കൊച്ചി: (www.evisionnews.in) കച്ചേരിപ്പടി ഗാന്ധിഭവന്റെ മുമ്പില്‍ സ്ഥാപിച്ച ഗാന്ധിജിയുടെ പ്രതിമ എടുത്തുമാറ്റാനുള്ള റവന്യൂ അധികൃതരുടെ ശ്രമം ഗാന്ധി പീസ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രതിമ നീക്കാന്‍ അനുവദിക്കില്ലെന്ന് പ്രവര്‍ത്തകര്‍ നിലപാടെടുത്തതോടെ അടര്‍ത്തിയെടുത്ത പ്രതിമ തിരികെ സ്ഥാപിച്ച് അധികൃതര്‍ തടിയൂരി. വിഷയം ചര്‍ച്ച ചെയ്യാന്‍ 26 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ പ്രത്യേക യോഗവും വിളിച്ചിട്ടുണ്ട്.
ശനിയാഴ്ച രാവിലെ 9 മണിയോടെ കച്ചേരിപ്പടിയിലാണ് സംഭവം. റോഡിനോടു ചേര്‍ന്ന് ഗാന്ധി പീസ് ഫൗണ്ടേഷന്റെ സ്ഥലത്ത് സ്ഥാപിച്ചിരുന്ന പ്രതിമയാണ് അധികൃതര്‍ പൊളിച്ചു മാറ്റിയത്. സംഭവമറിഞ്ഞ് ജസ്റ്റിസ് ഷംസുദ്ദീനും ഫൗണ്ടേഷന്‍ ചീഫ് വര്‍ക്കര്‍ വി.എം. മാര്‍ട്ടിനും സ്ഥലത്തെത്തി. അപ്പോഴേക്കും ഗാന്ധി പ്രതിമ പൊളിച്ച് ടിപ്പര്‍ ലോറിയില്‍ കെട്ടിവെച്ച നിലയിലായിരുന്നു. ഡെപ്യൂട്ടി താസില്‍ദാറുടെ മേല്‍നോട്ടത്തില്‍ അഞ്ച് തൊഴിലാളികള്‍ ചേര്‍ന്നാണ് പ്രതിമ അടര്‍ത്തി മാറ്റിയത്.
ഗാന്ധി പീസ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ ലോറിക്കു മുമ്പില്‍ നില്‍ക്കുകയും പ്രതിമ കൊണ്ടുപോകുന്നത് തടയുകയും ചെയ്തു. നാട്ടുകാരും പ്രതിഷേധത്തില്‍ പങ്കാളികളായി. ഇതോടെ പ്രതിമ കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയായി. ശേഷം ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് പ്രതിമ പൂര്‍വ സ്ഥിതിയില്‍ സ്ഥാപിക്കാന്‍ തീരുമാനമായി. അതോടെയാണ് പ്രതിഷേധം തീര്‍ന്നത്.
കച്ചേരിപ്പടിയില്‍ ഗാന്ധി പീസ് ഫൗണ്ടേഷന്റെ കൈവശമുള്ള 26 സെന്റ് സ്ഥലത്തില്‍ 8.5 സെന്റ് മെട്രോ നിര്‍മാണത്തിനായി നേരത്തെ കൈമാറിയിരുന്നു. സ്ഥലത്തിന്റെ നടുവിലൂടെയാണ് മെട്രോ കടന്നുപോകുന്നത്. ബാക്കിയുള്ളതില്‍, റോഡിനോടു ചേര്‍ന്നുള്ള മൂന്ന് സെന്റ് സ്ഥലത്താണ് പ്രതിമ നിന്നിരുന്നത്.
Keywords: Gandhi, Kochi, metro, Kacherippadi, Gandhi foundation,
Post a Comment
0 Comments