കാസര്‍കോട് :(www.evisonnews.in)പത്ത് ജില്ലകളില്‍ നടത്തിയ റവന്യൂ സര്‍വ്വെ അദാലത്തില്‍ ഇതുവരെ 2,81,167 പരാതികള്‍ പരിഹരിച്ചതായി റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ റവന്യൂ സര്‍വ്വെ അദാലത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 3,44,377 പരാതികളാണ് ഇതുവരെ ലഭിച്ചത്. ഇതില്‍ 81 ശതമാനം പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടു. കോടതിയുമായി ബന്ധപ്പെട്ട കേസുകള്‍ മാത്രമാണ് പരിഹരിക്കാത്തത്. പുതുതായി ലഭിച്ച കാല്‍ ലക്ഷം പരാതികള്‍ തീര്‍പ്പാക്കുന്നതിന് ഊര്‍ജ്ജിതനടപടി സ്വീകരിക്കും.
കണ്ണൂര്‍, തൃശ്ശൂര്‍, കൊല്ലം, എറണാകുളം ജില്ലകളിലാണ് അദാലത്ത് പൂര്‍ത്തീകരിക്കാനുളളത്. ഈ മാസം 24നകം എല്ലാ ജില്ലകളിലും അദാലത്ത് പൂര്‍ത്തീകരിക്കും. റവന്യൂ വകുപ്പിനെക്കുറിച്ചുളള ആക്ഷേപങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം കാണാനും ഇതു വഴി സാധിച്ചു. തന്റേതല്ലാത്ത കാരണത്താല്‍ വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതെ കിടന്ന കേസുകളാണ് അദാലത്തില്‍ തീര്‍പ്പാക്കിയത്.
സാങ്കേതിക പ്രശ്‌നങ്ങളില്‍ പരിഹരിക്കപ്പെടാത്ത കേസുകള്‍ തീര്‍ക്കേണ്ടത് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമാണ്. അദാലത്തിലൂടെ ഈ ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പുതുതായി ലഭിക്കുന്ന പരാതികള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇ- ഡിസ്ട്രിക്ട് പദ്ധതിയിലൂടെ സംസ്ഥാനത്ത് ഇതുവരെ 24 ഇനങ്ങളിലായി 1,16,71,807 സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് റവന്യൂ സര്‍വ്വെ അദാലത്ത് സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ജനപ്രതിനിധികള്‍ക്ക് മാതൃകയായി രണ്ടേക്കര്‍ സ്ഥലം സൗജന്യമായി നല്‍കിയ മഞ്ചേശ്വരം എംഎല്‍എ പി.ബി അബ്ദുള്‍ റസാഖിനെ മന്ത്രി അഭിനന്ദിച്ചു.
keywords : kasaragod-2.81lakh-complaint-solve-minister-adoor-prakash
Post a Comment
0 Comments