കാസര്‍കോട് (www.evisionnews.in): സംസ്ഥാനത്തെ കാമ്പസുകളില്‍ വീണ്ടും തലപൊക്കുന്ന വിദ്യാര്‍ഥി
റാഗിംങുകള്‍ കര്‍ശനമായി നേരിടുവാനും അത് ഭീകരകുറ്റമായി പ്രഖ്യാപിക്കുവാനും
അധികൃതര്‍ തയാറാവണമെന്ന് എംഎസ്എം ദേശീയ പ്രൊഫഷണല്‍ വിദ്യാര്‍ഥി സമ്മേളനം
ആഹ്വാനം ചെയ്തു.
കാമ്പസുകളിലെ സര്‍ഗാത്മക അന്തരീക്ഷത്തെ കുഴിച്ചുമൂടുന്ന റാഗിംങ് വ്യവസ്ഥയെ
തടയിടുവാന്‍ 1998ലെ കേരള റാഗിംങ് നിരോധന ആക്ട് പൂര്‍ണമായി നടപ്പിലാക്കണം.
രണ്ടു വര്‍ഷം വരെ തടവ് ലഭിക്കുന്ന ഈ കുറ്റത്തില്‍ നിന്നും പ്രതികള്‍
രക്ഷപെടുന്നത് സ്ഥാപന മേധാവികളുടെ ഒത്താശയോടെയാണ്. വീഴ്ച വരുത്തുന്ന
സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദ് ചെയ്യുന്നതടക്കമുള്ള കര്‍ശന വ്യവസ്ഥകള്‍
നടപ്പാക്കാന്‍ സര്‍വകലാശാലകള്‍ തയാറാവണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം
ആവശ്യപ്പെട്ടു.
വിവാഹ പൂര്‍വ്വ പ്രേമ ബന്ധങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പാശ്ചാത്യ
സംസ്‌കാരത്തിന്റെ ഉല്‍പന്നമായ വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ നമ്മുടെ
സാംസ്‌കാരിക തനിമയെ ചോദ്യം ചെയ്യുന്നതാണ്. അവിശുദ്ധ ബന്ധങ്ങള്‍ക്ക്
അവസരമൊരുക്കുന്ന ഇത്തരം ആഘോഷങ്ങളെ വാര്‍ത്താ മാധ്യമങ്ങള്‍
മഹത്വപ്പെടുത്തുന്നത് ഖേദകരമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നന്‍മയുടെ
സംസ്‌കാരം പകര്‍ന്ന് നല്‍കാന്‍ മാധ്യമങ്ങള്‍ തയാറാവണം.
സംസ്ഥാന പ്രൊഫഷണല്‍ കാമ്പസുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഓരോ
സര്‍വകലാശാലയും കാമ്പസുകളുടെ റാങ്കിംഗ് പ്രസിദ്ധീകരിക്കണം. അക്കാഡമിക്
നിലവാരത്തിനു പുറമെ ഭൗതിക സൗകര്യങ്ങള്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
എന്നിവയും റാങ്കിംഗിന് മാനദണ്ഡമാക്കണം. സ്വാശ്രയ സ്ഥാപനങ്ങളുടെ ഗുണനിലവാരം
ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണം.
എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് കാമ്പസുകളിലും പി.ജി
കോഴ്‌സുകള്‍ അനുവദിക്കണം. നഴ്‌സിംഗ് മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം.
സംസ്ഥാനത്ത് സര്‍ക്കാര്‍ തലത്തില്‍ ലോ, മാനേജ്‌മെന്റ് പാരാമെഡിക്കല്‍
കോഴ്‌സുകള്‍ക്കായി കോളേജുകള്‍ സ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പ്രോഫ്‌കോണിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച വേദി ഒന്നില്‍ നടന്ന സമ്മേളനം
കര്‍ണ്ണാടക ആരോഗ്യ കുടുബ മന്ത്രി യുടി ഖാദര്‍ ഉദ്ഘാടനം ചെയ്തു. പി.കെ അംജദ്
മദനി അധ്യക്ഷത വഹിച്ചു. എന്‍എഎം ഹാരിസ്, എംഎല്‍എ (കര്‍ണാടക), ബിജെപി
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ. സുരേന്ദ്രന്‍, അഡ്വ. മായിന്‍കുട്ടി
മേത്തര്‍, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മാംഗ്ലൂര്‍ ഇബ്രാഹീം, സൈദ്
പട്ടേല്‍ ബാഗ്ലൂര്‍, മുഹമ്മദ് ഖാന്‍ ഹൈദരാബാദ്, മെഹ്ത്താബ് അംജദ്
ബാംഗ്ലൂര്‍, എംഎസ്എം സംസ്ഥാന പ്രസിഡണ്ട് ടി.കെ ത്വല്‍ഹത്ത് സ്വലാഹി, ശരീഫ്
കാര, അബ്ദുല്‍ മാലിക് സലഫി, ശമീര്‍ മദീനി എന്നിവര്‍ വിവിധ വിഷയങ്ങളില്‍
പ്രബന്ധവതരിപ്പിച്ചു. അഡ്വ. കെ. സുരേന്ദ്രന്‍, മുജാഹിദ് ബാലുശ്ശേരി,
പി.എന്‍ അബ്ദുറഹ്മാന്‍ അബ്ദുല്‍ ലത്വീഫ്, ഫള്‌ലുല്‍ ഹഖ് ഉമരി, ഐ.എസ്.എം
സംസ്ഥാന പ്രസിഡണ്ട് ടി.കെ അശ്‌റഫ് എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.
Keywords: Kasaragod-msm-profcone-campus-raging-state-confere
Post a Comment
0 Comments