Type Here to Get Search Results !

Bottom Ad

സംസ്ഥാന കലോത്സവത്തില്‍ അപ്പീലിലൂടെ മത്സരിച്ച 61 പേര്‍ക്ക് ഒന്നാം സ്ഥാനം



കോഴിക്കോട്:  (www.evisionnews.in)  സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അപ്പീലുകാര്‍ എന്തെല്ലാം പഴി കേട്ടു. കഴിവുകെട്ടവര്‍ക്കുള്ള കുറുക്കുവഴി, മത്സരങ്ങളുടെ സമയക്രമം തെറ്റിച്ചു, ഇതിന് അറുതി വരുത്തണം... തുടങ്ങി കൂട്ടത്തോടെയുള്ള ആക്രമണം. ഇതെല്ലാം കേട്ട് അപ്പീലുകള്‍ ഇനി കര്‍ശനമായി നിയന്ത്രിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.
പക്ഷേ, വസ്തുത മറ്റൊന്നാണ്. സംസ്ഥാന കലോത്സവത്തിലെ 194 മത്സര ഇനങ്ങളില്‍ 118 ലും ആദ്യ മൂന്ന് സ്ഥാനങ്ങളിലെ മേധാവിത്വം അപ്പീലുകാര്‍ക്കാണ്. 61ലും അപ്പീലുകാര്‍ ഒന്നാം സ്ഥാനത്തെത്തി.
അപ്പീലുകളില്ലായിരുന്നെങ്കില്‍ മിടുക്കരായ ഇത്രയും കുട്ടികള്‍ ജില്ലാ തലത്തില്‍ ഒടുങ്ങുമായിരുന്നു. സംസ്ഥാന കലോത്സവം എത്രത്തോളം പ്രഹസനമാവുന്നു എന്നതിന്റെ നേര്‍ ചിത്രമാണ് ഈ കണക്ക്.
ഹൈസ്‌കൂള്‍ വിഭാഗത്തിലെ 89 ഇനങ്ങളില്‍ 29 എണ്ണത്തിലും ഒന്നാം സ്ഥാനം അപ്പീലുകാര്‍ക്ക്. 52 മത്സരങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഒന്നും ഇവര്‍ നേടി. ഹയര്‍സെക്കന്‍ഡറിയില്‍ 105 ഇനങ്ങള്‍. ഇതില്‍ 32 ഒന്നാം സ്ഥാനം അപ്പീലുകാര്‍ക്ക്. 66 മത്സരങ്ങളില്‍ ആദ്യമൂന്ന് സ്ഥാനങ്ങളിലും ഇവരുണ്ട്.
സംഘനൃത്തത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച കോഴിക്കോട് പ്രസന്റേഷന്‍ സ്‌കൂളിലെ നയന കൃഷ്ണയ്ക്കും സംഘത്തിനും ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത പോലും ഇല്ലെന്നായിരുന്നു ചേവായൂര്‍ സബ് ജില്ലാ മത്സരത്തിലെ ജൂറിമാര്‍ വിധിയെഴുതിയത്. സംസ്ഥാന ബാലാവകാശ കമ്മിഷനാണ് ഇവര്‍ക്ക് ജില്ലയില്‍ മത്സരിക്കാന്‍ അവസരമൊരുക്കിയത്. കോഴിക്കോട്ട് വെന്നിക്കൊടി പാറിച്ച് ഇവര്‍ ജൂറിമാരുടെ പൊള്ളത്തരം തുറന്നു കാട്ടുകയും ചെയ്തു.
സബ് ജില്ലകളില്‍ നിന്നും ജില്ലകളില്‍ നിന്നും യഥാര്‍ത്ഥ പ്രതിഭകളെ കണ്ടെത്താനാവാതെ വരുന്നത് യോഗ്യതയില്ലാത്തവര്‍ ജൂറിമാരായി വരുന്നതുകൊണ്ടാണെന്ന് കലാപരിശീലകര്‍ പറയുന്നു. ഇത്തരം ജൂറിമാരെ സ്വാധീനിക്കാന്‍ എളുപ്പവുമാണ്. നല്ല പ്രതിഫലം കൊടുത്താലേ മികച്ച ജൂറിമാരെ കൊണ്ടുവരാനാകൂ. അതിനുള്ള ഫണ്ട് ലഭിക്കാറില്ലെന്നാണ് ഉപജില്ലാ ജില്ലാതല മത്സരങ്ങളുടെ സംഘാടകര്‍ പറയുന്നത്.


Keywords: State kalolsavam, Appeal, 61 persons first, jury

Post a Comment

0 Comments

Top Post Ad

Below Post Ad