തൃശ്ശൂര്‍: (www.evisionnews.in ശനിയാഴ്ച രാവിലെ തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന് ഒരു പ്രസവമുറിയുടെ അന്തരീക്ഷമായിരുന്നു. യാത്ര ചെയ്യാനെത്തിയ യുവതി പ്രസവവേദനയാല്‍ ഞെളിപിരി കൊണ്ടപ്പോള്‍ ഒരുനിമിഷം എല്ലാവരുമൊന്ന് പകച്ചു. മിനുട്ടുകള്‍ക്കുള്ളില്‍ അഗ്നിശമനസേന ആംബുലന്‍സുമായി പാഞ്ഞെത്തി. അതിനു മുമ്പ് കംഫര്‍ട്ട് സ്റ്റേഷനു പുറത്ത് പ്രസവം നടന്നിരുന്നു.
പൊക്കിള്‍ക്കൊടി മുറിച്ചുനീക്കി അമ്മയെയും കുഞ്ഞിനെയും വേര്‍പെടുത്തുന്നതിനായി പോലീസ് കണ്‍ട്രോള്‍ റൂം മുഖേന ഡോക്ടറുടെ സേവനത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഒരു വനിതാ കണ്ടക്ടര്‍ കുഞ്ഞിനെ കൈയിലെടുത്ത് ആംബുലന്‍സില്‍ കയറ്റി. അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ ജനറല്‍ ആസ്പത്രിയിലേക്ക്. ഇപ്പോള്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
നിലമ്പൂര്‍ സ്വദേശിനിയാണ് കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. രാവിലെ എട്ടുമണിയോടെ മകള്‍ക്കൊപ്പം സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് പ്രസവവേദന അനുഭവപ്പെട്ടത്. അഗ്നിശമനസേന എത്തുമ്പോള്‍ കംഫര്‍ട്ട് സ്റ്റേഷന് പുറത്ത് ചാരിയിരിക്കുകയായിരുന്നു യുവതി. സമീപത്ത് നവജാതശിശുവും. ജനറല്‍ ആസ്പത്രിയില്‍ അമ്മയെയും കുഞ്ഞിനെയും കാത്ത് ഡോക്ടറും നഴ്‌സുമാരും സജ്ജരായിരുന്നു. ആംബുലന്‍സ് എത്തിയ ഉടന്‍ അതിനകത്ത് കയറിയാണ് ഡോക്ടര്‍ പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റിയത്.
ഫയര്‍സ്റ്റേഷന്റെ ചരിത്രത്തിലാദ്യമായാണ് പ്രസവം ഏറ്റെടുക്കേണ്ടിവന്നതെന്ന് അഗ്നിശമനസേനാംഗങ്ങള്‍ പറഞ്ഞു. ഫയര്‍സ്റ്റേഷനിലേക്ക് വിളി വന്നയുടന്‍തന്നെ സ്റ്റേഷന്‍ ഓഫീസര്‍ എ.എല്‍. ലാസറിന്റെ നേതൃത്വത്തില്‍ ലീഡിങ് ഫയര്‍മാന്മാരായ ബല്‍റാം ബാബു, പോള്‍ ഡേവിഡ്, ഫയര്‍മാന്മാരായ വിജില്‍, വിജേഷ്, ഷാജന്‍, ഡ്രൈവര്‍മാരായ സന്തോഷ്, സുരേഷ് എന്നിവര്‍ നിമിഷങ്ങള്‍ക്കകം സ്റ്റാന്‍ഡിലെത്തിയിരുന്നു. ഈ ഘട്ടത്തില്‍ രക്ഷക്കെത്തിയ വനിതാ കണ്ടക്ടറുടെ സേവനം വിലമതിക്കാനാവാത്തതാണെന്ന് ഇവര്‍ പറഞ്ഞു.
Keywords: trisur-ksrtc-fire-force
Post a Comment
0 Comments