Type Here to Get Search Results !

Bottom Ad

തീരപ്രദേശങ്ങളില്‍ തീക്കാറ്റ്, മലബാര്‍ മേഖലകള്‍ ആശങ്കയില്‍


കോഴിക്കോട് (www.evisionnews.in): ഇടവിട്ട് പെയ്യുന്ന കനത്ത മഴയ്ക്കിടയിലും തീക്കാറ്റെന്ന് വിളിക്കുന്ന അസാധാരണ പ്രതിഭാസമുണ്ടായതോടെ മലബാര്‍ മേഖല ആശങ്കയിലായി. കണ്ണൂര്‍, കോഴിക്കോട് ജില്ലകളുടെ വിവിധ തീരപ്രദേശങ്ങളിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തീക്കാറ്റ് വീശിയത്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മേഖലയിലാണ് ആദ്യം തീക്കാറ്റ് റിപ്പോര്‍ട്ട് ചെയ്തത്. തിക്കോടിക്കടുത്ത് കല്ലകത്ത് കടപ്പുറത്തും കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് ബീച്ച്, സമീപത്തെ എടക്കാട് കടപ്പുറം, ഏഴരക്കടപ്പുറം എന്നിവിടങ്ങളിലുമാണ് ചൊവ്വാഴ്ച തീക്കാറ്റടിച്ചത്. 

കോഴിക്കോട് നഗരത്തിന്റെ തീരപ്രദേശങ്ങളിലും രാവിലെ 6.30നും 7.30നും ഇടയില്‍ ചൂടുകാറ്റ് വീശിയതായി സമീപവാസികള്‍ പറഞ്ഞു. ഗാന്ധി റോഡ്, കസ്റ്റംസ് റോഡ്, കുന്നുമ്മല്‍, മാറാട് എന്നിവിടങ്ങളിലാണ് ചൂടുകാറ്റ് അനുഭവപ്പെട്ടത്. ഇതിനടുത്തുള്ള ചില പ്രദേശങ്ങളില്‍ തണുത്ത കാറ്റും അനുഭവപ്പെട്ടു. കല്ലകത്ത് കടപ്പുറത്ത് ഏതാണ്ട് ഒരു കി.മീ. പ്രദേശത്താണ് കാറ്റനുഭപ്പെട്ടത്. കഴിഞ്ഞ മൂന്ന് ദിവസമായി വടകരയ്ക്കടുത്ത ഇരിങ്ങല്‍, കോട്ടക്കല്‍, അയനിക്കാട്, മടപ്പള്ളി അറക്കല്‍ ക്ഷേത്രം എന്നിവിടങ്ങളിലും തീക്കാറ്റ് അനുഭവപ്പെട്ടിരുന്നു.

എല്ലാം കരിച്ച് കാറ്റ് കാറ്റില്‍ ചെടികളും മരച്ചില്ലകളും പുല്‍പ്പടര്‍പ്പുമെല്ലാം കരിഞ്ഞുണങ്ങുന്ന പ്രതിഭാസം. കാറ്റുള്ള സമയത്ത് അന്തരീക്ഷത്തില്‍ അസ്വാഭാവികമായ ചൂട് അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. മഴയത്ത് പോലും കാറ്റിന് കടുത്ത ചൂട് അനുഭവപ്പെടുന്നുണ്ട്.

അതേസമയം മഴക്കാലത്തെ തീക്കാറ്റിന് ശാസ്ത്രീയമായ കണ്ടെത്തലുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചത്. എന്നാല്‍ അന്തരീക്ഷത്തില്‍ ഉപ്പിന്റെ അളവ് വര്‍ധിച്ചാല്‍ ഇങ്ങനെ സംഭവിക്കാമെന്നും ഇപ്പോഴത്തെ കാരണം ഇതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും കാലാവസ്ഥ നീരിക്ഷണം വൃത്തങ്ങള്‍ അറിയിച്ചു.



Keywords: kerala-news-mazhakkalm-news-kozikkod-hot wind

Post a Comment

0 Comments

Top Post Ad

Below Post Ad