എടക്കര: (www.evisionnews.in) ചോരുന്ന വീട്ടില്‍ നിന്നും വന്ന് ഗോള്‍വലക്ക് മുന്നില്‍ ചോരാത്ത കൈകളുമായി നാടിന്റെ പ്രതീക്ഷ കാത്ത എടക്കരയിലെ എം.എസ്. സുജിത്തിന് മുസ്‌ലിം ലീഗ് നിര്‍മിച്ച് നല്‍കുന്ന കാരുണ്യഭവനത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തില്‍. 2014 ഒക്‌ടോബറില്‍ ഡല്‍ഹി അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നടന്ന സുബ്രതോ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ തിങ്ങിനിറഞ്ഞ കളിക്കമ്പക്കാര്‍ക്ക് മുന്നില്‍ വീറുറ്റ പ്രകടനം നടത്തി മികച്ച ഗോള്‍കീപ്പറായി തിരഞ്ഞെടുക്കപ്പെട്ട അറന്നാടംപാടത്തെ എം.എസ്. സുജിത്തിനാണ് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ബൈത്തുറഹ്മ അനുവദിച്ചത്.
വാസയോഗ്യമല്ലാത്ത വീട്ടില്‍ ദുരിത ജീവിതം നയിക്കുന്ന താരത്തിന്റെ അവസ്ഥ തിരിച്ചറിഞ്ഞാണ് ശിഹാബ് തങ്ങളുടെ സ്മരണക്കായി നടപ്പിലാക്കുന്ന ബൈത്തുറഹ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ കമ്മിറ്റി പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എന്നിവര്‍ വീട് അനുവദിച്ചത്. തകര്‍ച്ചാ ഭീഷണി നേരിട്ടിരുന്ന വീട് നോക്കികണ്ട ശേഷം സുജിത്തിനോടും അച്ഛന്‍ മാഞ്ചേരിത്തൊടിക ശശി, അമ്മ സീത എന്നിവരോടെല്ലാം എത്രയും വേഗത്തില്‍ പുതിയ ഭവനത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് തങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ഒരാഴ്ചക്കകം തന്നെ വീടിന്റെ നിര്‍മാണവും ആരംഭിച്ചു.
കുടുംബത്തിന്റെ വിശ്വാസാചാര പ്രകാരം നവംബര്‍ 14ന് ഭാസ്‌കരന്‍ ആചാരി വീടിന് കുറ്റിയടിച്ചു. 30ന് കട്ടിളവെപ്പ് കര്‍മം മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. അറുപത്തിനാല് ദിവസങ്ങള്‍ കൊണ്ട് റെക്കോര്‍ഡ് വേഗത്തിലാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. മൂന്ന് കിടപ്പ് മുറികള്‍, ഡൈനിങ് ഹാള്‍, സിറ്റൗട്ട്, അടുക്കള, അറ്റാച്ച്ഡ് ബാത്ത് റൂം എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ച് ഒന്നാന്തരം വീടാണ് താരത്തിനായി നിര്‍മിച്ചിരിക്കുന്നത്.
ഈമാസം പതിനെട്ടിന് വീട് സുജിത്തിന്റെ കുടുംബത്തിന് കൈമാറാനാണ് പാര്‍ട്ടിയുടെ തീരുമാനം. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, എന്നിവരെല്ലാം പങ്കെടുക്കുന്ന ചടങ്ങിലേക്ക് ഇന്ത്യന്‍ ഫുട്ബാളിലെ കറുത്ത മുത്ത് ഐ.എം. വിജയന്‍, പയ്യോളി എക്‌സ്പ്രസ് പി.ടി. ഉഷ എന്നിവരെയും എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
Keywords: Sujith, Baithu Rahma, IM Vijayan, P.T Usha, IM Vijayan
Keywords: Sujith, Baithu Rahma, IM Vijayan, P.T Usha, IM Vijayan
Post a Comment
0 Comments