ദുബൈ : (www.evisionnews.in) ഇന്ത്യയില്‍ നിന്നുള്ള വിദേശയാത്രികര്‍ കഴിഞ്ഞ വര്‍ഷം ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യയേക്കാള്‍ ഉപയോഗപ്പെടുത്തിയത് യുഎഇയുടെ വിമാന സര്‍വ്വീസുകളെന്ന് റിപ്പോര്‍ട്ട്. എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ളൈദുബൈ എന്നീ യുഎഇ ക്യാരിയറുകളെയാണ് ഇന്ത്യന്‍ യാത്രക്കാര്‍ ആശ്രയിച്ചത്.
എയര്‍ ഇന്ത്യ വൈകിപ്പറക്കലും മുന്നറിയിപ്പില്ലാതെ സര്‍വ്വീസ് റദ്ദാക്കലും തുടര്‍ക്കഥയാക്കുമ്പോള്‍ ഇതിനിടയില്‍ മറ്റ് വിമാനകമ്പനികള്‍ ലാഭം കൊയ്യുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ അടിവരയിടുന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യയുള്‍പ്പെടെയുള്ള വിമാനങ്ങളെ പിന്നിലാക്കിയാണ് ഇന്ത്യന്‍ യാത്രക്കാര്‍ യുഎഇയുടെ വിമാനങ്ങളെ തെരഞ്ഞെടുത്തത്.
യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്ൈളദുബൈ എന്നീ വിമാനങ്ങളിലാണ് ഇന്ത്യയില്‍ നിന്ന് പുറത്തേക്കും വിദേശങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുമുള്ള യാത്രക്ക് ഇന്ത്യന്‍ യാത്രികര്‍ ഏറെ ഉപയോഗിച്ചത്. ഇന്ത്യയുടെ ഏവിയേഷന്‍ അതോറിറ്റി പുറത്തുവിട്ട കണക്കുപ്രകാരം 2014ല്‍ അബുദാബിയിലെ ഇത്തിഹാദുമായി സഹകരണമുള്ള ജെറ്റ് എയര്‍വേസിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ യാത്രികര്‍ സഞ്ചരിച്ചത്. 55,59,438 യാത്രക്കാര്‍ ജെറ്റ് എയര്‍വേയ്‌സ് ഉപയോഗപ്പെടുത്തി.
49,84,660 യാത്രക്കാരുമായി രണ്ടാം സ്ഥാനത്താണ് ദേശീയ വിമാനകമ്പനിയായ എയര്‍ ഇന്ത്യയുള്ളത്. തൊട്ടുപിറകെയുളള എമിറേറ്റ്‌സില്‍ 48,34,229 പേര്‍ യാത്ര ചെയ്തു. എമിറേറ്റ്‌സിലും ഫ്‌ലൈദുബൈയിലും യാത്രചെയ്തവരുടെ എണ്ണമെടുക്കുമ്പോള്‍ എയര്‍ ഇന്ത്യയുമായി നേരിയ വ്യത്യാസമാണുള്ളത്.
ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബൈ എയര്‍പോര്‍ട്ട് റെക്കോര്‍ഡിട്ടിരുന്നു. ഇതിനോടനുബന്ധിച്ച് തന്നെയാണ് ഇന്ത്യന്‍ യാത്രികര്‍ ഏറെ ആശ്രയിക്കുന്നത് യുഎഇയുടെ വിമാനങ്ങളാണെന്ന കണക്കും പുറത്തുവന്നത്. 2014ല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ യാത്ര ചെയ്ത വിമാനങ്ങളുടെ പട്ടികയില്‍ ആദ്യപത്തില്‍ അഞ്ചെണ്ണവും ഗള്‍ഫ് വിമാനങ്ങളാണ്. വിദേശ വിമാനകമ്പനികള്‍ മികച്ച സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതാണ് നിരക്കിലെ വര്‍ധനപോലും കാര്യമാക്കാതെ എയര്‍ ഇന്ത്യയെ തഴഞ്ഞ് ഇത്തരം കമ്പനികളെ യാത്രക്കാര്‍ ആശ്രയിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
Keywords: Indian passengers, air India, UAE service, Abhudhabi, Ethihad, Jet airways
Post a Comment
0 Comments