Type Here to Get Search Results !

Bottom Ad

മോഹന്‍ലാല്‍ പത്താം ക്ലാസ് ടെക്‌സറ്റ് ബുക്കില്‍

തിരുവനന്തപുരം (www.evisionnews.in): വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സംരഭമായ ഡിജിറ്റലൈസ് ചെയ്ത പത്താം ക്ലാസ് ബയോളജി ടെക്സ്റ്റ് ബുക്കില്‍ മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍. 'അല്‍ഷിമേഴ്‌സ് രോഗത്തെ കുറിച്ച് വിശദീകരിക്കുന്ന ഒരു ചെറിയ വീഡിയോയിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. ടെക്സ്റ്റ് ബുക്കിലെ അഞ്ചാം അധ്യായത്തിലാണ് ഈ വീഡിയോ ഉള്ളത്. ആര്‍ക്കും ഇത് കാണാനാവും. മനസ്സിലാകാന്‍ പ്രയാസമുള്ള വിഷയങ്ങള്‍ക്കൊപ്പം അത് വിവിധ ആളുകള്‍ അത് വ്യക്തമാക്കിത്തരുന്ന വിധത്തിലുള്ള ശബ്ദ ശകലത്തിന്റെയും വീഡിയോയുടേയും ചിത്രങ്ങളുടേയും ലിങ്കും ഉണ്ടാകും.
തന്മാത്ര എന്ന ചിത്രത്തിനു വേണ്ടി അല്‍ഷിമേഴ്‌സ് എന്ന രോഗത്തെ കുറിച്ച് കാര്യമായ പഠനങ്ങള്‍ നടത്തിയിട്ടുള്ള മോഹന്‍ലാലിനെ തന്നെയാണ് ആ വിഷയം വിശദമാക്കുന്നതിനായി തീരുമാനിച്ചത്. മാത്രവുമല്ല തങ്ങളുടെ പ്രിയതാരം പറഞ്ഞു തരുമ്പോള്‍ അത് കുട്ടികളുടെ താല്‍പര്യവും വര്‍ധിക്കുമെന്നാണ് ഐ.ടി അറ്റ് സ്‌കൂള്‍ പദ്ധതിയുടെ ഡയറക്ടര്‍ നൗഫല്‍ കെ.ടി പറയുന്നത്.
ഡിജിറ്റല്‍ കൊളാബോറേറ്റീവ് ടെക്സ്റ്റ് ബുക്കിന്റെ ഭാഗമായി ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള ടെക്സ്റ്റ് ബുക്കുകളിലെ മുഴുവന്‍ വിവരങ്ങളും വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഒരു ആശയം തന്നെ 100 വിവിധ വഴികളില്‍ ഇതില്‍ വിശദീകരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ആവശ്യത്തിനായി ഒരു അധ്യാപികയുടെ സഹായം തേടേണ്ടതില്ല.
വിരമിച്ച അധ്യാപകര്‍ക്കൊപ്പം മുന്‍ ഐ.എസ് ആര്‍.ഒ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍, നളിനി നെറ്റോ ഐ.എ.സ്, മന്ത്രി എം.കെ മുനീര്‍ എന്നിവരും പ്രധാനപ്പെട്ട വിഷയങ്ങള്‍ വിശദീകരിക്കുന്ന വീഡിയോകളില്‍ സംസാരിക്കുന്നുണ്ട്. പുതിയ വീഡിയോകള്‍ വെബ്‌സൈറ്റില്‍ ചേര്‍ത്തുകൊണ്ടിരിക്കുകയാണ്.
ഓരോ മേഖലയിലും കഴിവു തെളിയിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളുകളെ കുറിച്ച് സൂചിപ്പിക്കുന്നില്ല എന്നതാണ് നമ്മുടെ ടെക്സ്റ്റുബുക്കുകളുടെ നിരാശാ ജനകമായ വസ്തുത. ഇതില്‍ നിന്നാണ് അത്തരത്തിലുള്ള ആളുകള്‍ സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്താനുള്ള ആശയം ജനിക്കുന്നത്.
ഈ ഉദ്യമത്തിന് മോഹന്‍ലാല്‍ തയ്യാറായി എന്നു മാത്രമല്ല വീഡിയോ ചിത്രീകരിക്കുന്നതിനു മുമ്പ് വിഷയത്തെ കുറിച്ച കാര്യമായ പഠനവും അദ്ദേഹം നടത്തിയിരുന്നു. അത് അദ്ദേഹം മനോഹരമായി അവതരിപ്പിക്കുകയും ചെയ്തു. ആനകളെ കുറിച്ച് പറയുന്ന ഭാഗത്ത് നടന്‍ ജയറാമിനെ ഉള്‍പ്പെടുത്താനും ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. നൗഫല്‍ പറഞ്ഞു.


Post a Comment

0 Comments

Top Post Ad

Below Post Ad