ്വാസത്തിന്റെ പിന്‍ബലത്തില്‍ മറികടന്നാണ് മഹാന്‍ വിജ്ഞാന സാഗരം നീന്തിക്കടന്നത്. 

ദര്‍സ് പഠനത്തിന് ശേഷം വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ മൂന്ന് വര്‍ഷം പഠനം നടത്തി മൗലവി ഫാളില്‍ ബാഖവി ബിരുദം കരസ്ഥമാക്കി. ശൈഖ് ആദം ഹസ്‌റത്ത്, ശൈഖ് ഹസന്‍ ഹസ്‌റത്ത്, അബൂബക്കര്‍ ഹസ്‌റത്ത് തുടങ്ങിയവര്‍ വെല്ലൂരിലെ പ്രധാന ഗുരുവര്യന്മാരായിരുന്നു. 

വിജ്ഞാസമ്പാദനത്തിന് ശേഷം അറിവിന്റെ പ്രസരണത്തിനും സാമൂഹിക സേവനത്തിനും സമര്‍പ്പിക്കപ്പെട്ടതായിരുന്നു ആ ജീവിതം. കൂമണ്ണ. മൂരിയാട്, ഊരകം, കുണ്ടൂര്‍, കാസര്‍കോട് തുടങ്ങിയ സ്ഥലങ്ങളിലായി അഞ്ച് പതിറ്റാണ്ടോളം മഹാന്‍ ദര്‍സ് അധ്യാപനം നടത്തിയിട്ടുണ്ട്. 1983 മെയ് 18നാണ് കാസര്‍കോട് ഖാസിയായി നിയമിതനാവുന്നത്. 

അറിവിന്റെ അക്ഷയഖനിയി വളര്‍ന്നു പന്തലിച്ചപ്പോഴും ഭക്തിയും ജീവിത വിശുദ്ധിയും ബാവ മുസ്‌ലിയാരെ കൂടുതല്‍ സ്രേഷ്ഠരാക്കി. കാസര്‍കോട് ഖാസിയായതോടെ സ്വദേശമായ മലപ്പുറം വെളിമുക്കില്‍ നിന്നും ജീവിതം ഉത്തരമലബാറിലേക്ക് പറിച്ചുനടുകയായിരുന്നു. മാസത്തില്‍ ഒന്നോ രണ്ടോ തവണ അടിയന്തിര ആവശ്യങ്ങള്‍ക്കു മാത്രമേ അദ്ദേഹം നാട്ടില്‍ ചെല്ലാറുള്ളൂ. ആത്മാര്‍ത്ഥതയുടെ നിലാവഴക് തീര്‍ത്ത് നാടും വീടിനുമപ്പുറം കാസര്‍കോടുകാരെ സ്‌നേഹിച്ചപ്പോഴാണ് അദ്ദേഹം കാസര്‍കോട്ടുകാരുടെ പ്രിയപ്പെട്ട ഖാസിയാര്‍ച്ചയായി മാറിയത്.

1976 ജൂലൈ 31ന് സമസ്ത കേന്ദ്രമുശാവറ മെമ്പറായ ബാവ മുസ്‌ലിയാര്‍ 1989 ഫെബ്രുവരി 21ന് സമസ്ത കേരള ഇസ്‌ലാമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയും മരണം വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്ുതു. (www.evisonnews.in)

ദിക്‌റിലും ഫിക്‌റിലുമായി ഒതുങ്ങിക്കൂടാനായിരുന്നു താല്‍പര്യമെങ്കിലും സ്ഥാനമാനങ്ങള്‍ ആ വിശുദ്ധിയെ തേടിയെത്തുകയായിരുന്നു. അറിയാതെ അരിച്ചെത്തിയ പദവികള്‍ വെറും അലങ്കാരമാക്കി വെക്കാതെ ഉത്തരവാദിത്യബോധത്തോടെയും കൃത്യതയോടെയും മുന്നോട്ട് കൊണ്ട് പോകാനായെന്നത് ഖാസിയാരുടെ പ്രത്യേകതയായിരുന്നു. നിലപാടുകളിലെ കണിശതയും തീരുമാനങ്ങളിലെ ദീര്‍ഘദൃഷ്ടിയും ഖാസിയാരെ വേറിട്ടുനിര്‍ത്തി. എല്ലാവരെയും ഉള്‍കൊള്ളാനും സ്‌നേഹച്ചരടില്‍ കോര്‍ത്തിണക്കാനും അദ്ദേഹത്തിനാവുമായിരുന്നു. സമസ്തയുടെ സമുന്നത നേതാവായി പ്രവര്‍ത്തിക്കുമ്പോഴും മറ്റുള്ളവരെ വിമര്‍ശിക്കാനോ വിദ്വേഷം പരത്താനോ അദ്ദേഹം തയ്യാറായിരുന്നില്ല. (www.evisonnews.in)

