-അഷ്‌റഫ് അലി ചേരങ്കൈ
വര്‍ഷങ്ങള്‍ക്ക് മുമ്പ്, സ്‌കൂള്‍ പഠനക്കാലത്ത് നടത്തിയ ഒരു സമരം ഓര്‍മയില്‍ വരുന്നു.ഗവ.മുസ്ലിം ഹൈസ്‌കൂളിലെ എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ അന്ന് നടത്തിയ സമരം,അന്ന് കാസര്‍കോട് താലൂക്കിലുള്ള എടനീര്‍ സ്‌കൂളില്‍ മലയാളം പഠനം നടത്താനുള്ള അവകാശത്തിനുവേണ്ടിയായിരുന്നു. മാതൃഭാഷയിലുള്ള പഠനം കന്നഡ മാനേജ്‌മെന്റിന്റെ 'ഭാഷാഭ്രാന്ത്' മൂലം അന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിഷേധിക്കപ്പെട്ടപ്പോള്‍ കാസര്‍കോട്ടുള്ള മുഴുവന്‍ മലയാളം വിദ്യാര്‍ത്ഥികളും കാസര്‍കോട്ടുള്ള മുഴുവന്‍ വിദ്യാര്‍ത്ഥിളും മലയാളം പഠിക്കാനുള്ള അഴകാശത്തിനായി തെരുവിലിറങ്ങുകയായിരുന്നു.വിദ്യാര്‍ത്ഥിപ്രക്ഷോഭം കൊണ്ട് കാസര്‍കോട് തിളച്ചുമറിഞ്ഞു.ജീവിതത്തിലാദ്യമായി പോലീസ് അറസ്റ്റ് നേരിട്ടപ്പോഴും പിന്നീട് കോടതി സമന്‍സ് കൈപ്പറ്റുമ്പോഴും വിദ്യാര്‍ത്ഥികളുടെ ആധിയുള്ള മുഖം ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്.
ഈ ഓര്‍മകള്‍ വീണ്ടും കടന്നുവരാന്‍ കാരണം മുപ്പത്തഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞും കാസര്‍കോട് ജില്ലയുടെ ചില ഭാഗങ്ങളില്‍ മാതൃഭാഷയിലുള്ള പഠനം ബാലി കേറാ മലയായി തുടരുന്നുവെന്നറിഞ്ഞപ്പോഴാണ്.ബദിയടുക്കയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മലയാളത്തില്‍ പഠനം നടത്താനുള്ള സൗകര്യം മന:പൂര്‍വ്വം നിഷേധിക്കുന്ന മാനേജ്‌മെന്റ് നിലപാടിനെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്? ധാര്‍ഷ്യമെന്നോ, അഹങ്കാരമെന്നോ എന്ത് തന്നെയായാലും കാസര്‍കോട് അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇന്നും വിദ്യാര്‍ത്ഥികള്‍ മാതൃഭാഷയില്‍ പഠിക്കാന്‍ അനുഭവിക്കുന്ന കഷ്ടപ്പാടിന് അറുതിയായിട്ടില്ല.
കന്നഡഭാഷയോടുള്ള സ്‌നേഹം ഇവിടെ പലപ്പോഴും മലയാള ഭാഷയോടുള്ള ശത്രുതയായി മാറുന്നത് എങ്ങനെയെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.കേരളം ഭാഷാ അടിസ്ഥാനത്തില്‍ വിഭജിച്ചുണ്ടായപ്പോള്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ ഭാഷാന്യൂനപക്ഷങ്ങള്‍ ഉണ്ടായത് സ്വാഭാവികം മാത്രം.അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതും തന്നെയാണ്.പക്ഷെ അത് മലയാള ഭാഷയോടുള്ള അയിത്തമായി തുടരേണ്ടതുണ്ടോ? വലിയ സാംസ്‌കാരിക പാരമ്പര്യമുള്ളവര്‍ എന്ന് അവകാശപ്പെടുമ്പോഴും ഇവരില്‍ പലരുടേയും സങ്കുചിത ചിന്ത മലയാളത്തോട് അവഗണന കാട്ടുന്നു.ഒരു ജനതയ്ക്ക് കാലങ്ങളായി തലമുറകളായി മലയാളഭാഷ പഠിക്കാനുള്ള അവകാശം മാനേജ്‌മെന്റ് സ്‌കൂളുകളുടെ നിലപാട് മൂലം തടയപ്പെടുന്നു.ഇതിനെ കന്നഡ ഭാഷാ സ്‌നേഹം എന്ന് പറയാമോ.തമിഴന്റെ ' ഭാഷാഭ്രാന്ത്' നാം കടമെടുക്കേണ്ടതുണ്ടോ?!
അതിര്‍ത്തി പ്രദേശങ്ങളിലെ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ മാതൃഭാഷയില്‍ പഠനം നടത്താനാവാതെ സ്‌കൂള്‍ പഠനം മുടങ്ങുകയോ,കന്നഡ മാധ്യമത്തില്‍ പഠനം നടത്തപ്പെടാന്‍ നിര്‍ബന്ധിക്കപ്പെടുകയോ ചെയ്യുന്നു.ബദിയടുക്കയിലെ മലയാള പഠനത്തിനായുള്ള സമരം പരാജയപ്പെടരുത്.അന്ധമായ 'ഭാഷാഭ്രാന്ത്' തലപൊക്കാന്‍ അനുവദിക്കരുത്.കന്നഡ ഭാഷയോടൊപ്പം മലയാളം പഠിക്കാനുള്ള കുഞ്ഞുങ്ങളുടെ അവകാശം ഹാനിക്കപ്പെടാതെ നേതാക്കള്‍ പൊതുസമൂഹത്തിനും അധികൃതര്‍ക്കും ബാധ്യതയുണ്ട്.
കന്നഡഭാഷയുടെ അവകാശത്തിന് വേണ്ടി പോരാടുമ്പോള്‍ തൊട്ടടുത്ത മംഗലാപുരം നഗരം വരെ ഒന്നു കണ്ണോടിക്കണം.അതിര്‍ത്തി പ്രദേശമായിട്ടും മലയാളം കണ്ടെത്താന്‍ എവിടേയും കഴിയില്ല.ഏറ്റവും കൂടുതല്‍ മലയാളികള്‍ ഉപയോഗിക്കുന്ന മാംഗഌരു അന്താരാഷ്ട്ര വിമാനതാവളത്തില്‍ മലയാളത്തിലുള്ള അവസ്ഥ എങ്ങനെ സംജാതമായി. ചരിത്രത്തെ നാം പിന്നോട്ട് നടത്തരുത്. ഭാഷയോടുള്ള സ്‌നേഹം ഒരു ജനതയുടെ അമ്മഭാഷാ തടഞ്ഞുകൊണ്ടാവരുത്. ഭാഷയുട പേരില്‍ ഒരുപാട് ദുരിതങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും സാക്ഷ്യം വഹിച്ച കാലം എല്ലാവരും ഓര്‍ക്കുന്നത് നന്ന്...!!!
Keywords:e-muttam-ashrafali-cherangai-malayalam-language
Keywords:e-muttam-ashrafali-cherangai-malayalam-language
Post a Comment
0 Comments