കാസര്‍കോട് (www.evisionnews.in): കേബിള്‍ ടിവി മേഖലയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ ശക്തമാവുകയാണെന്നും നിരവധി കുടുംബങ്ങളുടെ ജീവിതോപാധി ഇല്ലാതാക്കുന്ന കെഎസ്ഇബി നിലപാട് തിരുത്താന്‍ അധികൃതര്‍ തയാറാവണമെന്നും കേബിള്‍ ടിവി ഓപ്പറേറ്റര്‍സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന തര്‍ക്കങ്ങള്‍ക്കൊടുവില്‍ കോടതി ഉത്തരവിന് വിധേയമായി കേസില്‍ കക്ഷികളായ ഓപ്പറേറ്റര്‍മാരുടെ കൂടി സാന്നിധ്യത്തില്‍ ഉണ്ടാക്കിയ വ്യവസ്ഥകള്‍ ഒരു വര്‍ഷത്തിനകം ഒരു കൂടിയാലോചനയും കൂടാതെ അട്ടിമറിക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്. ഒരേ തൂണ് ഒന്നിലധികം പേര്‍ക്ക് ആവശ്യമായി വരികയാണെങ്കില്‍ നല്‍കണമെന്നും അങ്ങിനെ നല്‍കുന്ന തൂണിന്റെ വാടക പങ്കിടാന്‍ അവരെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടും ചെവി കൊള്ളാതിരുന്ന കെഎസ്ഇബി ഈ മേഖലയിലേക്കുള്ള കടന്നുവന്ന കുത്തക കമ്പനികളുടെ കടന്ന് വരവിന് അവസരമൊരുക്കുന്നതിനും അവര്‍ക്കാവശ്യമുള്ള തൂണുകള്‍ അനുവദിക്കുന്നതിനും തിടുക്കം കാട്ടിയത് ഏറെ ദുരൂഹത ഉണ്ടാക്കുന്നുവെന്നും യോഗം ചൂണ്ടിക്കാട്ടി.
കേരളത്തിലെ കേബിള്‍ ടിവി പ്രസ്ഥാനത്തിന്റെ നേട്ടങ്ങളെ ഇതര സംസ്ഥാനങ്ങള്‍ അത്ഭുതത്തോടെ നോക്കി കാണുകയും ഈ മേഖലയില്‍ കേരളം കൈവരിച്ച പുരോഗതിയെ മാതൃകയാക്കണമെന്ന് മറ്റു സംസ്ഥാനങ്ങളോട് ഐബി മന്ത്രാലയവും ട്രായിയും ഊന്നിയൂന്നി പറയുമ്പോഴും കേരളത്തില്‍ അധികാരികളുടെ ഭാഗത്തുനിന്ന് അതിന് വേണ്ട പിന്തുണ കിട്ടാതെ പോകുന്നുവെന്നത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്. ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളില്‍ ലളിതമായ നിബന്ധനകളോടെ കുറഞ്ഞ നിരക്കിലാണ് വൈദ്യുതി വകുപ്പ് തൂണുകള്‍ വാടകയ്ക്ക് നല്‍കുന്നത്. എന്നിട്ടും രാജ്യത്ത് ഏറ്റവും കുറഞ്ഞ കേബിള്‍ ടിവി മാസ വരിസംഖ്യ ഈടാക്കുന്നത് കേരളത്തിലാണ്.
കഠിനാധ്വാനം കൊണ്ട് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ നേടിയെടുത്ത കരുത്തിനെ കുത്തകകള്‍ക്കുവേണ്ടി തല്ലി തകര്‍ക്കാനാണ് കെ.എസ്.ഇ.ബി ശ്രമിക്കുന്നതെന്നും ഓപ്പറേറ്റര്‍മാര്‍ക്കും വരിക്കാര്‍ക്കും വിഷമമുണ്ടാക്കുന്ന നിലപാട് തിരുത്താന്‍ ബന്ധപ്പെട്ടവര്‍ തയറായില്ലെങ്കില്‍ പൊതുസമൂഹത്തെ കൂടി സഹകരിപ്പിച്ച് ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
സംസ്ഥാന പ്രസിഡണ്ട് നാസര്‍ ഹസ്സന്‍ അന്‍വര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഷുക്കൂര്‍ കോളിക്കര അധ്യക്ഷത വഹിച്ചു. സതീഷ് കെ.പാക്കം, വിനോദ് കുമാര്‍, പുരുഷോത്തമ എം.നായക് സംസാരിച്ചു.
Keywords: Kasaragod-cable-kseb-coa-tv-varisangya
Post a Comment
0 Comments