Type Here to Get Search Results !

Bottom Ad

അര്‍ബുദത്തിന് കീഴടങ്ങും മുമ്പ് മോഹസാഫല്യത്തില്‍ കൊച്ചു മേഹക്‌


മുംബൈ: (www.evisionnews.in) മേഹക് സിംഗ് എന്ന ഏഴ് വയസ്സുകാരി ഒറ്റദിവസത്തേക്ക് പോലീസായി. കുഞ്ഞു മേഹകിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയതാവട്ടെ മുംബൈ പോലീസും. കാന്‍സറിനോട് പോരാടി മരണത്തെ മുഖാമുഖം കാണുന്ന മേഹകിന്റെ ആഗ്രഹമാണ് വലുതാകുമ്പോള്‍ ഒരു പോലീസ് ഉദ്യോഗസ്ഥയാകണമെന്നത്. എന്നാല്‍ കാന്‍സര്‍ എന്ന ക്രൂരരോഗം മേഹകിന്റെ സ്വപ്‌നങ്ങള്‍ക്ക് വില്ലനായി. 10 മുതല്‍ 15 വരെ ശതമാനം മാത്രമേ മേഹക് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയുള്ളൂവെന്ന് ഡോക്ടര്‍മാരും വിധിയെഴുതി. 
ഒടുവില്‍ മുംബൈ പോലീസ് തന്നെ നേരിട്ട് എത്തി, അവളുടെ സ്വപ്‌നം സഫലീകരിക്കാന്‍. മാരക രോഗങ്ങളുള്ള കുട്ടികള്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിക്കൊടുക്കുന്ന മേക്ക് എ വിഷ് ഫൗണ്ടേഷനും മുംബൈ പോലീസും ചേര്‍ന്നാണ് മേഹകിനെ കാക്കി യൂണിഫോമും തൊപ്പിയും ധരിപ്പിച്ച് ഒരു ദിവസം ബോയ്‌വാഡ സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥയാക്കിയത്. അത്ഭുതം കൂറുന്ന കണ്ണുകളോടെ അവള്‍ സ്‌റ്റേഷനിലെത്തിയപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. പോലീസ് ഉദ്യോഗസ്ഥരുമായി സമയം ചെലവഴിച്ച് സന്തോഷത്തോടെയാണ് അവള്‍ മടങ്ങിയത്. 
വലുതാകുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥയായി രാജ്യത്തെ സംരക്ഷിക്കണമെന്നും സമൂഹത്തിനായി നന്മയുള്ള കാര്യങ്ങള്‍ ചെയ്യണമെന്നും ആഗ്രഹമുണ്ടെന്ന് അവള്‍ പറഞ്ഞപ്പോള്‍ തങ്ങള്‍ ആ ആഗ്രഹം നിറവേറ്റിക്കൊടുക്കുകയായിരുന്നുവെന്ന് സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ ടണ്ട്വാല്‍ക്കര്‍ പറഞ്ഞു. 
കാന്‍സറിന്റെ അവസാനഘട്ടത്തിലാണ് മേഹക്. മരുന്നുകളും ചികിത്സകളും അവളെ തളര്‍ത്തിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ പരാമവധി ശ്രമത്തിലാണ്. എങ്കിലും അവരും 15 ശതമാനം മാത്രമാണ് രക്ഷപ്പെടാന്‍ സാധ്യതയുള്ളൂവെന്ന് പറയുന്നു. മേഹക് പൂര്‍ണ ആരോഗ്യവതിയായി ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്ന് പ്രാര്‍ത്ഥിക്കാം.


Keywords: Cancer, Mehak, Police, senior,  doctors, drug
Tags

Post a Comment

0 Comments

Top Post Ad

Below Post Ad