*ഐ.പി.എല്‍. വാതുവെപ്പു കേസില്‍ മെയ്യപ്പനും രാജ് കുന്ദ്രയും കുറ്റക്കാര്‍
* മത്സരിക്കണമെങ്കില്‍ സൂപ്പര്‍ കിങ്‌സിന്റെ ഉടമസ്ഥാവകാശം ഉപേക്ഷിക്കണം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാമെന്ന മുന്‍ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്റെ കണക്കുകൂട്ടലിന് കനത്ത തിരിച്ചടി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ടീം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉടമയായ ശ്രീനിവാസന് ടീമിന്‍റെ ഉടമസ്ഥാവകാശവും ടീമിലുള്ള വാണിജ്യ താത്പര്യവും ഉപേക്ഷിക്കാത്തിടത്തോളം കാലം മത്സരിക്കാനാവില്ലെന്ന് സുപ്രീംകോടതി വിധിച്ചു. 2013-ലെ ഐ.പി.എല്‍. അഴിമതിക്കേസ്സ് അന്വേഷിച്ച ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജസ്റ്റിസുമാരായ ടി.എസ്. താക്കൂര്‍, ഫക്കീര്‍ മുഹമ്മദ് ഇബ്രാഹിം ഖലീഫുള്ള എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ചിന്റെ നടപടി. ആറാഴ്ചയ്ക്കുള്ളില്‍ ബി.സി.സി.ഐ. തിരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി ഉത്തരവിട്ടു. ഇപ്പോഴത്തെ നിലയില്‍ ശ്രീനിവാസന് മത്സരിക്കാനാവില്ല.
* മത്സരിക്കണമെങ്കില്‍ സൂപ്പര്‍ കിങ്‌സിന്റെ ഉടമസ്ഥാവകാശം ഉപേക്ഷിക്കണം
ഐ.പി.എല്‍. വാതുവെപ്പില്‍ സൂപ്പര്‍ കിങ്‌സിന്റെ ടീം പ്രിന്‍സിപ്പലും ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പന്‍, രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ് കുന്ദ്ര എന്നിവര്‍ കുറ്റക്കാരാണെന്നും കോടതി വിധിച്ചു. മെയ്യപ്പനും കുന്ദ്രയ്ക്കും സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്കും നല്‍കേണ്ട ശിക്ഷ തീരുമാനിക്കാന്‍ സുപ്രീംകോടതി മുന്‍ ജസ്റ്റിസുമാരായ ആര്‍.എം. ലോധ, അശോക് ഭന്‍, ആര്‍.വി. രവീന്ദ്രന്‍ എന്നിവരടങ്ങിയ മൂന്നംഗസമിതിയെ നിയോഗിച്ചു. ബി.സി.സി.ഐ. ഭരണഘടനയില്‍ വരുത്തേണ്ട മാറ്റങ്ങളും മൂന്നംഗസമിതി പരിഗണിക്കും. വാതുവെപ്പുകേസില്‍ ആരോപണവിധേയനായ ഐ.പി.എല്‍. ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സുന്ദര്‍ രാമനെതിരെ തുടരന്വേഷണത്തിന് കോടതി ഉത്തരവായിട്ടുണ്ട്.
പതിനെട്ടുമാസം നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവിലാണ് സുപ്രീംകോടതിയുടെ 130 പേജുള്ള വിധി. ബി.സി.സി.ഐ. പൊതുസ്ഥാപനമാണെന്നും അതിന്റെ നടപടികള്‍ നീതിന്യായവ്യവസ്ഥയ്ക്ക് വിധേയമാക്കണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
ശ്രീനിവാസനെതിരെ ശ്രദ്ധേയമായ നിരീക്ഷണങ്ങളാണ് സുപ്രീംകോടതി നടത്തിയിട്ടുള്ളത്. സൂപ്പര്‍ കിങ്‌സിന്റെ ഉടമസ്ഥതലത്തില്‍ മെയ്യപ്പന് ബന്ധമൊന്നുമില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രീനിവാസന്‍ ബോധപൂര്‍വമായ ശ്രമം നടത്തി. 2008 ല്‍ ശ്രീനിവാസന്‍ ബി.സി.സി.ഐ. ഭരണഘടനയിലെ 6.2.4 ചട്ടം ഭേദഗതി ചെയ്തത് സ്വന്തം താത്പര്യത്തിനുവേണ്ടിയാണ്. ബി.സി.സി.ഐ. ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഐ.പി.എല്‍. ടീമിന്റെ ഉടമസ്ഥത വഹിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നതായിരുന്നു ഈ ഭേദഗതി. ശ്രീനിവാസന് ഐ.പി.എല്‍. ടീമിന്റെ ഉടമസ്ഥതയ്ക്ക് നിയമപപരിരക്ഷയൊരുക്കലായിരുന്നു ഇതിന്റെ ഉദ്ദേശ്യം. ഇന്ത്യന്‍ സിമന്റ്‌സില്‍ നേരിയ ഓഹരിയേ ഉള്ളൂവെന്ന വാദം അംഗീകരിക്കാനാവില്ല, കാരണം അദ്ദേഹത്തിന്റെ കുടുംബത്തിനാണ് കമ്പനിയില്‍ കൂടുതല്‍ ഓഹരി. ബി.സി.സി.ഐ. അധ്യക്ഷനായിരിക്കേ, ഐ.പി.എല്‍. ടീമിന്റെ ഭാഗമായ ശ്രീനിവാസന്റെ നടപടി ഭിന്ന താത്പര്യമാണ്. 'ശ്രീനിവാസന്‍ അഴിമതിയില്‍ പങ്കാളിയായതിന് എല്ലാ സാധ്യതകളുമുണ്ട്. എന്നാല്‍, അതിനു മതിയായ തെളിവുകളില്ല.'-കോടതി നിരീക്ഷിച്ചു.
സ്വാഭാവികനീതിയുടെ ലംഘനമാണ് ബി.സി.സി.ഐ.യുടെ 6.2.4 ചട്ടഭേദഗതിയെന്നും ലക്ഷക്കണക്കിന് കാഴ്ചക്കാരുടെ പ്രതീക്ഷകള്‍ പരിഗണിച്ച് ബി.സി.സി.ഐ. വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ശ്രീനിവാസന് ഭിന്ന താത്പര്യങ്ങളുണ്ടെന്നു നിരീക്ഷിച്ചെങ്കിലും ഐ.പി.എല്‍. ടീമുകളില്‍ പരിശീലകരോ ഉടമകളോ ആയിരുന്ന മുന്‍കളിക്കാര്‍ക്ക് ഇത് ബാധകമാക്കില്ല. പ്രൊഫഷണല്‍ സംഭാവനകളും വ്യവസായതാത്പര്യവും രണ്ടും രണ്ടാണെന്ന് ഇക്കാര്യം വ്യക്തമാക്കി സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
Keywords: Shreeni, out, bcci, election, chennai, owner
Keywords: Shreeni, out, bcci, election, chennai, owner
Post a Comment
0 Comments