അല്ലാഹുവിനെ മാത്രം ഭയപ്പെട്ട പണ്ഡിത സ്രേഷ്ഠനെന്ന് ബാവ മുസ്‌ലിയാരെ പലരും വിശേഷിപ്പിക്കാറുണ്ട്. അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരുന്നുവെന്ന് ആ ജീവിതം അടുത്തറിയുമ്പോള്‍ മനസ്സിലാക്കാനാവും. അറിവിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തില്‍ താനെടുക്കുന്ന തീരുമാനത്തെ സ്വാധീനിക്കാന്‍ ഒരു ശക്തിക്കുമാകുമായിരുന്നില്ല. വലിയ പ്രമാണിമാരും പണച്ചാക്കുകളും അദ്ദേഹത്തെ വശീകരിക്കാന്‍ ശ്രമം നടത്തി പരാജയപ്പെട്ട ഒന്നിലധികം അനുഭവങ്ങള്‍ കാസര്‍കോടുകാര്‍ പറയാറുണ്ട്.

ഭക്തിയും നിഷ്‌കളങ്കതയും മഹാന്റെ കൂടപ്പിറപ്പായിരുന്നു. മഹാന്റെ ആദര്‍ശ ധീരതയ്ക്കു മുന്നില്‍ പണത്തിനും സ്ഥാനമാനങ്ങള്‍ക്കും പുല്ലുവിലായായിരുന്നു. ഭൗതിക താല്‍പര്യമോ സുഖിച്ചുകഴിയാനുള്ള മോഹമോ അദ്ദേഹത്തെ തൊട്ടുതീണ്ടിയിട്ടില്ലായിരുന്നു. കാസര്‍കോട് അദ്ദേഹം താമസിച്ചിരുന്ന ഖാസി ഹൗസ് മോടിപിടിപ്പിക്കാന്‍ കമ്മിറ്റി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. കമ്മിറ്റിയുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് കട്ടില്‍ മാത്രം മാറ്റാന്‍ തയ്യാറായി. കട്ടില്‍ മാറ്റാനായി കിടക്ക നിവര്‍ത്തിയപ്പോള്‍ അതിനടിയില്‍ ചുരുട്ടിയിട്ട ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ചിതറിക്കിടക്കുന്നതായാണ് കണ്ടത്. (www.evisonnews.in) സന്ദര്‍ശകര്‍ അദ്ദേഹത്തിന് സ്‌നേഹപൂര്‍വ്വം നല്കിയ ഹദ്‌യകളായിരുന്നു അവയെങ്കിലും ഖാസിയാര്‍ക്ക് അതിനോട് പ്രത്യേക താല്‍പര്യമോ ആഗ്രഹമോ ഉണ്ടായിരുന്നില്ല. 

വിനയവും ലളിത ജീവിതവും മഹാനെ മറ്റുള്ളവരില്‍ നിന്നും വേറിട്ടുനിര്‍ത്തി. ഉത്തരദേശത്തെ വലിയ ഖാസിയായിരിക്കുമ്പോഴും സമസ്തയുടെ സമുന്നത നേതൃപദവി അലങ്കരിക്കുമ്പോഴും ഭൗതിതയുടെ നിറപ്പകിട്ട് കൊണ്ട് ആത്മീയതയ്ക്ക് മോടിപിടിപ്പിക്കാനോ പുറംപൂച്ചുകളുടെ മേലാപ്പ് ധരിച്ച് ആളാവാനോ അദ്ദേഹത്തിന് താല്‍പര്യമില്ലായിരുന്നു. പ്രിയപ്പെട്ട ഖാസിയാര്‍ച്ചയുടെ ഏതൊരാവശ്യവും നിറവേറ്റിക്കൊടുക്കാന്‍ തയ്യാറായിരുന്ന കെ.എസ് അബ്ദുല്ല സാഹിബ് അടക്കമുള്ള പൗരപ്രമുഖര്‍ എമ്പാടുമുണ്ടായിരുന്ന തളങ്കര മഹല്ലില്‍ മുപ്പത് വര്‍ഷത്തോളം കഴിഞ്ഞെങ്കിലും താനുമായി ബന്ധപ്പെട്ട ഏതെങ്കിലും ഭൗതിക വിഷയത്തില്‍ ഒരിക്കല്‍ പോലും ഖാസിയാര്‍ പരാതിയോ പരിഭവമോ പ്രകടിപ്പിച്ചതേയില്ല. ഖാസിയാര്‍ക്ക് ഒരു കാര്‍ വാങ്ങിക്കൊടുക്കാനുള്ള കമ്മിറ്റിയുടെ ശ്രമം അദ്ദേഹത്തിന്റെ എതിര്‍പ്പ് കൊണ്ട് മാത്രം നീണ്ടുനീണ്ടു പോവുകയായിരുന്നു. അവസാനം ഖാസിയാരുടെ നിബന്ധനകള്‍ പാലിച്ചാണ് ആ തീരുമാനം നടപ്പിലായത്. അവസാന കാലം വരെ ഖാസിയാര്‍ താമസിച്ചിരുന്നത് പത്തന്‍പത് വര്‍ഷം പഴക്കമുള്ള ചോര്‍ന്നൊലിക്കാന്‍ മാത്രം പഴകിപ്പോയ ഓടുമേഞ്ഞൊരു കൊച്ചുവീട്ടിലായിരുന്നു. അനുയായികളും സ്‌നേഹിതരുമായി നിരവധിയാളുകളുണ്ടായിട്ടും ആരോടും പരിഭവമറിയിക്കാന്‍ അദ്ദേഹത്തിന് താല്‍പര്യമില്ലായിരുന്നു. അവസാന കാലത്ത് ഖാസിയാരുടെ വീടിന്റെ ദയനീയാവസ്ഥ മനസ്സിലാക്കിയ കാസര്‍കോട്ടെ ഒരു വ്യവസായി നല്ലൊരു വീട് നിര്‍മ്മിച്ച് നല്‍കുകയായിരുന്നു. 

