കാസര്‍കോട് (www.evisionnews.in): ജില്ലയില്‍ പ്ലസ്ടു തുല്യതാ ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനുളള നടപടികള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ സാക്ഷരതാ സമിതിയോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. സാക്ഷരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍ ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ പ്ലസ്ടു യോഗ്യത നേടാന്‍ രണ്ടായിരത്തോളം പഠിതാക്കള്‍ ഇതിനകം അപേക്ഷ നല്‍കിയിട്ടുണ്ട്. രണ്ടു മാസത്തിനകം ക്ലാസ്സുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഷയങ്ങളിലാണ് തുല്യതാക്ലാസ് നടത്തുന്നത്. ഉന്നത പഠനത്തിനും തൊഴിലിനും ഉപകരിക്കുന്ന പ്ലസ്ടു തുല്യതാക്ലാസ്സില്‍ ചേരാന്‍ ഏറെ പഠിതാക്കള്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. അതുല്യം പദ്ധതിയില്‍ നാലാം ക്ലാസ് തുല്യത നേടുന്നതിന് 313 ക്ലാസുകള്‍ നടത്തിവരുന്നു. ഇതില്‍ 4018 പഠിതാക്കളെത്തി.
ജില്ലയില്‍ സാക്ഷരതാ മിഷനു കീഴില്‍ ഏഴു കേന്ദ്രങ്ങള്‍ മികച്ച തൊഴില്‍ നൈപുണ്യ കേന്ദ്രങ്ങളായി വികസിപ്പിക്കും. മോനാച്ച, മിയാപദവ്, മാവിലാകടപ്പുറം, നെല്ലിക്കുന്ന്, ബേര്‍ക്ക, മുള്ളേരിയ, സാക്ഷരതാകേന്ദ്രങ്ങളും ജില്ലാ പഞ്ചായത്തിനു സമീപത്തെ ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസിലുമാണ് തൊഴില്‍ നൈപുണ്യകേന്ദ്രം. ഈ കേന്ദ്രങ്ങളുടെ ജില്ലാ തല ഉദ്ഘാടനം കാസര്‍കോട് നടത്തും. കന്നടഭാഷാ ന്യൂനപക്ഷ മേഖലയില്‍ സാക്ഷരതാ കോ-ഓഡിനേറ്ററെ നിയമിക്കുന്നതിന് സര്‍ക്കാറിനോട് ആവശ്യപ്പെടും. എം.പി ഫണ്ടില്‍ 67 സാക്ഷരതാകേന്ദ്രങ്ങളില്‍ കമ്പ്യൂട്ടര്‍ അനുവദിക്കാനുളള പി. കരുണാകരന്‍ എം.പി യുടെ തീരുമാനത്തില്‍ ജില്ലാ സാക്ഷരതാസമിതി കൃതജ്ഞത അറിയിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എസ് കുര്യാക്കോസ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സുജാത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി രാജ്‌മോഹന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. മുംതാസ് ഷുക്കൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി. രാഘവന്‍, ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ കെ. ഗിരീഷ്‌കുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം സീനിയര്‍ സൂപ്രണ്ട് എസ്. ശിവകുമാര്‍, സാക്ഷരതാസമിതി എക്‌സിക്യൂട്ടീവ് അംഗം കെ. വി രാഘവന്‍ മാസ്റ്റര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ എം മധുസൂദനന്‍, ജില്ലാമൃഗസംരക്ഷണ ഓഫീസിലെ കദീയത്ത സഫീദ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod-plustwo-equivalent-class-start
Post a Comment
0 Comments