Type Here to Get Search Results !

Bottom Ad

സൗദിയില്‍ വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കി ജോലി നേടുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കും


ജിദ്ദ: (www.evisionnews.in)  സൗദിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ജോലിനേടുന്നതിന് തടയിടാന്‍ കര്‍ശന നടപടികള്‍ വരുന്നു. വ്യാജസര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയതെന്ന് തെളിഞ്ഞാല്‍ തടവും നാടുകടത്തലുമുള്‍പ്പെടെ കടുത്ത ശിക്ഷ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രാലയം പൊതുസമ്പര്‍ക്ക വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍മര്‍ഊല്‍ പറഞ്ഞു.
രാജ്യത്ത് ആരോഗ്യ, എഞ്ചിനീയറിംഗ്, അക്കൗണ്ടിംഗ് മേഖലകളടക്കം നിരവധി രംഗങ്ങളില്‍ വ്യാജസര്‍ട്ടിഫിക്കറ്റ് വഴി ജോലി നേടുന്ന പ്രവണതയുണ്ട്. ബിരുദ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ കുടുംബ വിസ ലഭിക്കാത്തതിനാല്‍ ഇതിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നവരുമുണ്ട്. വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രമോഷനും മറ്റും നേടിയെടുക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യാജസര്‍ട്ടിഫിക്കറ്റ് പ്രതികള്‍ക്ക് തടവും സൗദിയില്‍ പ്രവേശനത്തിന് വിലക്കും ഏര്‍പ്പെടുത്തുന്നത്.
എഞ്ചിനീയറിംഗ് രംഗത്ത് ഫിലിപ്പിനോകളും ഇന്ത്യക്കാരുമാണ് വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നവരില്‍ കൂടുതലുമെന്ന് സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സ് ഈയിടെ പ്രസ്താവിച്ചിരുന്നു. അക്കൗണ്ടിംഗ് രംഗത്തും വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമാണ്. ഇത് കണ്ടെത്തി തടയുന്നതിന്റെ ഭാഗമായി അക്കൗണ്ടന്റുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിന് സൗദി അന്താരാഷ്ട്ര കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചു കഴിഞ്ഞു. ഈ മേഖലയിലെ പ്രമുഖ സ്ഥാപനമായി ഡാറ്റാ ഫ്‌ളോ കമ്പനിയുമായാണ് കരാര്‍ ഒപ്പുവെച്ചത്. സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് സെക്രട്ടറി ജനറല്‍ ഡോ. അഹ്മദ് അല്‍മഗാമിസും ഡാറ്റാ ഫ്‌ളോ കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ് കരാറില്‍ ഒപ്പുവെച്ചത്. സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് അംഗത്വത്തിനും ഫെലോഷിപ്പിനും അപേക്ഷിക്കുന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് ഒറിജിനലാണെന്ന് ഉറപ്പുവരുത്തുന്നതിനാണ് കരാര്‍.
ഇനി അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുമായി ഡാറ്റാ ഫ്‌ളോയെ സമീപിക്കണം. ഇതിന് ഫീസും ഈടാക്കും. വ്യാജസര്‍ട്ടിഫിക്കറ്റുകളാണെന്ന് പരിശോധനയില്‍ കണ്ടെത്തിയാല്‍ അപേക്ഷകര്‍ക്കെതിരെ ശിക്ഷാനടപടികളുണ്ടാവും.

evisionnews


Keywords: Saudi arabia, fake certificate, job, enginearing
Tags

Post a Comment

0 Comments

Top Post Ad

Below Post Ad