സൗമ്യതയും വിനയവുമായിരുന്നു ബാവ മുസ്‌ലിയാരുടെ ജീവിതം. തന്റെ അരികിലെത്തുന്ന ഏതൊരാള്‍ക്കും അര്‍ഹമായ പരിഗണന നല്‍കാനും സ്‌നേഹവായ്പുകള്‍ കൊണ്ട് സന്തോഷിപ്പിക്കാനും അദ്ദേഹത്തിന് പ്രത്യേകം കഴിവുണ്ടായിരുന്നു. സൗഹൃദത്തോടും സംയമനത്തോടും കൂട്ട്കൂടിയപ്പോള്‍ ബാവ മുസ്‌ലിയാര്‍ സുസമ്മതനായി മാറുകയായിരുന്നു. മൂന്ന് പതിറ്റാണ്ട് കാസര്‍കോട് ഖാസി പദത്തിലിരുന്നിട്ടും അദ്ദേഹത്തിന്റെ പേരില്‍ ഒരു വിവാദമോ എതിരഭിപ്രായമോ ഉണ്ടായതായി കേട്ടുകേള്‍വി പോലുമില്ലെന്നത് ആ വ്യക്തിത്വത്തിന്റെ മഹത്തമാണ്.

ഈമാന്റെ പ്രഭ വിതറുന്ന മുഖകാന്തിയും പാണ്ഡിത്യത്തിന്റെ ഗരിമ വിളിച്ച് പറയുന്ന ഗൗരവഛായയും ആരെയും വശീകരിക്കുന്ന ആകാര സൗഷ്ഠവവും ഖാസിയാരുടെ പ്രത്യേകതയായിരുന്നു. അലങ്കാരത്തൊങ്ങലെന്ന പോലെ കയ്യില്‍ കരുതിയ വടിയും നീളന്‍ ഖമീസുമായി ഖാസിയാര്‍ കടന്നുവരുന്നത് തന്നെ മനസ്സിലേക്കൊരു കുളിര്‍ മഴയായിരുന്നു.

കര്‍ണാനന്ദകരമായ മധുര കണ്ഠവും വാക്ചാരുതയും ഖാസിയാരെ ജനഹൃദയങ്ങളില്‍ നിലക്കാത്ത ആവേശമാക്കി മാറ്റുകയായിരുന്നു. ഭക്തിയുടെ മഴപെയ്യിക്കുന്ന ഉപദേശങ്ങളും വിശുദ്ധിയുടെ കഥ പറയുന്ന പ്രഭാഷണങ്ങളും ആത്മനിര്‍വൃതിയുടെ പുഴയൊഴുക്കിയിരുന്ന പ്രാര്‍ത്ഥനകളും മനസ്സിലെ മറക്കാനാവാത്ത സ്മരണയായി നിലനില്‍ക്കുന്നു. ജീവിതത്തിലെപ്പോഴെങ്കിലും ആ മഹത്വം അടുത്തറിയാന്‍ ഭാഗ്യം കനിഞ്ഞവര്‍ക്കൊരിക്കലും മഹാനെ വിസ്മരിക്കാനാവില്ല. മൂന്ന് പതിറ്റാണ്ടോളം ആ മഹത്വം അരികുചേര്‍ന്ന് അനുഭവിച്ചതു കൊണ്ടാണ് 2013 ജൂണ്‍ പതിനാറ് ഞായറാഴ്ച മഹാന്റെ വിയോഗവാര്‍ത്തയെത്തിയപ്പോള്‍ കാസര്‍കോടുകാര്‍ മുഴുവനും കരഞ്ഞത്.

keywords : kasaragod-tkm-bava-musliyar-memories-two-year

Tags

Post a Comment

0 Comments

Top Post Ad

Below Post Ad