Type Here to Get Search Results !

Bottom Ad

ഈ കനത്ത മഴയത്തും കാസര്‍കോടിന്‌ കുടിവെള്ളമില്ല

കാസര്‍കോട്‌: (www.evisionnews.in) ഈ കനത്ത മഴയത്തും കാസര്‍കോടിന്‌ കുടിവെള്ളമില്ല. കാസര്‍കോട്‌ നഗരത്തിലെ കുടിവെള്ള സ്രോതസ്സായ ബാവിക്കര പമ്പ്‌ ഹൗസിലേക്ക്‌ പോകുന്ന വൈദ്യുതി കമ്പികള്‍ പൊട്ടിവീണതോടെയാണ്‌ കുടിവെള്ള വിതരണം താറുമാറായി.

അണങ്കൂരിലും പരിസരപ്രദേശങ്ങളിലും എട്ട്‌ ദിവസമായി കുടിവെള്ള വിതരണം മുടങ്ങി. മൂന്ന്‌ ദിവസം ഇടവിട്ടാണ്‌ ഈ ഭാഗങ്ങളില്‍ കുടിവെള്ള വിതരണം നടത്തിയിരുന്നത്‌. 18നാണ്‌ അവസാനമായി വെള്ളം പമ്പ്‌ ചെയ്‌തത്‌. 20ന്‌ കമ്പിയും തൂണും പൊട്ടിവീണതിനാല്‍ പമ്പ്‌ ഹൗസ്‌ പ്രവര്‍ത്തനം മുടങ്ങി.

മുള്ളേരിയ സബ്‌സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന പ്രദേശമാണിത്‌. മാറ്റി സ്ഥാപിക്കാന്‍ തൂണില്ലാത്തത്‌ കെ.എസ്‌.ഇ.ബിയുടെ പ്രവര്‍ത്തനത്തേയും ബാധിച്ചു. വൈദ്യുതി ലൈനുകള്‍ അധികവും മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ കടന്നുപോകുന്നതിനാല്‍ കാറ്റടിച്ചാല്‍ മരം പൊട്ടി വീണ്‌ ഈ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങുന്നത്‌ പതിവാണെന്ന്‌ വാട്ടര്‍ അതോറിറ്റി അസി. എഞ്ചിനീയര്‍ കെ. ഗിരീഷ്‌ ബാബു പറഞ്ഞു. 18 മുതല്‍ ഇന്നലെ വരെ പൂര്‍ണ്ണമായും പമ്പ്‌ ഹൗസിലേക്കുള്ള വൈദ്യുതി നിലച്ചിരുന്നു. ഇന്നലെ വൈദ്യുതി വന്നെങ്കിലും രണ്ട്‌ മണിക്കൂര്‍ മാത്രമാണ്‌ പമ്പിങ്ങ്‌ നടന്നത്‌.

പമ്പ്‌ ഹൗസില്‍ ജനറേറ്റര്‍ സംവിധാനമില്ല. 15 വര്‍ഷം മുമ്പ്‌ വൈദ്യുതി മുടങ്ങിയാല്‍ ജനറേറ്റര്‍ വെച്ചായിരുന്നു പ്രവര്‍ത്തിപ്പിച്ചിരുന്നത്‌. നിലവിലുള്ള ജനറേറ്റര്‍ ഉപയോഗശൂന്യമായി. പുതിയ മോട്ടോറുകള്‍ ജനറേറ്റര്‍ വെച്ച്‌ പ്രവര്‍ത്തിപ്പിക്കാവുന്നതല്ല. അതിനാല്‍ മൈലാട്ടി സബ്‌ സ്‌റ്റേഷനില്‍ നിന്നും നേരിട്ട്‌ ഭൂമിക്കടിയിലൂടെ വൈദ്യുതി എത്തിക്കുന്ന സംവിധാനം ഉണ്ടായാല്‍ മാത്രമേ ശാശ്വത പരിഹാരമാവുകയുള്ളു. ഇതിനുള്ള സര്‍വ്വെ നേരത്തെ നടന്നിരുന്നുവെങ്കിലും ഇപ്പോഴും ചുവപ്പുനാടയിലാണ്‌. മൂന്ന്‌ കോടി രൂപയോളം ചെലവ്‌ പ്രതീക്ഷിക്കുന്ന ഈ പദ്ധതി നടപ്പിലായാല്‍ കുടിവെള്ള വിതരണം മുട്ടില്ലെന്നാണ്‌ വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്‌.



Keywords: kasaragod-no-drinking-for-water-bavikara

Post a Comment

0 Comments

Top Post Ad

Below Post Ad