ഫത്തുല്ല(ബംഗ്ലാദേശ്): ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശിനെ ഓള്‍ ഔട്ടാക്കി ഫോളോ ഓണ്‍ നല്‍കി വ്യക്തമായ ആധിപത്യത്തോടെയാണ് ഇന്ത്യ മത്സരം അവസാനിപ്പിച്ചത്. എന്നാല്‍ മത്സരം സമനിലയായതോടെ ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങില്‍ ഒരു സ്ഥാനം പിന്നോട്ടിറങ്ങി നാലാമതായി.
അഞ്ചാംദിനം ഏറെ വൈകി ഉച്ചയോടെ മൂന്ന് വിക്കറ്റിന് 111 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിനെ ഇന്ത്യ 256 റണ്‍സില്‍ എറിഞ്ഞുവീഴ്ത്തുകയായിരുന്നു. സ്പിന്നര്‍മാരാണ് ഇന്ത്യന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്. അശ്വിന്‍ അഞ്ചും ഹര്‍ഭജന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. വരുണ്‍ ആരോണിന് ഒരു വിക്കറ്റുണ്ട്.
സൂമി സര്‍ക്കാരിനും (37) ലിറ്റണ്‍ ദാസിനും (44) ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായുള്ളൂ. 72 റണ്‍സെടുത്ത ഇമ്രുള്‍ കൈസാണ് അവരുടെ ടോപ് സ്‌കോറര്‍. രണ്ടാം ഇന്നിങ്‌സില്‍ ഫോളോ ഓണിനായി ബാറ്റിങ്ങിന് ഇറങ്ങിയ തമീം ഇഖ്ബാലും (46 പന്തില്‍ 16) ഇമ്രുള്‍ കൈസും (46 പന്തില്‍ 7) കൂടുതല്‍ നഷ്ടം കൂടാതെ മത്സരം അവസാനിപ്പിക്കുകയായിരുന്നു.
ഇന്ത്യന്‍ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ശിഖര്‍ ധവാനാണ് കളിയിലെ കേമന്‍. ഒരു ടെസ്റ്റ് മാത്രമാണ് പരമ്പരയില്‍ ഉണ്ടായിരുന്നത്.
ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് എടുത്ത ഹര്‍ഭജന്‍ സിങ് ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ഒമ്പതാമത്തെ ബൗളറായി. 102 കളികളില്‍ 416 വിക്കറ്റാണ് ഹര്‍ഭജനുള്ളത്. 104 ടെസ്റ്റുകളില്‍ 414 വിക്കറ്റുള്ള പാകിസ്താന്റെ വസീം അക്രത്തെയാണ് ഇന്ത്യയുടെ ടര്‍ബണേറ്റര്‍ ഇന്ന് മറികടന്നത്.
Keywords: bangladesh-india-in-fourth-rank-in-test-cricket
Post a Comment
0 Comments