കാസര്‍കോട് :(www.evisionnews.in)കളിക്കളത്തില്‍ നിന്ന് വാരികൂട്ടിയ മെഡലുകള്‍ ഇനി ജ്യോതി പ്രസാദിന് സ്വന്തം വീട്ടില്‍ ഭദ്രമായി സൂക്ഷിക്കാം. അത്‌ലറ്റിക്‌സില്‍ മകന്‍ ഓടിമുന്നേറുമ്പോഴും സ്വന്തമായി ഇത്തിരി മണ്ണും തലചായ്ക്കാന്‍ ഒരു വീടും എന്ന ആഗ്രഹം ജ്യോതിപ്രസാദിന്റെ മാതാപിതാക്കളെ എന്നും അലട്ടിയിരുന്നു. ദേശീയ-സംസ്ഥാന സ്‌കൂള്‍ കായികമേളകളില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഈ കായികപ്രതിഭയ്ക്ക് ഇനി വാടക വീട്ടില്‍ നിന്നും പടിയിറങ്ങാം.
മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റവന്യു-സര്‍വ്വെ അദാലത്തില്‍ മന്ത്രി അടൂര്‍ പ്രകാശ് ജ്യോതിപ്രസാദിന് സര്‍ക്കാര്‍ ഭൂമി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കൈമാറി. പട്ടയം ലഭിച്ചുകഴിഞ്ഞാല്‍ വീട് വെയ്ക്കാന്‍ സഹായം മടിക്കൈ പഞ്ചായത്ത് അധികൃതര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. അമ്പലത്തറ വില്ലേജില്‍ ആറ്് സെന്റ് സ്ഥലമാണ് അനുവദിച്ചത്. ഇക്കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 100 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണ്ണമെഡലും റാഞ്ചിയില്‍ നടന്ന ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ 4*100 റീലേയില്‍ സ്വര്‍ണ്ണമെഡലും 100 മീറ്ററിലും 200 മീറ്ററിലും വെങ്കലമെഡലും ജ്യോതി പ്രസാദ് കരസ്ഥമാക്കിയിട്ടുണ്ട്.
നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസിലെ പ്ലസ്ടുവിദ്യാര്‍ത്ഥിയാണ് ടി.കെ. ജ്യോതിപ്രസാദ് .ഒമ്പതുവര്‍ഷം മുമ്പ് കോഴിക്കോട് താമരശ്ശേരിയില്‍ നിന്ന് ജോലി തേടിയാണ് ജ്യോതി പ്രസാദിന്റെ മാതാപിതാക്കള്‍ കാസര്‍കോടെത്തിയത്. 1978 സംസ്ഥാന അമച്വര്‍ അത്‌ലറ്റിക്‌സിലെ ഷോട്ട്പുട്ട് മെഡല്‍ ചാമ്പ്യനാണ് ജ്യോതി പ്രസാദിന്റെ അച്ഛന്‍ രാജന്‍. ടാപ്പിങ് നടത്തിയാണ് ഇദ്ദേഹം കുടുംബം പുലര്‍ത്തുന്നത്.ജ്യോതിപ്രസാദിന്റെ പിതാവ് നല്‍കിയ അപേക്ഷയും മാധ്യമവാര്‍ത്തകളും പരിഗണിച്ചാണ് ഭൂമി അനുവദിച്ചത്.
keywords : kasaragod-jothy-prasad-self-earth-land-hand-over-adhalath
Post a Comment
0 Comments