കാസര്‍കോട് (www.evisionnews.in): ജീവിതദുരിതങ്ങള്‍ക്കിടയില്‍ വീട് സ്വപ്‌നംകണ്ട് കഴിയുന്ന മൂന്ന് വനിതാ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വക ഭൂമിനല്‍കും. വര്‍ഷങ്ങളായി വാടക വീട്ടില്‍ കഴിയുന്ന മടിക്കൈയിലെ ബ്രിജിതാജോണി, കീഴൂരിലെ പുഷ്പമണി, ഉളിയത്തടുക്കയിലെ സെറീന എന്നിവര്‍ക്കാണ് സര്‍ക്കാര്‍ ഭൂമി നല്‍കുന്നത്. ജില്ലാ ഭരണകൂടത്തിന് നല്‍കിയ അപേക്ഷ പരിഗണിച്ച് ഫെബ്രുവരി പത്തിന് നടക്കുന്ന സര്‍വ്വെ അദാലത്തിലാണ് മൂന്നുപേര്‍ക്കും ഭൂമി അനുവദിക്കുക.
ഇവരുടെ ദൈന്യത കണ്ടറിഞ്ഞ ജില്ലാ പോലീസ് മേധാവിയുടെയും റസിഡന്‍സ് അസോസിയേഷന്റെയും ആഭിമുഖ്യത്തിലുളള റാപ്പിഡ് എന്ന സംഘടന ഇവര്‍ക്ക് വീടും നല്‍കും. മാനവികതയുടെയും മതമൈത്രിയുടെയും സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന മൈത്രി ഭവന പദ്ധതി പ്രകാരമാണ് ഇവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നത്. ജില്ലയിലെ വ്യത്യസ്ത മതവിഭാഗത്തില്‍പ്പെടുന്ന മൂന്നുപേര്‍ക്ക് ഒരേ പ്രദേശത്ത് വീട് നിര്‍മിച്ച് നല്‍കുന്ന പദ്ധതിയാണിത്.
കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന റവന്യൂ സര്‍വ്വെഅദാലത്തില്‍ റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശില്‍ നിന്നും ബ്രിജിതയും പുഷ്പമണിയും സറീനയും പട്ടയം ഏറ്റുവാങ്ങും. മുട്ടത്തോടി വില്ലേജിലെ റി.സ.നം 372 ല്‍പ്പെട്ട അഞ്ച് സെന്റ് വീതം ഭൂമിയാണ് പതിച്ച് നല്‍കുന്നത്. ഇവര്‍ക്ക് സ്ഥലം പതിച്ച് കിട്ടുന്നതോടെ റാപ്പിഡ് ഭവനനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. നാല് ലക്ഷം രൂപ ചെലവില്‍ 600-700 ചതുരശ്രഅടി വിസ്തൃതിയുള്ള വീടാണ് നിര്‍മിക്കുന്നത്. ഈ വര്‍ഷം തന്നെ ഭവനനിര്‍മാണം പൂര്‍ത്തിയാക്കാനാണ് റാപ്പിഡ് ലക്ഷ്യമിടുന്നത്.
ബ്രിജിതയും ഭര്‍ത്താവ് ജോണിയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം മടിക്കൈയില്‍ വാടകവീട്ടിലാണ് താമസിക്കുന്നത്. മൂത്ത രണ്ട് പെണ്‍മക്കളെ കല്യാണം കഴിച്ച് അയച്ചതോടെ, സാമ്പത്തിക ബാധ്യതമൂലം സ്വന്തമായി ഉണ്ടായിരുന്ന സ്ഥലവും വീടും വിറ്റ് വാടകവീട്ടിലേക്ക് മാറുകയായിരുന്നു ഇവര്‍. വീട്ടമ്മയായ ബ്രിജിതയ്ക്കും ലോഡിംഗ് തൊഴിലാളിയായ ഭര്‍ത്താവ് ജോണിനും ഇളയരണ്ട് മക്കളുടെ പഠനം മുന്നോട്ട് കൊണ്ടുപോകുന്നതിനോടൊപ്പം വീടും സ്ഥലവും സ്വന്തമാക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു.
കീഴൂരിലെ എം പുഷ്പമണിയുടെ അവസ്ഥയും വ്യത്യസ്തമല്ല. വിധവയായ ഇവര്‍ 27 വര്‍ഷമായി വാടകവീട്ടിലാണ് താമസം. നാല് മക്കളുടെ അമ്മയായ പുഷ്പമണി മൂത്തമക്കളുടെ വിവാഹം നടത്തികൊടുക്കുന്നതിനിടയില്‍ വീടെന്ന ആഗ്രഹം മാറ്റിനിര്‍ത്തുകയായിരുന്നു. പുഷ്പമണിയുടെ കൂടെ ഇപ്പോഴുളളത് അവിവാഹിതയായ ഇളയമകളാണ്.
ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുമ്പില്‍ പകച്ച് നിന്ന ഉളിയത്തടുക്കയിലെ സറീനയ്ക്കും വീട് യാഥാര്‍ഥ്യമാക്കാനായില്ല. ജില്ലാ ഭരണകൂടം ഭൂമിയും റാപ്പിഡ് ഭവനവും നിര്‍മിച്ച് നല്‍കുന്നതോടെ ബ്രിജിതയുടെയും പുഷ്പമണിയുടെയും സെറീനയുടെയും വീടുകള്‍ മതമൈത്രിയുടെ പ്രതീകങ്ങളാവും.
Keywords:Kasaragod-kerala-purayidam-home-life-problem-adaalath-
Post a Comment
0 Comments