ചെന്നൈ (www.evisionnews.in): പ്രായപൂര്‍ത്തിയായ കമിതാക്കള്‍ തമ്മില്‍ വിവാഹം കഴിക്കുന്നതില്‍ ഇടപ്പെടാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. രക്ഷിതാക്കളുടെ അനുമതിയില്ലാതെ നടക്കുന്ന പ്രണയവിവാഹങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇങ്ങനെ പരാമര്‍ശിച്ചത്. പ്രായപൂര്‍ത്തിയായവര്‍ക്ക് അതിനുള്ള അവകാശം ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കും അവരുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ടെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. വ്യക്തി സ്വാതന്ത്ര്യം ഓരോ മനുഷ്യനും ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്നതാണെന്നും കോടതി പറഞ്ഞു. അതിനെതിരെ ഇടപ്പെടാന്‍ കോടതിക്ക് സാധിക്കില്ല. നിലവിലെ നിയമങ്ങള്‍ അനുസരിച്ച് ഹര്‍ജിക്കാരന്റെ ആവശ്യം ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും കോടതി വ്യക്തമാക്കി.
മാതാപിതാക്കളുടെ അനുമതിയില്ലാതെ നടക്കുന്ന പ്രണയവിവാഹങ്ങള്‍ ദുരഭിമാനകൊലയ്ക്ക് കാരണമാകുന്നു. ഇത്തരം വിവാഹങ്ങള്‍ നടത്തുന്നതിനെ തടയണമെന്ന് രജിസ്‌ട്രേഷന്‍, പോലീസ് വകുപ്പുകള്‍ക്കും, ക്ഷേത്ര ഭരണസമിതികള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
Keywords: national-marriage-court-lovers-couple-parents-order
Post a Comment
0 Comments