കാസര്‍കോട് :(www.evisionnews.in)സംസ്ഥാനത്തെ ആദ്യ കാച്ചില്‍കൃഷി ഗ്രാമം എന്ന ഖ്യാതി ഇനി കിനാനൂര്‍- കരിന്തളം ഗ്രാമപഞ്ചായത്തിന് സ്വന്തം. സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പും ശ്രീകാര്യം കേന്ദ്ര കിഴങ്ങ് വര്‍ഗ്ഗഗവേഷണ കേന്ദ്രവും സംയുക്തമായാണ് കാച്ചില്‍ കൃഷി ഗ്രാമപദ്ധതി കിനാനൂര്‍ -കരിന്തളം പഞ്ചായത്തില്‍ നടപ്പിലാക്കിയത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ കൃഷിയിറക്കിയ കിനാനൂര്‍ കരിന്തളം പഞ്ചായത്ത് നിവാസികള്‍ ഇന്ന് കാച്ചില്‍ വിളവെടുപ്പിന്റെ ആഹ്ലാദതിമിര്‍പ്പിലാണ്. വിളവെടുപ്പില്‍ 50-60 ടണ്‍ കാച്ചിലാണ് ഇവര്‍ക്ക് ലഭിച്ചത്. കരിന്തളം കൃഷിഭവന്‍ ഹാളില്‍ നടന്ന കാച്ചില്‍ വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി ശ്യാമളാദേവി നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി. പ്രദീപ് , ഡോ. ജെയിംസ് ജോര്‍ജ്ജ്, ഡോ. സുനിത, ഡോ. ആശ, വാര്‍ഡ്‌മെമ്പര്‍ എം. സുരേന്ദ്രന്‍ , കൃഷി ഓഫീസര്‍ എസ്.പി വിഷ്ണു, കൃഷി അസിസ്റ്റന്റ് ജയപ്രകാശ് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
ശ്രീകാര്യം കേന്ദ്ര കിഴങ്ങ് വര്‍ഗ്ഗഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അത്യുല്പാദനശേഷിയുളള കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ കൃഷിയിറക്കുന്നതിന്റെ ഭാഗമായാണ് കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തില്‍ കാച്ചില്‍കൃഷി പദ്ധതി രൂപകല്‍പ്പന ചെയ്തത്. ജില്ലക്ക് മൊത്തം ആവശ്യമുളള കാച്ചില്‍ ഒരു ഗ്രാമത്തിനെ കേന്ദ്രീകരിച്ച് ഉത്പ്പാദിപ്പിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. 150 കര്‍ഷകരില്‍ കുറഞ്ഞത് 10 സെന്റ് ഭൂമി സ്വന്തമായുളള കര്‍ഷകരെയാണ് ഗുണഭോക്താക്കളായി തെരഞ്ഞെടുത്തത്.ആദ്യ ഘട്ടത്തില്‍ കേന്ദ്രകിഴങ്ങ് വര്‍ഗ്ഗ ഗവേഷണ കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരായ ഡോ. ജെയിംസ് ജോര്‍ജ്ജ്, ഡോ.രവീന്ദ്രന്‍, ഡോ. സുനിത, ഡോ. ആശ എന്നിവരുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് കാച്ചില്‍കൃഷിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച് സമഗ്ര പരിശീലനം നല്‍കി. തുടര്‍ന്ന് കോവൂര്‍-1 എന്ന ഇനത്തില്‍പ്പെട്ട കാച്ചില്‍വിത്ത് ഇവര്‍ക്ക് സൗജന്യമായി വിതരണം ചെയ്തു. പത്ത് സെന്റ് സ്ഥലത്തിന് 100 കി.ഗ്രാം വിത്ത് എന്ന തോതിലാണ് വിതരണം ചെയ്തത്. പഞ്ചായത്തിലാകെ 15 ടണ്‍ വിത്ത് വിതരണം ചെയ്തു. ഏപ്രില്‍, മെയ് മാസത്തിലായിട്ടാണ് ഇവര്‍ കൃഷിയിറക്കിയത്. പൂര്‍ണ്ണമായും ജൈവരീതിയിലായിരുന്നു കൃഷി. കര്‍ഷകര്‍ക്ക് സൗജന്യമായി വിത്തിന് പുറമെ കൃഷി വികസിപ്പിക്കുന്നതിന് 9000 രൂപ ധനസഹായവും ലഭിച്ചു.
ഒമ്പത് മാസത്തോടെ കാച്ചില്‍ വിളവെടുപ്പിന് തയ്യാറായി. ഒരു ചെടിയില്‍ നിന്നും ശരാശരി നാല് കി.ഗ്രാം വിളവാണ് ലഭിച്ചത്. ആകെ 50-60 ടണ്‍ കാച്ചില്‍ ലഭിച്ചു. ഇതില്‍ നിന്ന് മറ്റ്് ജില്ലകളില്‍ കാച്ചില്‍കൃഷി വ്യാപിപ്പിക്കുന്നതിന് 15 ടണ്‍ കേന്ദ്ര കിഴങ്ങു വര്‍ഗ്ഗ ഗവേഷണ കേന്ദ്രം വാങ്ങി. അവശേഷിക്കുന്ന കാച്ചിലുകള്‍ വിപണനം ചെയ്യുന്നതിന് പഞ്ചായത്ത് പ്രസിഡണ്ട്. ആറ് കര്‍ഷക പ്രതിനിധികള്‍, കൃഷി ഓഫീസര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയെ രൂപീകരിച്ചു.
മറ്റ് ബ്ലോക്ക് പഞ്ചായത്തുകളില്‍ കാച്ചിലുകള്‍ കൃഷി ചെയ്യുന്നതിന് കൃഷിഭവനുകള്‍ മുഖേന വിത്തുവിതരണം ചെയ്യാനും പഞ്ചായത്തില്‍തന്നെ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാനുമാണ് പദ്ധതി. വളരെ കുറഞ്ഞ ചിലവില്‍ ആര്‍ക്കും ലാഭകരമായി ചെയ്യാവുന്ന കൃഷിയാണ് കാച്ചില്‍കൃഷി. ഇവയെ വളരെ ചെറിയതോതില്‍ മാത്രമേ കീടങ്ങള്‍ ആക്രമിക്കുന്നുളളൂ എന്നതും ഇതിന്റെ പ്രത്യേകതയാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. പ്രദീപ് പറഞ്ഞു.
keywords : kinanoor-karinthanalam-fisrt-kasaragod-agriculture
Post a Comment
0 Comments