കാസര്‍കോട് (www.evisionnews.in); കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ അത്യാധുനിക രീതിയിലുളള സൗകര്യങ്ങളോടുകൂടി ട്രാഫിക് ട്രെയിനിംഗ് പാര്‍ക്ക് വരുന്നു. അതിനുളള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലെ ഉപയോഗ യോഗ്യമല്ലാത്ത സ്ഥലം ഇതിനായി പ്രയോജനപ്പെടുത്തും. മോട്ടോര്‍ വാഹനവകുപ്പിന്റെ റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് പാര്‍ക്ക് നിര്‍മിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഗതാഗത നിയമങ്ങളിലും റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങളിലും പ്രായോഗിക പരിജ്ഞാനം പകര്‍ന്നുകൊടുക്കുക എന്നതാണ് പാര്‍ക്കിന്റെ പ്രധാന ലക്ഷ്യം.
നമ്മുടെ രാജ്യത്തുളള റോഡുകളുടെ ഒരു മിനിയേച്ചര്‍ മാതൃക എല്ലാ സംവിധാനങ്ങളോടും കൂടി പാര്‍ക്കില്‍ നിര്‍മിക്കും. ഗ്രാമീണ റോഡുകള്‍, ഒരുവരി, രണ്ടുവരി, നാലുവരി പാതകള്‍, ക്രോസ് റോഡുകള്‍, ഫ്‌ളൈഓവര്‍, കയറ്റം, ഇറക്കം, സിഗ്‌സാഗ് റോഡുകള്‍, ഹെയര്‍പിന്‍ വളവുകള്‍, ഇടുങ്ങിയ പാലം, റെയില്‍ക്രോസ് തുടങ്ങിയവയും പാര്‍ക്കിലൊരുക്കുന്നുണ്ട്. എല്ലാവിധ ട്രാഫിക് സിഗ്നല്‍ സംവിധാനവും, സൈന്‍ ബോര്‍ഡുകളും, ലൈന്‍ മാര്‍ക്കിംഗുകളും തുടങ്ങി പാര്‍ക്കിംഗ് രീതികള്‍ വളരെ പ്രായോഗികമായി പരിശോധിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്യുന്നത്.
സിവില്‍ സ്റ്റേഷന്‍ കേമ്പൗണ്ടിലെ തണല്‍മരങ്ങള്‍ മുറിക്കാതെ മലിനീകരണ മുക്തമായ രീതിയിലാണ് ഈ പാര്‍ക്ക് പ്രവര്‍ത്തിക്കുക. ആര്‍എഫ്‌െഎഡി സിസ്റ്റം ഉപയോഗിച്ചുളള ട്രാഫിക് മോണിറ്ററിംഗ് സിസ്റ്റം, നിരീക്ഷണ ക്യാമറ, സ്പീഡ് ഡിറ്റക്ടര്‍ തുടങ്ങി എല്ലാവിധ ആധുനിക സംവിധാനങ്ങളും പാര്‍ക്കില്‍ പരിശീലനത്തിനായി ഒരുക്കും. കൂടാതെ ജില്ലയുടെ പൈതൃകം വിളച്ചോതുന്ന ബേക്കല്‍ കോട്ട, ചന്ദ്രഗിരി കോട്ട, മാലിക്ദിനാര്‍, അനന്തപുരം ക്ഷേത്രം തുടങ്ങിയവയുടെ മാതൃകകള്‍ കൂടി പാര്‍ക്കില്‍ ഉള്‍പ്പെടുത്തും. വിവിധ തരത്തിലുളള ഇലക്ട്രിക് വാഹനങ്ങള്‍ പാര്‍ക്കില്‍ ട്രെയിനിംഗിനായി ഉണ്ടാകും.
ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെ വിദ്യാര്‍ത്ഥികളുടെ വിവിധ ഗ്രൂപ്പുകള്‍ക്ക് പാര്‍ക്ക് ഉപയോഗിക്കാവുന്ന രീതിയിലാണ് പാര്‍ക്ക് രൂപകല്‍പ്പന ചെയ്യുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രാക്ടിക്കല്‍ ട്രെയിനിംഗിന് മുമ്പായി സിവില്‍ സ്റ്റേഷനില്‍ സജ്ജമാക്കുന്ന റോഡ് സേഫ്റ്റി ട്രെയിനിംഗ് സെന്ററില്‍ പരിശീലനം നല്‍കും. ട്രെയിനികളുടെ കഴിവ് അളക്കുന്നതിനുളള ടെസ്റ്റുകള്‍, ഗെയിമുകള്‍ തുടങ്ങി വിജ്ഞാനപ്രദവും വിനോദപ്രദവുമായ ഒട്ടനവധി കാര്യങ്ങള്‍ പാര്‍ക്കിലുണ്ടാകും. ട്രാഫിക് ട്രെയിനിംഗ് പാര്‍ക്കില്‍ പരിശീലനം ലഭിച്ച ട്രെയിനര്‍മാരുടെ സേവനവും ലഭ്യമായിരിക്കും.
Keywords: Kasaragod-civil-station-training-sign-traffic-training-park
Post a Comment
0 Comments