കാസര്‍കോട്: (www.evisionnews.in)മീനാകുമാരി റിപ്പോര്‍ട്ട് മറയാക്കി ആഴക്കടല്‍-പുറങ്കടല്‍ മേഖലകള്‍ വിദേശ മത്സ്യകപ്പലുകള്‍ക്ക്തുറന്നുകൊടുത്തതിന് ശേഷം തീരപ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മേല്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും കേന്ദ്ര സര്‍ക്കാര്‍ നടപടിയാരംഭിച്ചിരിക്കുകയാണെന്ന് എസ്.ടി.യു.സംസ്ഥാന വൈസ് പ്രസിഡണ്ട് എ.അബ്ദുല്‍ റഹ്മാന്‍ പ്രസ്താവിച്ചു.
മത്സ്യത്തൊഴിലാളികളെ കഷ്ടത്തിലാക്കുന്ന ഡോ. ബി. മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് അടുത്ത ദിവസമാണ് മോദി സര്‍ക്കാര്‍ അംഗീകരിച്ചത്. കേരളം ഉള്‍പ്പെടെയുള്ള തീര സംസ്ഥാനങ്ങളില്‍ ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 31 വരെ രണ്ടുമാസക്കാലം യന്ത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ മത്സ്യബന്ധന വള്ളങ്ങളും നിരോധിക്കണമെന്നാണ് കേന്ദ്ര മത്സ്യമന്ത്രാലയം ചുമതലപ്പെടുത്തിയ സാങ്കേതിക കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ ആഘാതം ഏല്‍പ്പിക്കുന്ന രീതിയിലാണ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍. നിലവിലുള്ള 48 ദിവസത്തെ മണ്‍സൂണ്‍ കാല ട്രോളിംഗ് നിരോധനം 61 ദിവസമാക്കുക, ഈ കാലയളവില്‍ നിരോധനം ബാധകമായ പഴ്‌സിന്‍ ബോട്ടുകള്‍ക്കൊപ്പം റിംഗ് വലകള്‍ ഉപയോഗിക്കുന്ന വള്ളങ്ങളും എഞ്ചിന്‍ ഘടിപ്പിച്ച ചെറുവള്ളങ്ങളും മത്സ്യബന്ധനം നടത്തുന്നത് നിരോധിക്കുക എന്ന നിര്‍ദ്ദേശവും റിപ്പോര്‍ട്ടിലുണ്ട്. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം(സി.എം.എഫ്.ആര്‍.ഐ) ഡയറക്ടര്‍ ചെയര്‍മാനായ 11 അംഗ കമ്മിറ്റിയാണ് മത്സ്യത്തൊഴിലാളികളെ ഒന്നടങ്കം ഞെക്കിക്കൊല്ലുന്ന രീതിയിലുള്ള ശുപാര്‍ശകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹം മണ്‍സൂണ്‍ കാല മത്സ്യബന്ധനത്തെ ആശ്രയിച്ചാണ് കഴിയുന്നത്. ഇക്കാര്യത്തില്‍ വിവിധ തൊഴിലാളി സംഘടനകള്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ പാടെ തള്ളിക്കൊണ്ടാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 12 നോട്ടിക്കല്‍ മൈലിന് വെളിയില്‍ വിദേശ മത്സ്യ കപ്പലുകള്‍ക്കും ഇതിനകം കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. വിദേശ കപ്പലുകളെ മണ്‍സൂണ്‍ കാല മത്സ്യബന്ധന നിരോധനത്തില്‍നിന്നും ഒഴിവാക്കിയ മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ മത്സ്യത്തൊഴിലാളികളെയാണ് ഇക്കാര്യത്തില്‍ വേട്ടയാടുന്നത്. മത്സ്യത്തൊഴിലാളികളുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്ന സംഘ്‌വാരങ്ങള്‍ നേതൃത്വം നല്‍കുന്ന മോദി സര്‍ക്കാറിന്റെ തുല്യതയില്ലാത്ത തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ പ്രതികരിക്കാന്‍ ഈ മേഖലയിലെ മുഴുവന്‍ തൊഴിലാളി സംഘടനകളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് എ.അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.
keywords : kasaragod-modi-sarkar-stu-fishers-
Post a Comment
0 Comments